ശബരിമല തീർത്ഥാടനം – ഒരു കന്നി മാളികപ്പുറത്തിൻ്റെ അനുഭവം

എൻ്റെ പ്രിയപ്പെട്ടവർ ഇത് വായിക്കാതെ പോകരുത്.
അല്പം ദീർഘമായ പോസ്റ്റ് ആണെങ്കിലും അഞ്ചു മിനിട്ട് ഇതിനു വേണ്ടി ചെലവഴിക്കുക.

മുംബൈയിൽ നിന്ന് ശബരിമല ദർശനത്തിനു തിരിച്ച ഒരു വീട്ടമ്മ ശ്രീമതി. ലീനാ നായർ എഴുതിയ  കുറിപ്പ്..

സ്വാമിയേ ശരണമയ്യപ്പ


തികച്ചും ഉത്സാഹത്തോടെ കലിയുഗവരദൻ്റെ  കന്നി ദർശനത്തിനായി പുറപ്പെട്ട മാളികപ്പുറത്തിൻ്റെ ഈ പോസ്റ്റ് നമ്മെ  വിഷമിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്.


ജനകോടികളുടെ അഭയ സങ്കേതമായ  ശബരിമലയെ തകർക്കാനുള്ള ചില ആസുരിക ശക്തികളുടെ  ആസൂത്രിത ശ്രമമാണോ തീർത്ഥാടനം ദുഃസ്സഹമാക്കി ഭക്തരെ ബുദ്ധിമുട്ടിപ്പിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇനിയെങ്കിലും അധികാരികൾ ഇത് തിരിച്ചറിയണം.


മറക്കാത്ത മലയാത്ര…

ഞങ്ങൾ മുംബൈ ഐരോളിയിൽ നിന്നും 46 സ്വാമിമാർ അടങ്ങുന്ന  ഗ്രൂപ്പ്‌ വളരെ ചിട്ടയോടെ ഞങ്ങളുടെ ഗുരുസ്വാമിയായ ശ്രീ മാവേലിക്കര രാധാകൃഷ്ണസ്വാമി യുടെ അനുഗ്രഹത്താൽ കെട്ടുമുറുക്കി ഗുരുസ്വാമിമാരായ ശ്രീ രവീന്ദ്രസ്വാമി, ശ്രീ മുരളിസ്വാമി ശ്രീ ഭാസ്കർ സ്വാമി
എന്നിവരുടെ നേതൃത്വത്തിൽ ശബരിമലയിലെ അയ്യപ്പ ദർശനത്തിനായി ഡിസംബർ 30 നു യാത്ര തിരിച്ചു.

ഇരുപത്തഞ്ചു വർഷത്തിലേറെയായി വളരെ നല്ലരീതിൽ മലകയറി തൊഴുതു വരുന്ന സ്വാമിമാരാണ് ഞങ്ങളുടെ ഗ്രൂപ്പിൽ.
ഇതുവരെയും ഒരു തടസങ്ങളും ഉണ്ടായിട്ടില്ല.
എന്റെ ഭർത്താവും 16 വർഷമായി ഈ ഗ്രൂപ്പിൽ ഒരു അംഗമായി പോയിവരുന്നു
ഇന്നുവരെ ഒരു വിഷമങ്ങളും നേരിടേണ്ടി വന്നിട്ടില്ല.

ഗ്രൂപ്പിൽ പതിനെട്ട് മാളികപ്പുറങ്ങളും 
നാല് കുഞ്ഞുസ്വാമിമാരും
മറ്റ് സ്വാമിമാരും കൂടി
46 സ്വാമിമാർ ഉണ്ടായിരുന്നു.
എന്റെ ആദ്യത്തെ മലയാത്ര ആയിരുന്നു.
വളരെ ഉത്സാഹത്തോടെയാണ് യാത്ര ആരംഭിച്ചത്.
വഴിയിൽ എല്ലാം രവീന്ദ്രൻ ഗുരുസ്വാമിയുടെ നേതൃത്വത്തിൽ ഭക്തിയോടെ ഭജനകൾ നടത്തി. കേരളത്തിലെ
ഇരുപത്തിഅഞ്ചു അമ്പലങ്ങളിൽ ദർശനം നടത്തി, ഞങ്ങൾ നിലക്കൽ എത്തി.

