Vijayadashami Message 2021…

രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് വേണ്ടത് സമൂഹഐക്യം; ജാതിമതചിന്തക്കതീതമായ ഐക്യമാണ് രാജ്യത്തിന്റെ ശക്തി: ഡോ.മോഹൻ ഭാഗവത്…

Poojaneeya Sarsanghchalak Mohan ji Bhagwat

രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് ആദ്യം വേണ്ടത് സമൂഹഐക്യമാണെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത്. ജാതിമതചിന്തക്കതീതമായ ഐക്യമാണ് ഭാരതത്തില്‍ വേണ്ടത്. നാഗ്പൂരിലെ രേശിംബാഗില്‍ വിജയദശമി ദിന
സന്ദേശം നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യത്തിനറെ 75-ാം വാർഷികമാണ്. കുണ്ടറ വിളംബരത്തിലൂടെ കേരളത്തിലും ബ്രിട്ടീഷുകാരെ ഈ മണ്ണിൽ നിന്ന് ഓടിക്കാൻ ആഹ്വാനമുണ്ടായി. വീരപാണ്ഡ്യകട്ടബൊമ്മൻ തമിഴ്നാട്ടിലും ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടം നയിച്ചു. മഹാത്മാഗാന്ധി ഉപ്പുസത്യാഗ്രഹത്തിലൂടെ പോരാടി. ജനങ്ങളുടെ സ്വാതന്ത്ര്യവും ഉന്നമനവും ലക്ഷ്യമിട്ടായിരുന്നു ഇതെല്ലാം. സാമൂഹ്യമാറ്റത്തിലൂടെയാണ് നാം നാടിന്റെ കരുത്ത് വർദ്ധിപ്പിക്കേണ്ടത്.

നാട്ടിൽ മതത്തിന്റെ പേരിലും ജാതിയുടെ പേരിലുമുള്ള സംഘർഷങ്ങളെ ഫലപ്രദമായി തടയാൻ മനസ്സിലാണ് മാറ്റം വരുത്തേണ്ടത്. സാമൂഹ്യസമരസതാ മേഖലകളിലൂടെ സ്വയംസേവകർ രാജ്യം മുഴുവൻ നിരവധി പ്രവർത്തനങ്ങളാണ് നടത്തുന്നത്. ധർമ്മ ഗുരുക്കന്മാർ മുൻപ് നടത്തിയ സാമൂഹ്യ ഏകീകരണം, പൂജകൾക്കപ്പുറമുള്ള ധാർമ്മിക ഐക്യം എല്ലാം നമുക്ക് മുന്നിലുണ്ട്. എല്ലാവരും സുഖമായിരിക്കട്ടെ എന്ന ആദ്ധ്യാത്മിക തയിലാണ് രാജ്യത്തിന്റെ അടിത്തറ നിലനിൽക്കുന്നത്. ടാഗോറും സ്വാതന്ത്ര്യ സമര സേനാനികളും ഇതേ പാതയിലൂടെയാണ് നമ്മുടെ നാട്ടിലെ സാമൂഹ്യഐക്യത്തെ മുറുകെ പിടിച്ചത്. സത്യത്തിലൂടെ മാത്രം സഞ്ചരിക്കാനാണ് അവർ പഠിപ്പിച്ചതെന്നും മോഹൻ ഭാഗവത് പറഞ്ഞു.

ഭരണവ്യവസ്ഥ മാത്രമാണ് ഫെഡറൽ. പക്ഷെ ജനം ഫെഡറലല്ല ആകേണ്ടത്.മറിച്ച് പരസ്പരം മനസ്സുകൊണ്ട് ഒന്നായി സംസ്ഥാനങ്ങൾക്ക് അതീതമായി ഒരു രാജ്യമെന്ന നിലയിൽ പ്രവർത്തിക്കണം. രാഷ്‌ട്രീയക്കാർ ജനങ്ങളെ തമ്മിൽ തല്ലിക്കാൻ മത്സരിക്കുകയാണ്. ജനം ഇത് മനസ്സിലാക്കണം. സന്തോഷം നശിപ്പിക്കുന്ന പ്രവർത്തനങ്ങളും, വെെകാരികത വളർത്തലുമാണ് ഇന്ന് നടക്കുന്നത്. വിഘടനചിന്തകൾക്ക് ആധുനിക മാദ്ധ്യമങ്ങളും വളംവെയ്‌ക്കുന്നു. വാട്‌സ് ആപ്പ് സന്ദേശങ്ങൾ എരിതീയിൽ എണ്ണയൊഴിക്കുകയാണ്.

