ശ്രീലങ്കൻ പ്രതിസന്ധി – ഒരു വിശകലനം

ശ്രീലങ്കൻ പ്രതിസന്ധി – ഒരു വിശകലനം

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചെറിയ, തന്ത്രപ്രധാനമായ ഈ ദ്വീപ് 2009-ൽ അവസാനിച്ച ആഭ്യന്തര യുദ്ധത്തിൽ നിന്നും 2019-ലെ ഭീകര സ്ഫോടന പരമ്പരയിൽ നിന്നും കരകയറാൻ പാടുപെടുകയാണ്. ഇപ്പോൾ കടബാധ്യതയിൽ മുങ്ങി, സാമ്പത്തിക സ്ഥിതി ഗുരുതരാവസ്ഥയിലുമായി.  ഔഷധ ദൗർലഭ്യം, അടിസ്ഥാന ഭക്ഷ്യ വസ്തുക്കളുടെ അഭാവം, ഇന്ധനത്തിന്റെ അഭാവം, മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന പവർ കട്ട് എന്നിവയുമായി ഓരോ ദിവസവും ഈ രാജ്യം കൂടുതൽ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്.

Protesters storm President’s house in Colombo.

ശ്രീലങ്കയിലെ 2 കോടി 20 ലക്ഷം വരുന്ന ജനങ്ങൾ അരി, പാൽ, മണ്ണെണ്ണ തുടങ്ങിയ പ്രാഥമിക ആവശ്യങ്ങൾ പോലും കണ്ടെത്താൻ പാടുപെടുകയാണ്.

രോഷാകുലരായ ജനങ്ങൾ സംഘടിച്ച് പ്രസിഡന്റിനെ പുറത്താക്കുന്ന പുതിയ ജനാധിപത്യ പ്രക്രിയ അവിടെ അരങ്ങേറുന്ന കാഴ്ച മറ്റ് രാജ്യങ്ങളിലെ ഭരണാധിപന്മാർക്കും ചില സന്ദേശങ്ങൾ നൽകുന്നുണ്ട്.

അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ സർക്കാരിനായി ശ്രീലങ്ക കാത്തിരിക്കുകയാണ്. സമ്പദ്‌വ്യവസ്ഥയെ വികലമായി കൈകാര്യം ചെയ്ത് നാട് മുടിച്ചതിൽ പ്രതിഷേധിച്ച് പ്രതിഷേധക്കാർ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി കയ്യടക്കുകയും പ്രധാനമന്ത്രിയുടെ സ്വകാര്യ വസതി അഗ്നിക്കിരയാക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ പ്രസിഡന്റ് ഗോതബയ രാജപക്‌സെയും പ്രധാനമന്ത്രി വിക്രമസിംഗെയും രാജി സന്നദ്ധത അറിയിച്ചതോടെ പ്രതിപക്ഷ പാർട്ടികൾ ഉടൻ പുതിയ സർവകക്ഷി സർക്കാർ രൂപീകരിക്കാൻ സാധ്യതയുണ്ട്.

ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചു കയറിയ സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ മാളികയ്ക്കുള്ളിൽ നിന്ന് ദശലക്ഷക്കണക്കിന് രൂപ കണ്ടെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതീവ ഗുരുതരമായ കടബാധ്യതയിലേക്ക് നയിക്കുന്ന രൂക്ഷമായ വിദേശനാണ്യ പ്രതിസന്ധിയെ ശ്രീലങ്ക കഴിഞ്ഞ കുറച്ചു നാളുകളായി അഭിമുഖീകരിക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ, 2026-ഓടെ അടച്ചു തീർക്കേണ്ട കുടിശ്ശികയായ 25 ബില്യൺ ഡോളറിൽ ഈ വർഷം തിരിച്ചടക്കേണ്ട ഏകദേശം 7 ബില്യൺ ഡോളർ വിദേശ കടത്തിന്റെ തിരിച്ചടവ് താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചിരുന്നു. 51 ബില്യൺ ഡോളർ വിദേശ കടമുള്ള ശ്രീലങ്കയുടെ അപകടകരമായ സാമ്പത്തിക സ്ഥിതിയുടെ സുപ്രധാനമായ സൂചനയാണ് ഇത് നൽകുന്നത്.

ഇന്ധനം, പാൽ, പാചക വാതകം, ടോയ്‌ലറ്റ് പേപ്പർ തുടങ്ങി പല അത്യാവശ്യ വസ്തുക്കളും ഇറക്കുമതി ചെയ്യാൻ പണമില്ലാതെ ശ്രീലങ്ക പാപ്പരത്തത്തിലേക്ക് നീങ്ങുകയാണ്.

യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം ശ്രീലങ്കയിൽ രൂക്ഷമായ ഭക്ഷ്യക്ഷാമമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ അഭിപ്രായത്തിൽ 3 ദശലക്ഷം ആളുകൾക്ക് അടിയന്തര മാനുഷിക സഹായം ലഭിക്കുമ്പോൾ തന്നെ ഏകദേശം 10 കുടുംബങ്ങളിൽ ഒമ്പത് കുടുംബങ്ങളും ഭക്ഷണം ഒഴിവാക്കുകയോ ഭക്ഷണം മറ്റൊരു സമയത്തേക്ക് മാറ്റി വെക്കുകയോ ചെയ്യേണ്ട സ്ഥിതിവിശേഷമാണ് റിപ്പോർട്ട് ചെയ്യപെട്ടിരിക്കുന്നത്.