മണ്ഡലകാലം തുടക്കത്തിൽ മലയിൽ പല തിരക്കുകളും അനുഭവപ്പെട്ടു എന്ന് ന്യൂസിലൂടെ അറിഞ്ഞപ്പോഴും അതെല്ലാം നിയന്ത്രിതമാക്കിയിട്ടുണ്ട് എന്നായിരുന്നു കരുതിയിരുന്നത്.
എന്നിരുന്നാലും കുറച്ച് നേരമെങ്ങാനും നിൽക്കേണ്ടി വന്നാൽ കഴിക്കുവാൻ ഗ്ലൂകോസ് പൌഡർ,  ബിസ്കറ്റ്  എന്നിവ എല്ലാവരും അവരവരുടെ തോൾസഞ്ചിയിൽ കരുതിയിരുന്നു.

നിലക്കൽ നിന്നും തുടങ്ങുന്നു അയ്യപ്പന്മാർ അനുഭവിക്കുന്ന കഷ്ടതകൾ.
നിലക്കൽ ബസ്സുകളുടെ എണ്ണം വളരെ കുറവ് .
കൂടാതെ ബസ്സിൽ രണ്ടിരട്ടി പൈസ ഈടാക്കുന്നു.
വളരെ വൃത്തിഹീനമായി കിടക്കുന്ന പമ്പയും പരിസരങ്ങളും.
പമ്പയിൽ കുറെയേറെ സമയം വെറുതെ അയ്യപ്പന്മാരെ തടഞ്ഞു വെക്കുന്നു, virtual -Q ചെക്കിങ് എന്ന പേരിൽ.

ഓൺലൈൻ ബുക്കിങ് നടത്തി virtual -Q booking കൂപ്പൺ പ്രിന്റ് എടുത്തു കൊണ്ടുവന്നു അവിടെ ചെക്കിങ് നടത്തിയിട്ടു ഒരു പ്രയോജനവും ഉണ്ടായിരുന്നില്ല.
എന്തിനുവേണ്ടി ആയിരുന്നു ഈ Virtual Q booking??

ഭക്തർ നടന്നുപോകുന്ന  വഴിയിൽ പ്രാഥമിക സൗകര്യം ഒന്നും ഇല്ല.
ഓരോ അഞ്ചു മിനിറ്റ് നടന്നാൽ അയ്യപ്പന്മാരെ കയറുകെട്ടി അടച്ചിടുന്നു.
പിന്നീട് അവിടെ മൂന്നും നാലും അഞ്ചും മണിക്കൂർ നിന്ന് നിന്ന് അവശരാവുന്നു.
തിരക്കിൽ പെട്ട് ശ്വാസംപോലും കിട്ടാതെ ഭക്തർ ഒന്ന് ഇരിക്കാൻ പോലും പറ്റാതെ തലകറങ്ങി വീഴുന്നു. കുടിവെള്ളത്തിന്
പോലും ഒരു സൗകര്യം
അവിടെ ഏർപ്പെടുത്തിയിട്ടില്ല.


രാവിലെ മല കയറാൻ തുടങ്ങിയ ഞങ്ങൾ പതിനാറ് മണിക്കൂർ ലൈൻ നിൽക്കേണ്ടി വന്നു.
വെളുപ്പിന് ഒന്നും കഴിക്കാതെയും കുടിക്കാതെയും കൊച്ചുകുട്ടികളെയും കൊണ്ട് നിൽക്കുന്ന ഭക്തർക്ക് അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ളവും ടോയ്ലറ്റ് സൗകര്യവും പോലും ചെയ്തിട്ടില്ല.

നിന്ന് നിന്ന് മടുത്തു  ഒരു അഞ്ചു മിനിറ്റ് പോലും ഇരിക്കാനുള്ള ഒരു സൗകര്യം അവിടെ ഇല്ലായിരുന്നു.

വെള്ളം കുടിക്കാതെയും ആഹാരം കഴിക്കാതെയും നിന്ന് തളർന്നു ഓരോ അയ്യപ്പന്മാരും. തിരക്കിൽ പെട്ട് കുട്ടികൾ ശ്വാസം കിട്ടാതെ വലഞ്ഞു.

ഇതെല്ലാം സ്വാഭാവികം എന്ന ഭാവത്തിൽ നിൽക്കുന്ന പോലീസ്‌കാരോട് ഭക്തർ പ്രതിക്ഷേധിച്ചു.

