അഴിമതിത്തീയിൽ ബ്രഹ്മപുരം.
കൊച്ചി കോർപറേഷന്റെ ബ്രഹ്മപുരം പ്ലാന്റിലെ തുടർച്ചയായ അഗ്നിബാധകൾക്കും കുത്തഴിഞ്ഞ മാലിന്യ സംസ്കരണ രീതികൾക്കും പിന്നിൽ കോടികളുടെ അഴിമതിയാണെന്ന ആക്ഷേപം ശരിവയ്ക്കുകയാണ് അവിടത്തെ ഓരോ കാര്യങ്ങളും. ഓരോ വർഷവും 13 കോടി രൂപയാണ് മാലിന്യ സംസ്കരണത്തിനായി കോർപ്പറേഷൻ ചെലവഴിക്കുന്നത്.
ലോഡ് അടിസ്ഥാനത്തിലാണ് മാലിന്യ സംസ്കരണത്തിനുള്ള തുക കൈമാറുന്നത്. എന്നാൽ ലോറികളെ നിരീക്ഷിക്കാനും തൂക്കം പരിശോധിക്കാനും ആധുനിക സംവിധാനങ്ങളില്ല. സി.സി.ടി.വി കാമറകൾ പ്രവർത്തിക്കുന്നില്ല. കോടികൾ മുടക്കി വാങ്ങിയ ലോറികളെല്ലാം കട്ടപ്പുറത്താണ്. അതു നന്നാക്കാൻ വേണ്ടിവരുന്നതിന്റെ പതിൻമടങ്ങ് തുകയാണ് ലോറിക്കരാറിന്റെ മറവിൽ ഓരോ മാസവും കൈമറിയുന്നത്.
ഉദ്യോഗസ്ഥരുടെയും ഇടതു, വലതു ഭേദമെന്യ ജനപ്രതിനിധികളിൽ വലിയൊരു വിഭാഗത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും കൈകളിലേക്ക് കരാറുകളുടെ വിഹിതം എത്തുന്നുണ്ടെന്നാണ് ആക്ഷേപം. പ്ലാന്റ് നടത്തിപ്പിന് ടണ്ണേജ് അനുസരിച്ച് 28-36 ലക്ഷം രൂപ മാസം കരാറുകാരന് നൽകണം. ഒരു വർഷം മൂന്നര കോടിയിലേറെ രൂപ. ലോറിയിൽ എത്തിക്കുന്ന ഖരമാലിന്യം ജൈവമിശ്രിതം തളിച്ച്
അഴുകിക്കലാണ് പ്രധാന പ്രക്രിയ.
പ്ലാസ്റ്റിക്ഉൾപ്പെടെയുള്ള അവശിഷ്ടം ഒഴിഞ്ഞ ഭാഗത്ത് തള്ളും.
12 വർഷം തുടർന്ന കരാറുകാരനെ കഴിഞ്ഞ വർഷമാണ് മാറ്റിയത്. ഇതിന്റെ പേരിൽ കോർപ്പറേഷൻ ഭരിക്കുന്ന എൽ.ഡി.എഫിൽ ഇപ്പോഴും പോരു നടക്കുകയാണ്.
മാലിന്യ പ്ലാന്റ് തകർന്നു വീഴുമെന്ന നിലയിലായതിനാൽ പുതിയ പ്ലാന്റിന് സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.
ഇതിനിടെ രണ്ട് വർഷം മുമ്പ് നൽകിയ 54.90 കോടി രൂപയുടെ ബയോമൈനിംഗ് കരാറിൽ 4 കോടിയുടെ അഴിമതി ആരോപണവുമായി മുൻമേയറും രംഗത്തെത്തി.
സ്വന്തം വണ്ടികൾ കട്ടപ്പുറത്ത്
വാടകലോറികൾക്ക് 9.6 കോടി:
മാലിന്യങ്ങൾ പ്ലാന്റിലെത്തിക്കാൻ ലോറിച്ചെലവ് മാസം 80 ലക്ഷം രൂപ. ഒരുവർഷത്തേക്ക് 9.6കോടി. ഒരാൾക്കാണ് വർഷങ്ങളായി കരാർ. കോർപ്പറേഷന്റെ 56 ലോറികളും കട്ടപ്പുറത്താണ്. ഇവയിൽ 3.33 കോടി രൂപയ്ക്ക് വാങ്ങിയ പത്ത് കോംപാക്ട് ലോറികളുമുണ്ട്. പത്ത് ലോറിയിൽ കയറ്റുന്ന ലോഡ് ഈ ഒറ്റ ലോറിയിൽ ഹൈഡ്രോളിക്
സംവിധാനത്തിൽ അമർത്തി വയ്ക്കാനാകും. തകരാറുകൾ യഥാസമയം പരിഹരിക്കാറില്ല.
# മനഃപൂർവ്വം വരുത്തിയ വീഴ്ചകൾ;
1. മാലിന്യം തരം തിരിച്ച് സ്വീകരിച്ചില്ല.
2. പ്ലാസ്റ്റിക്കിന് പ്രത്യേക സംവിധാനം ഇല്ല.
3. ആധുനിക യന്ത്രസംവിധാനം സ്ഥാപിച്ചില്ല.
4. മാലിന്യം ഇന്ധനമാക്കി പ്രവർത്തിക്കുന്ന വൈദ്യുതി പ്ലാന്റ് ഇല്ല.
5. സ്ഥലം ഡമ്പിംഗ് യാർഡാക്കി മാറ്റി.
6. അഞ്ച് മീറ്റർ ഉയരത്തിൽ പ്ലാന്റ് നിർമ്മിച്ചില്ല.
7. മറ്റുള്ളിടത്തെ മാലിന്യം ഒഴിവാക്കിയില്ല.
8. നടത്തിപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചില്ല.
# ബയോ മൈനിംഗിന് 55 കോടി:
ബ്രഹ്മപുരത്ത് കുഴിച്ചിട്ട ലക്ഷക്കണക്കിന് ടൺ പ്ലാസ്റ്റിക് മാലിന്യം തിരിച്ചെടുത്ത് ചെറിയ കഷണങ്ങളാക്കി ഉണക്കി താപവൈദ്യുത പ്ലാന്റുകൾക്ക് കത്തിക്കാനുള്ള ഇന്ധനമാക്കുന്ന റെഫ്യൂസ് ഡിറൈവ്ഡ് ഫ്യുവൽ
പദ്ധതിക്ക് 55 കോടിയുടെ കരാർ നൽകി. 2021ൽ തുടങ്ങിയ പ്രവൃത്തിയുടെ കാലാവധി കഴിഞ്ഞിട്ടും 20 ശതമാനം പോലും നീക്കിയിട്ടില്ല.
Source: പ്രസന്ന, കേരള കൗമുദി