ആശുപത്രികളിൽ അടിയന്തിരമായി വേണ്ട നിർണായകമായ ഉപകരണങ്ങളും മരുന്നുകളും അഭ്യർത്ഥിച്ചുകൊണ്ട് ഡോക്ടർമാർ സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ അയയ്ക്കുന്നു എന്നത് പ്രതിസന്ധി എത്രത്തോളം രൂക്ഷമായി എന്നതിന്റെ തെളിവാണ്.

നാട്ടിൽ പട്ടിണി കിടക്കേണ്ടിവരുന്ന സാഹചര്യത്തിൽ ശ്രീലങ്കക്കാർ ജീവിക്കാനായി വിദേശ ജോലികൾ തേടുകയാണ്. അതേസമയം  സ്വന്തമായി ഭക്ഷണവസ്തുക്കൾ ഉല്പാദിപ്പിക്കുന്നതിനായി സർക്കാർ ജീവനക്കാർക്ക് മൂന്ന് മാസത്തേക്ക് അവധി നൽകിയിരിക്കുന്ന നടപടി കാര്യങ്ങൾ സർക്കാരിന്റെ കൈയ്യിൽ നിന്നും കൈവിട്ടു പോയി എന്നുള്ളതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്.

വർഷങ്ങളായി നടന്നുകൊണ്ടിരുന്ന ഭരണപരമായ കെടുകാര്യസ്ഥതയും രാഷ്ട്രീയ അഴിമതിയുമാണ് പ്രതിസന്ധിക്ക് പ്രധാനമായ കാരണം. ഉപഭോഗ വസ്തുക്കളുടെ ആഭ്യന്തര ഉല്പാദനം തീർത്തും പരിമിതമായ ശ്രീലങ്ക ഇറക്കുമതിയെയും അതിനു വേണ്ട വിദേശ നാണ്യത്തേയും ആശ്രയിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയുള്ള രാജ്യമാണ്. ടൂറിസമാണ് വിദേശനാണ്യത്തിന്റെ പ്രധാന ഉറവിടം. ശ്രീലങ്കയിൽ 2019 ഈസ്റ്റർ ദിനത്തിൽ നടന്ന ചാവേർ ബോംബാക്രമണങ്ങൾക്കും തുടർന്നുള്ള കോവിഡ് -19 മഹാമാരിക്കും ശേഷം ടൂറിസ്റ്റുകളുടെ വരവ് നിലച്ചതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി.

കോവിഡ് മഹാമാരിയുടെ ഫലമായി ടൂറിസം വരുമാനം 2019-ൽ 7.5 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2021-ൽ 2.8 ബില്യൺ ഡോളറായി കുറഞ്ഞു. രാജ്യത്തിന്റെ ജിഡിപിയുടെ ഏകദേശം 10 ശതമാനം വരുന്ന ടൂറിസമാണ് ശ്രീലങ്കയുടെ വിദേശനാണ്യത്തിന്റെ പ്രധാന ഉറവിടം.

1952-ൽ ടോക്കിയോ സിലോണുമായി നയതന്ത്രബന്ധം സ്ഥാപിച്ചതുമുതൽ, ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രീലങ്കയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ ജപ്പാൻ പങ്കാളികളായിരുന്നു. 2008-ൽ ചൈന അതിന്റെ ഏറ്റവും വലിയ നിക്ഷേപകരിലൊരാളാകുന്നതിന് മുമ്പ്, ഗ്രാന്റുകളും ഇളവുള്ള വായ്പകളും നൽകുന്ന ശ്രീലങ്കയുടെ ഏറ്റവും വലിയ ദാതാക്കളുടെ രാജ്യമായിരുന്നു ജപ്പാൻ.

വർഷങ്ങളായി സഞ്ചിത അടിസ്ഥാനത്തിൽ, ജപ്പാൻ കഴിഞ്ഞാൽ ശ്രീലങ്കയ്ക്ക് വലിയ തോതിൽ കടം കൊടുക്കുന്ന നാലാമത്തെ രാജ്യമാണ് ചൈന.  ബീജിംഗിന്റെ കനത്ത കടബാധ്യത ഏല്പിക്കുന്ന നയതന്ത്രം കണക്കിലെടുക്കുമ്പോൾ, വികസന സഹായവും സാമ്പത്തിക സഹായവും ആവശ്യമുള്ള ചെറുകിട വികസിത രാജ്യങ്ങളിൽ സാമ്പ്രാജ്യത്വ താല്പര്യങ്ങൾ വിപുലീകരിക്കുന്നതിനായി അത് ഉപയോഗിക്കുകയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

ഈ രാജ്യങ്ങളിൽ ഭൂരിഭാഗത്തിന്റെയും വ്യാപാര സന്തുലിതാവസ്ഥ നിരാശാജനകമായി ചൈനയ്ക്ക് അനുകൂലമായി ചായുന്നു എന്നത് ചൈനയുടെ കടക്കെണിയിലേക്ക് ഈ രാജ്യങ്ങളെ കൂപ്പുകുത്താൻ ഇടയാക്കുന്നു.

