You are currently viewing തിരുനാവായ മഹാമാഘം 2026

തിരുനാവായ മഹാമാഘം 2026

ഭാരതപ്പുഴയുടെ തീരത്ത് പുനർജനിക്കുന്ന പൈതൃകം: തിരുനാവായ മഹാമാഘം 2026

ഭാരതപ്പുഴയുടെ തീരത്തുള്ള പുണ്യഭൂമിയായ തിരുനാവായ, നൂറ്റാണ്ടുകളുടെ ചരിത്രവും ആത്മീയതയും ഇഴചേർന്ന മണ്ണാണ്. കേരളത്തിന്റെ ‘കുംഭമേള’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘തിരുനാവായ മഹാമാഘം’ 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ അതിവിപുലമായി ആഘോഷിക്കപ്പെടുന്നു. നാടിന്റെ പ്രാചീന ധർമ്മപാരമ്പര്യത്തെ വീണ്ടെടുക്കാനുള്ള ഒരു മഹത്തായ യജ്ഞമാണിത്.

ഐതിഹ്യവും ചരിത്രവും
ദേശത്തിന്റെ രക്ഷയ്ക്കും ജനങ്ങളുടെ അഭിവൃദ്ധിക്കുമായി പരശുരാമന്റെ അഭ്യർത്ഥനപ്രകാരം ബ്രഹ്മദേവൻ യാഗം ചെയ്ത ഭൂമിയാണ് തിരുനാവായയിലെ നിളാതീരം. അതിവിശിഷ്ടമായ മാഘമാസത്തിലാണ് ഈ യാഗം നടന്നത്. യാഗസമയത്ത് ഗംഗാദേവിയുടെ നേതൃത്വത്തിൽ ഭാരതത്തിലെ സമസ്ത പുണ്യതീർത്ഥങ്ങളും നിളാനദിയിൽ സംഗമിച്ചുവെന്നും, അങ്ങനെ നിള ഭാരതപ്പുഴയായി മാറിയെന്നുമാണ് ഐതിഹ്യം. സപ്തർഷികളും ദേവതകളും പങ്കെടുത്ത ഈ യാഗത്തിന്റെ സ്മരണാർത്ഥം എല്ലാ വർഷവും മാഘമാസത്തിൽ പുണ്യതീർത്ഥങ്ങളുടെ സാന്നിധ്യം ഇവിടെയുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

കാലക്രമേണ, കേരളത്തിന്റെ ഹിന്ദുധർമ്മാധ്യക്ഷന്മാരെയും ചക്രവർത്തിമാരെയും (പെരുമാക്കന്മാരെ) വാഴിക്കുന്ന ചടങ്ങുകൾ ഈ മാഘമേളയുടെ ഭാഗമായി മാറി. പിൽക്കാലത്ത് നിന്നുപോയ ഈ സനാതന പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കാനാണ് 2026-ലെ മഹാമാഘം ലക്ഷ്യമിടുന്നത്.

മഹാമാഘത്തെ നയിക്കുന്ന ആത്മീയ നേതൃത്വം..

മാതാ അമൃതാനന്ദമയി ദേവി: ലോകപ്രശസ്ത ആത്മീയ ഗുരുവുമായ അമ്മയുടെ ദിവ്യസാന്നിധ്യവും അനുഗ്രഹവുമാണ് ഈ മഹാസംഗമത്തിന് ആത്മീയ വെളിച്ചം പകരുന്നത്.

ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദ് ഗിരി മഹാരാജ്: പ്രാചീന ധർമ്മപാരമ്പര്യത്തിന്റെ പാണ്ഡിത്യവുമായി ഈ സംഗമത്തിന് നേതൃത്വം നൽകുന്നു.

ശ്രീ പഞ്ച് ദശനാമം ജുനാ അഖാഡ: സനാതന ധർമ്മത്തിന്റെ പൗരാണികമായ ഈ ആത്മീയ ക്രമത്തിന്റെ സാന്നിധ്യം ചടങ്ങിന്റെ പവിത്രത വർദ്ധിപ്പിക്കുന്നു.

സ്വാമി ആനന്ദവനം ഭാരതി: മഹാമാഘം സഭയുടെ അധ്യക്ഷനായി ആത്മീയ ദിശ നിർണ്ണയിക്കുന്നു.

മാഘമാസത്തിന്റെ പ്രാധാന്യം
ഹിന്ദു പഞ്ചാംഗം അനുസരിച്ച് സന്യാസിമാരുടെയും രാജാക്കന്മാരുടെയും മാസമായാണ് മാഘത്തെ വിശേഷിപ്പിക്കുന്നത്. മൗനി അമാവാസിയിൽ തുടങ്ങി മാഘ പൂർണിമയിൽ അവസാനിക്കുന്ന ഈ കാലയളവ് വ്രതത്തിനും തപസ്സിനും ജപത്തിനും ഏറ്റവും അനുയോജ്യമാണ്. വസന്തപഞ്ചമി, രഥസപ്തമി, ഭീഷ്മാഷ്ടമി തുടങ്ങിയ വിശേഷപ്പെട്ട തിഥികൾ ഈ മാസത്തിലാണ് വരുന്നത്.

മഹാമാഘത്തിലെ പ്രധാന പരിപാടികൾ..
പുണ്യസ്നാനം: നിളയുടെ പവിത്രമായ ജലത്തിൽ സൂര്യോദയ വേളയിൽ നടത്തുന്ന സ്നാനം കർമ്മ ശുദ്ധീകരണത്തിന് സഹായിക്കുന്നു.

സത്സംഗവും ജപവും: പ്രഗത്ഭരായ ആചാര്യന്മാരുടെ ആത്മീയ പ്രഭാഷണങ്ങളും തുടർച്ചയായ മന്ത്രജപങ്ങളും ഭക്തർക്ക് ആഴത്തിലുള്ള ആത്മീയ അനുഭവം നൽകുന്നു.

അന്നദാനം: ദിവസേന പതിനായിരത്തിലധികം ഭക്തർക്ക് ഗുണമേന്മയുള്ള ഭക്ഷണം വിതരണം ചെയ്യുന്ന വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്.

സാംസ്കാരിക പരിപാടികൾ: കേരളത്തിന്റെ തനതായ കലാരൂപങ്ങളും ഭജനകളും ആത്മീയ ചർച്ചകളും ചടങ്ങിന് മിഴിവേകും.

ഭാരതത്തിന്റെ സാംസ്കാരിക അസ്മിതയെയും കേരളത്തിന്റെ പൗരാണിക പൈതൃകത്തെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഈ മഹാസംഗമത്തിൻ്റെ വിജയത്തിനായി വേണ്ട പ്രചരണം നൽകി ഭക്തജന പങ്കാളിത്തം ഉറപ്പാക്കണം.
-എസ്. ജെ. ആർ. കുമാർ