മുത്തലാഖ്… ചരിത്രവഴികളിലൂടെ

ഇന്ന് സുപ്രീംകോടതിയുടെ വിധി അനുസരിച്ച്  നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കപ്പെട്ട മുത്തലാഖിന്റെ ചരിത്രവഴികളിലൂടെ…

മുത്തലാഖ് ചൊല്ലി ഒഴിവാക്കപ്പെടുന്ന മുസ്ലിം വനിതകൾക്ക് പുനർവിവാഹം ചെയ്യുന്നതു വരെ ആദ്യഭർത്താവിൽ നിന്നും ജീവനാംശത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കുന്ന ക്രിമിനൽ പ്രോസീജിയർ കോഡ് (സി ആർ സി പി സെക്ഷൻ 125) അനുസരിച്ചുള്ള വിധി ചീഫ് ജസ്റ്റീസ് വൈ.വി. ചന്ദ്രചൂഢൻറ നേതൃത്വത്തിനലുള്ള സുപ്രീം കോടതി ബെഞ്ച് 1986-ൽ  പ്രസ്താവിച്ചിരുന്നു. എന്നാൽ മുസ്ലിം മതമൗലികവാദികളുടെ പ്രേരണയ്ക്ക് വഴങ്ങി രാജീവ് ഗാന്ധി സർക്കാർ ഒരു പുതിയ നിയമനിർമ്മാണത്തിലൂടെ ആ വിധി അസാധുവാക്കി.

എന്താണ് മുത്തലാഖ്?
ഇരുതലമൂർച്ചയുള്ള ഒരു വാൾ പോലെയാണ് മുത്തലാഖ് എന്ന മുസ്ലിം വ്യക്തി നിയമത്തിലെ സംവിധാനം. ആധുനിക കാലഘട്ടത്തിൽ 3 തവണ മൊബൈലിലൂടെയോ, എസ്.എം.എസ്. ആയോ, ഇമെയിൽ വഴിയോ തലാഖ് എന്ന പദം ആവർത്തിച്ചാൽ വിവാഹബന്ധം വേർപെട്ടതായിട്ടു മുത്തലാഖിനെ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടിരിന്നു. ഇത് ഒരേസമയം ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമാണെന്നാണ് മിക്ക വനിതാ സംഘടനകളും മറ്റും വാദിച്ചിരുന്നത്.

ഷബാനു കേസ്

മുത്തലാഖുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ വിവാദമായ കേസ് ഷബാനു ബീഗത്തിൻറേതാണെന്നു കരുതപ്പെടുന്നു. 1984 ൽ മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നുള്ള ഷബാനു ബീഗം എന്ന 60 വയസുകാരിയായ വൃദ്ധ, തന്നെ മൊഴി ചൊല്ലിയ തന്റെ മുൻ ഭർത്താവായ മുഹമ്മദ് ഖാൻ എന്ന വ്യക്തിയിൽ നിന്നും തനിക്കു ജീവനാംശം ലഭിക്കണമെന്ന ആവശ്യമുന്നയിച്ച് മദ്ധ്യപ്രദേശിലെ കീഴ്ക്കോടതിയിൽ ഒരു അപ്പീൽ സമർപ്പിച്ചു. വാർദ്ധക്യത്തിന്റെ പടിവാതിലിലെത്തി നിൽക്കുന്ന അവരെ 40 കൊല്ലത്തെ വിവാഹ ജീവിതത്തിനുശേഷം മുത്തലാഖ് ചൊല്ലി ഒഴിവാക്കുകയായിരുന്നു.