ഞാൻ കാണുന്ന പോലീസ്‌കാരോടെല്ലാം സംസാരിച്ചു.
എന്തിനാണ് ലൈൻ ഇങ്ങനെ കയർ കെട്ടി തടസം ആക്കി വെച്ചിരിക്കുന്നത് ?
എന്താണ് മുന്നിൽ നടക്കുന്നത് ?

പോലീസ്‌കാർക്ക് ഒന്നേ പറയാനുള്ളൂ. എല്ലാം മുകളിൽ നിന്നുള്ള ഓർഡർ ആണ്. ഞങ്ങൾക്ക് ഒന്നും ചെയ്യാനാവില്ല.

ഒരു പോലീസ് അയ്യപ്പൻ എല്ലാം തുറന്നു പറഞ്ഞു. ഈ തിരക്ക് വരുത്തി തീർക്കുന്നതാണ്.
മലകയറുമ്പോൾ വെള്ളവും ആഹാരവും നൽകിയിരുന്ന സേവാ സംഘങ്ങളെ ദേവസം ഒഴിവാക്കി.
നെറ്റ്കണക്ഷൻ ഇല്ലാതാക്കി.
ഇതെല്ലാം രാഷ്ട്രീയ അജണ്ട ആണ്.  ഞങ്ങൾ പോലീസ്‌കാർക്ക്  ഓർഡർ അനുസരിക്കാൻ അല്ലാതെ
ഒന്നും ചെയ്യുവാൻ കഴിയില്ല എന്ന് പറഞ്ഞു.

വളരെ കഠിനമായ പത്തു മണിക്കൂർ കഴിഞ്ഞിട്ടും സന്നിധാനത്ത്
എത്തിച്ചേരാൻ പറ്റാതായപ്പോൾ തിരിച്ചു പോരാൻ തീരുമാനിച്ചു.


വീണ്ടും പോലീസിനോട് ചോദിച്ചു
തിരികെ എങ്ങിനെ പോകും ? ലൈൻ മുഴുവൻ തടസം ആണ്,
മറ്റൊരു വഴിയും ഇല്ല എന്നായിരുന്നു മറുപടി .

കൂടെ ഉണ്ടായിരുന്നവരെല്ലാം എവിടെ എന്നുപോലും അറിയുന്നില്ല. ഞങ്ങൾ അഞ്ചു പേർ ഒരുമിച്ച് ഉണ്ടായിരുന്നു. മറ്റാർക്കും കാൾ ചെയ്താൽപോലും കിട്ടുന്നില്ല. നെറ്റ്‌വർക്ക് ഇല്ലായിരുന്നു.

ലൈവ് വീഡിയോ ആരും എടുക്കാതിരിക്കാൻ നെറ്റ് കണക്ഷൻ ഇല്ലാതാക്കിയതാണ് എന്ന് മറ്റൊരു പോലീസ് പറഞ്ഞു.

ഞങ്ങൾ കയ്യിലുള്ള ഗ്ലൂകോസ് പൌഡർ ഇടക്കിടെ വായിൽ ഇട്ടു തളരാതെ, വീഴാതെ നിന്നു.

കുറേപേരെ  തലകറങ്ങി വീണ് മറ്റു ഭക്തർ എടുത്തുകൊണ്ടു പോകുന്നുണ്ടായിരുന്നു.


പിന്നെയും ആറു മണിക്കൂറുകൾ. അതിനിടയിൽ മഴയും പെയ്തു. നനഞ്ഞ കെട്ടും തലയിൽ വെച്ച് ഓരോ ഭക്തരും തളർന്നു അവശരായി.
പതിനാറു മണിക്കൂർ.
എല്ലാ ഭാരവും കാലുകളിൽ താങ്ങി കാലുകൾ രണ്ടിലും നീര് വീണിരുന്നു.

അവസാനം സന്നിധാനത്ത് എത്തുവാൻ ഇനിയും അരമണിക്കൂർ മാത്രമേ ഉള്ളൂ എന്ന് പറയുമ്പോൾ നട അടക്കാനുള്ള ഹരിവരാസനം കേൾക്കുന്നുണ്ടായിരുന്നു.
ഇത്രയും കഷ്ടപ്പെട്ടിട്ടു ഭഗവാനെ ഒരു നോക്ക് കാണാൻ കഴിയാതെ നട അടച്ചു.