ശ്രീലങ്കയുടെ അഭൂതപൂർവമായ സാമ്പത്തിക തകർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്, ചൈനയിൽ നിന്ന് വൻതോതിൽ വായ്പയെടുത്ത് ശ്രീലങ്ക ഏറ്റെടുത്ത വെള്ള ആന പദ്ധതികൾക്കൊപ്പം അതിന്റെ താങ്ങാനാവാത്ത കടവുമാണ്. ജാപ്പനീസ് നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമായി, രാജ്യത്തിന്റെ ദീർഘകാല പൊതു താൽപ്പര്യത്തിനോ അനുയോജ്യതയ്‌ക്കോ ഫലപ്രാപ്തിക്കോ വേണ്ടിയുള്ള നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ചൈന സഹായിക്കുന്നതായി കാണുന്നില്ല.

The Colombo Port City, developed by China Harbor Engineering Co., a unit of China Communications Construction Co., in Colombo, Sri Lanka, in 2018.

ഇന്ത്യൻ മഹാസമുദ്ര മേഖല, ആഫ്രിക്ക, കരീബിയൻ, പസഫിക് ദ്വീപുകൾ എന്നിവിടങ്ങളിൽ ബീജിംഗിന്റെ കടക്കെണി തന്ത്രം ഇതിനകം തന്നെ പ്രയോഗത്തിൽ വരുത്തിക്കഴിഞ്ഞു. ശ്രീലങ്കയിൽ രാഷ്ട്രീയ അനിശ്ചിതത്വം ദീർഘകാലം തുടർന്നാൽ, അത് ശ്രീലങ്കയെ സാമ്പത്തികമായി കൂടുതൽ തളർത്തുകയും ദ്വീപ് രാഷ്ട്രത്തെ രാഷ്ട്രീയമായും സൈനികമായും ചൈന കീഴ്പ്പെടുത്തുകയും ചെയ്യും.

മാത്രമല്ല, കടബാധ്യതയിലൂടെ ശ്രീലങ്കയുടെ മേൽ സമ്പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാൻ ചൈനയെ അനുവദിക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ നിയമവാഴ്ചയ്ക്കും സുരക്ഷയ്ക്കും ഭീഷണിയായി മാറും. ഇതിനെ പ്രതിരോധിക്കണമെങ്കിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളം ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരവും പരസ്പര പ്രയോജനകരവുമായ ഒരു സാമ്പത്തിക തന്ത്രം ഈ മേഖലയിലുള്ള മറ്റ് രാജ്യങ്ങൾ ചേർന്ന് രൂപപ്പെടുത്തുക എന്നതാണ്.

പൊതുജനങ്ങളുടെ രോഷം ഏറ്റവുമധികം മേയ് മാസത്തിൽ രാജിവച്ച പ്രസിഡന്റ് രാജപക്‌സെയെയും അദ്ദേഹത്തിന്റെ സഹോദരൻ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയെയും കേന്ദ്രീകരിച്ചു കൊണ്ടാണ് എന്നു കാണാൻ കഴിയുമെങ്കിലും പുതിയ ഭരണ സംവിധാനം നിലവിൽ വന്നാലും ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അന്താരാഷ്ട്ര നാണ്യ നിധിയുടെയും മറ്റ് രാജ്യങ്ങളുടെയും സാമ്പത്തിക സഹായം വേണ്ടുവോളം ലഭിച്ചാൽ മാത്രമെ ഇപ്പോഴുള്ള പ്രതിസന്ധിക്ക് ഒരു പരിഹാരമാകൂ.

അയൽ രാജ്യവും ഭൂമിശാസ്ത്രപരമായി തന്ത്ര പ്രധാനമായി സ്ഥിതി ചെയ്യുന്നതുമായ ശീലങ്കയുടെ ഇന്നത്തെ ഈ അപകടകരമായ അവസ്ഥ ഭാരതത്തെ സംബന്ധിച്ചിടത്തോളം വളരെ ആശങ്ക സൃഷ്ടിക്കുന്നതാണ്. അനിയന്ത്രിതമായ അഭയാർത്ഥി പ്രവാഹം ഉണ്ടാകുന്ന സാഹചര്യത്തിൽ ഇപ്പോൾ തന്നെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം ഉൾപ്പെടുന്ന ദക്ഷിണ ഭാരതത്തിന് താങ്ങാവുന്നതിൽ അപ്പുറമായിരിക്കും. അതുകൊണ്ടു തന്നെ ഭാരതം മുൻകൈയെടുത്ത് ഇതിന് അടിയന്തിരമായി പരിഹാരം കാണണം.
എസ്.ജെ.ആർ. കുമാർ

Protesters storm Sri Lankan president’s official residence.
Scroll to Top