മദ്ധ്യപ്രദേശ് കോടതി ഷബാനു ബീഗ്ത്തിന് അനുകൂലമായി കേസ് വിധിച്ചു. ഈ വിധിക്കെതിരെ മുഹമ്മദ് ഖാൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. മുസ്ലീം വ്യക്തി നിയമപ്രകാരം തന്റെ മുൻഭാര്യായ ഷബാനു ബീഗത്തിന്റ ആവശ്യം നിലനില്ക്കുന്നതല്ല എന്ന വാദമുയർത്തി. ചീഫ് ജസ്റ്റീസ് വൈ.വി. ചന്ദ്രചൂഢൻറ നേതൃത്വത്തിനലുള്ള ബെഞ്ച്, പുനർവിവാഹിത ആകുന്നതു വരെ  അവർക്ക് ആദ്യഭർത്താവിൽ നിന്നും ജീവനാംശത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കുന്ന ക്രിമിനൽ പ്രോസീജിയർ കോഡ് (സി ആർ സി പി സെക്ഷൻ 125) അനുസരിച്ചാണ് വിധി പ്രസ്താവിച്ചത്. ഈ വിധിക്കെതിരെ മുസ്ലിം സംഘടനകൾ ഭാരതത്തിലാകെ വൻതോതിലുള്ള പ്രതിഷേധം സംഘടിപ്പിച്ചു. ശരീയത്ത് നിയമങ്ങൾ അടിയന്തരമായി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന കാര്യത്തിൽ മുസ്ലിം സംഘടനകൾ യോജിച്ചു പ്രവർത്തിച്ചു. മതസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന വ്യക്തിനിയമങ്ങൾ ഈ വിധി വഴി ദുർബലപ്പെടുമെന്നു മുസ്ലിം സമൂഹത്തിനിടയിൽ പൊതുവേ വിലയിരുത്തപ്പെട്ടു. അന്നത്തെ രാജീവ് ഗാന്ധി സർക്കാരിൽ മുസ്ലീം സംഘടനകൾ സ്വാധീനം ചെലുത്തിയതിന്റെ ഫലമായി മുസ്ലിം വുമൺസ് പ്രൊട്ടക്ഷൻ ആക്ട് (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്‌സ് ഓൺ ഡിവോഴ്‌സ്ആക്ട് -1986) എന്ന പേരിൽ ഒരു നിയമം പാസാക്കപ്പെട്ടു. ഈ പുതിയ നിയമം സി ആർ സി പി 125 വകുപ്പിന്റെ പരിധിയിൽ നിന്നു മുസ്ലിം പുരുഷന്മാരെ ഒഴിവാക്കി. ഇദ്ദ കാലയളവ് വരെ മാത്രം ജീവനാംശം നൽകിയാൽ മതിയെന്നും അതിനു ശേഷം സ്ത്രീ പുനർവിവാഹിതയാകുന്നില്ലെങ്കിൽ ആ സ്ത്രീയുടെ മറ്റു ബന്ധുക്കൾക്കാണ് അവരെ സംരക്ഷിക്കാനുള്ള പൂർണ്ണ ബാദ്ധ്യതയെന്നും ബന്ധുക്കൾക്ക് അതിനു കഴിവില്ലാത്ത അവസ്ഥയിൽ വഖഫ് സംവിധാനം വഴി അവരെ പുനരധവസിപ്പിക്കണമെന്നും ഈ നിയമം അനുസാസിക്കുന്നു. സി ആർ പി സി സെക്ഷൻ 125ൽ നിന്ന് മുസ്‌ലിം പുരുഷനെ ഒഴിവാക്കി നിർത്തുക വഴി താത്കാലികമായി മുസ്ലിം വ്യക്തി നിയമത്തെ സംരക്ഷിക്കുകയെന്ന ദൗത്യമാണ് അന്നത്തെ കേന്ദ്ര സർക്കാർ ചെയ്തത്.

യഥാർത്ഥത്തിൽ ഇതുവഴി മുസ്ലിം സ്ത്രീകൾ പരിപൂർണ്ണമായി മതനേതാക്കന്മാരാലും ഭരണ കോൺഗ്രസിനാലും അവഗണനയുടെ പടുകുഴിയിലേയ്ക്കു വീഴുകയായിരുന്നു. ഈ പുതിയ നിയമം മുസ്ലീം സ്ത്രീകളെ കൂടുതൽ ദുരിതങ്ങളിലേയ്ക്കു നയിക്കുവാനേ ഉപകരിച്ചുള്ളു എന്നതാണ് വസ്തുത.
ഇന്നത്തെ സുപ്രീം കോടതിയുടെ വിധിയിലൂടെ നൂറ്റാണ്ടുകളായി മുസ്ലിം സ്ത്രീകൾ അനുഭവിച്ചുകൊണ്ടിരുന്ന അതിഭീകരമായ അനീതിയിൽ നിന്നും മോചിതരാകും എന്നു വേണം പ്രതീക്ഷിക്കാൻ.