ശ്രീലങ്ക: ഒരു കണ്ണുനീർക്കണം…

ശ്രീലങ്ക:
ഒരു കണ്ണുനീർക്കണം.. ഒരു മന്ദഹാസം, ഒരു പൊട്ടിച്ചിരി, പിന്നെയൊരു നേർത്ത തേങ്ങൽ…

ആകൃതി കൊണ്ട് “ഭാരതത്തിന്റെ കണ്ണുനീർക്കണം” എന്നറിയപ്പെടുന്ന നമ്മുടെ അയൽ രാജ്യം. അതിതിനുമപ്പുറം ഭാരതത്തിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുമ്പ് കുടിയേറിയ വലിയ ഒരു വിഭാഗം ജനങ്ങൾ ജീവിക്കുന്ന ഒരു രാജ്യം, കൂടാതെ ഭാരതത്തിന്റെ ബാഹ്യ സുരക്ഷയെ അടിസ്ഥാനമാക്കി തന്ത്രപരമായി ഭാരത്തിന് സമീപം സ്ഥിതിചെയ്യുന്ന ഒരു ദ്വീപ് എന്നിങ്ങനെ ശ്രീലങ്ക നമ്മെ സംബന്ധിച്ചിടത്തോളം ചേർത്ത് നിർത്തേണ്ട ഒരു അയൽ രാജ്യമാണ്. അവിടെ നടക്കുന്ന ഓരോ ചലനങ്ങളും നമ്മെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാധിക്കുന്നതുമാണ്.

ഇപ്പോൾ അവിടെ ഉണ്ടായിരിക്കുന്ന എല്ലാ പ്രതിസന്ധികൾക്കും കാരണം ഭരണ നേതൃത്വത്തിന്റെ കഴിവുകേടും അഴിമതിയും കൊണ്ടുണ്ടായതാണ്. ഭരണ രംഗത്ത് കുടുംബാധിപത്യത്തിന്റെ അതിപ്രസരവും വികസനത്തിന്റെ പേരിൽ സൃഷ്ടിച്ച അതിഭീമമായ കടക്കെണിയും ശ്രീലങ്കയെ തലകീഴായി മറിച്ചു. കേരളത്തിന്റെ ആരോഗ്യപരിപാലന സംവിധാനങ്ങൾ സിപിഎമ്മുകാർ യൂറോപുമായി താരതമ്യം ചെയ്യുന്നത് കേട്ട് കൈയ്യടിക്കുന്ന മലയാളി സഖാക്കൾ കേരളത്തെ ശ്രീലങ്കയുമായി ഒന്ന് താരതമ്യം ചെയ്ത് നോക്കണം. കാരണം ഇന്ന് കേരളത്തെ താരതമ്യം ചെയ്യാൻ പറ്റിയ ഒരു രാജ്യമാണ് ശ്രീലങ്ക. ഈ വിഷയം നമ്മൾ കൃത്യമായി ചർച്ച ചെയ്യേണ്ടതുണ്ട്.

ശ്രീലങ്കൻ ഭരണകൂടം വൈകിയാണെങ്കിലും സ്വയം തെറ്റുകൾ ഏറ്റു പറഞ്ഞ് ഭരണത്തിൽ മാറ്റങ്ങൾ വരുത്താൻ തയ്യാറാകുന്നു എന്നത് വളരെ ശുഭസൂചകമാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് റനിൽ വിക്രമസിംഗെയെ രാജ്യഭരണം ഏല്പിച്ചത്.

എന്തുകൊണ്ട് വിക്രമസിംഗെ?
രാജ്യാന്തര സമൂഹത്തിന് വിക്രമസിംഗെയെ പ്രത്യേകമായി പരിചയപ്പെടുത്തേണ്ടതില്ല എന്നതാണ് സുപ്രധാനമായ ഒരു കാരണം. 73 കാരനായ വിക്രമസിംഗെ നാല് പതിറ്റാണ്ടിലേറെയായി ശ്രീലങ്കൻ നിയമനിർമ്മാണ സഭയിലെ വിദഗ്ദ്ധനായ രാഷ്ട്ര തന്ത്രജ്ഞനാണ്. അദ്ദേഹത്തിന് വിശാലമായ അന്തർദേശീയ ബന്ധങ്ങളുണ്ട്, കൂടാതെ പരസ്പര ചർച്ചകളിലൂടെ കാര്യങ്ങൾ കൃത്യമായി നടത്തിയെടുക്കാൻ കഴിവുള്ള ഒരു ഭരണാധിപനായും അദ്ദേഹം കണക്കാക്കപ്പെടുന്നു. ഭാരതവുമായി നല്ല ബന്ധം പുലർത്തിയിരുന്ന വിക്രമസിംഗെയുടെ തിരിച്ചു വരവ് എന്തുകൊണ്ടും മോദി സർക്കാരിനും ആശ്വാസം പകരുന്നതാണ്.

ശ്രീലങ്ക ഇന്റർനാഷണൽ മോണിറ്ററി ഫണ്ടുമായി ഒരു ബെയ്‌ൽഔട്ട് പാക്കേജ് ചർച്ച ചെയ്യുന്നതിനാൽ അന്താരാഷ്ട്ര വിശ്വാസ്യത വീണ്ടെടുക്കാനുള്ള ശ്രമമാണ് വിക്രമസിംഗെയുടെ തിരഞ്ഞെടുപ്പ് എന്നത് മറ്റൊരു കാരണമായി കരുതാം.

കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ തന്നെ ഒമ്പത് പേരെങ്കിലും കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിലൂടെ കാര്യങ്ങൾ അത്യന്തം വഷളായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്. ഈ പുതിയ നീക്കത്തിലൂടെ ആഭ്യന്തര കലാപം ശമിപ്പിക്കാൻ കഴിയുമെന്നാകും പ്രസിഡന്റ് രാജപക്‌സെ പ്രതീക്ഷിക്കുന്നത്. അതു തന്നെ നമുക്കും പ്രതീക്ഷിക്കാം. പുതിയ പ്രധാനമന്ത്രിക്കും ശ്രീലങ്കയ്ക്കും എല്ലാവിധ നന്മകളും ആശംസിക്കുന്നു.
SJR Kumar
കടപ്പാട്: ഒരു കണ്ണുനീർക്കണം.. ഒരു മന്ദഹാസം, ഒരു പൊട്ടിച്ചിരി, പിന്നെയൊരു നേർത്ത തേങ്ങൽ… ശ്രീകുമാരൻ തമ്പിയുടെ ഒരു കണ്ണുനീർക്കണം എന്ന കവിതയിൽ നിന്നും.