അടഞ്ഞുകിടക്കുന്ന നടയിൽ ആണ് കെട്ടുകൊണ്ട് ഞാൻ പതിനെട്ടാംപടി കയറിയത്.

പിന്നീട് നേരത്തെ ബുക്ക്‌ ചെയ്തിരുന്ന റൂമിലേക്ക്‌ ചെന്ന് വീഴുകയായിരുന്നു ഓരോരുത്തരും.

ഞങ്ങളുടെ ഗ്രൂപ്പിലെ എല്ലാവരും ബുക്ക്‌ ചെയ്ത റൂമിൽ എത്തിപ്പെട്ടു. സന്നിധാനത്ത്പോലും അന്നദാനം ഉണ്ടായിരുന്നില്ല.

രണ്ട്മണിക്കൂർ വിശ്രമിച് ഞങ്ങൾ കുളിച്ച് ഭഗവാനെ
തൊഴുവാൻ പോയി.
കൂടെ ഉണ്ടായിരുന്ന മാളികപ്പുറങ്ങൾ പലരും തൊഴുതില്ല . ഒന്ന് എഴുന്നേൽക്കാൻ പോലും ആവാത്ത അത്രക്കും കാലുവേദന ആയിരുന്നു എല്ലാവർക്കും.
ഞങ്ങൾ കുറച്ചുപേർക്ക് അവിടെ പരിചയക്കാർ ഉണ്ടായിരുന്നതിനാൽ തൊഴാൻ കഴിഞ്ഞു.

അഞ്ഞൂറ് കോടിയിലേറെ വരുമാനം ഉള്ള ഒരു അമ്പലത്തിൽ വരുന്ന ഭക്തർക്കായി ഒരു സൗകര്യവും ചെയ്യാതിരിക്കുന്ന കേരള ഗവണ്മെന്റ്.
ഭക്തർക്ക് കുടിവെള്ളം പോലും നൽകാത്ത ദേവസം ബോർഡ്‌.
ഇവരുടെ ഉദ്ദേശം എന്താണ്???

തീരെ മനുഷ്യത്വവും ദയയും ഇല്ലാത്തവരാണോ ഇവരെല്ലാം ?

എന്തിന്റെ പേരിൽ ആയാലും കണ്മുന്നിൽ തളർന്നുവീഴുന്ന ഭക്തരെ ഇത്രയും ലാഘവത്തോടെ എങ്ങിനെ നോക്കാൻ കഴിയുന്നു ?
അമ്പലത്തിന്റെയും, ഭക്തരുടെയും കാര്യങ്ങൾ നോക്കി നടത്താനല്ലേ ദേവസ്വംബോർഡ്‌ എന്ന വകുപ്പ് തന്നെ ഉണ്ടാക്കിയിരിക്കുന്നത് ?
എന്നിട്ട് ഇവിടെ ഇത്രയും വരുമാനം ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഒരു സൗകര്യവും ചെയ്യാത്തത് ?


ഒരു പോലീസിനോട് എന്തിനാണ് ഞങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് എന്ന് ചോദിച്ചപ്പോൾ..
നല്ല ഭക്തർ ആണെങ്കിൽ കഷ്ടത അനുഭവിച്ചു തൊഴുo എന്നായിരുന്നു മറുപടി.
എനിക്ക് ദേഷ്യവും സങ്കടവും വന്നു ഞാൻ ചോദിച്ചു സാറിന്റെ വേണ്ടപ്പെട്ടവർ
ആരെങ്കിലും ഈ തിരക്കിൽ ഞെരിഞ്ഞു അമരുന്നുണ്ടെങ്കിൽ നോക്കിനിൽക്കുമായിരുന്നോ?
അതിന് ഉത്തരം നൽകാതെ തിരിഞ്ഞുനിന്നു.

എന്തുതന്നെ ആയാലും അയ്യപ്പന്റെ അനുഗ്രഹത്താൽ ഞങ്ങളുടെ ഗ്രൂപ്പിലെ ആർക്കും ആപത്തുകളൊന്നും ഇല്ലാതെ ഞങ്ങൾ തിരിച്ചെത്തി.

ഭഗവാൻ എല്ലാവരേയും രക്ഷിക്കട്ടെ.
ഒരു അയ്യപ്പ ഭക്ത