ആധുനിക മാദ്ധ്യമങ്ങളെല്ലാം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഒടിപി പ്ലാറ്റ് ഫോം ചിത്രങ്ങളെപ്പറ്റി ആർക്കും ചിന്തയില്ല.രാജ്യത്തിന്റെ സംസ്‌കാരത്തെ തകിടം മറിക്കുന്ന ചിത്രങ്ങൾ നേരിട്ട് കൈകളിലേക്ക് എത്തുകയാണ്. കുട്ടികളുടെ കൈകളിലെല്ലാം മൊബൈൽ. ആര് നിയന്ത്രിക്കും. മയക്കുമരുന്ന് ഉന്നതന്മാരിലൂടെ കയ്യിലും സാധാരണക്കാരിലും എത്തിക്കൊണ്ടിരിക്കുന്നു. സമ്പത്ഘടനയെ മാറ്റിമറിക്കുന്ന ബിറ്റ്‌കൊയിൻ കറൻസി ആരുടെ നിയന്ത്രണത്തിലാണ്. ഇതെല്ലാം നിയന്ത്രിക്കപ്പെടേണ്ടതാണ്. പക്ഷേ എല്ലാം സർക്കാർ സംവിധാനം ശരിയാക്കും എന്നല്ല ചിന്തിക്കേണ്ടത്. ആദ്യം ജനമനസ്സിൽ ഇത്തരം അപകടങ്ങൾക്കെതിരെ ജാഗരൂകത വേണം.

അയോദ്ധ്യാ ക്ഷേത്രത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. ജനം ഉത്സാഹത്തിലാണ്.ജാതിമത ഭേദമന്യേ എല്ലാവരും പിന്തുണച്ചു. രാജ്യത്തിന്റെ സ്വന്തമായ എന്തോ ഒന്ന് തിരികെ വരുന്നു എന്ന ചിന്ത ശക്തമാണ്. ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും ഉണ്ടായ നേട്ടം എത്ര അഭിനന്ദനാർഹമാണ്. എല്ലാവരിലും രാജ്യമെന്ന അഭിമാനവും ആത്മവിശ്വാസവുമാണ് ഉണ്ടായിരിക്കുന്നതെന്നതും ഏറെ ശ്രദ്ധിക്കേണ്ടതാണെന്നും ആർ.എസ്.എസ് മേധാവി പറഞ്ഞു.

കൊറോണ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. രാജ്യം മുഴുവൻ പോരാടുന്നു. എല്ലാവരും ബോധവാന്മാരാണ്. പക്ഷെ നിത്യജീവിതത്തിലെ ആരോഗ്യത്തെക്കുറിച്ച് എത്ര കണ്ട് ചിന്തിക്കുന്നു. ശരീരം സ്വസ്ഥമാകണമെന്ന് ചിന്തിച്ച ആയുർവ്വേദത്തിന്റെ നാടാണിത്. ശുചിത്വം പ്രധാനമാണ്. നഗരത്തിന് വൃത്തിയുടെ പേരിൽ മികച്ച സമ്മാനം ലഭിക്കുന്നതു മാത്രമല്ല ലക്ഷ്യം. വായുവിന്റെ ശുചിത്വം എങ്ങനെയെന്ന് ആർക്കറിയാം. കൃഷിയിൽ രാസവളം ഉള്ളിടത്തോളം കാൻസർ ഉണ്ടാകും. പ്ലാസ്റ്റിക് വായുവിനേയും വെള്ളത്തേയും മലിനമാക്കുന്നു. ഇതിലെല്ലാം ചിന്തവേണം. എല്ലായിടത്തും പരമാവധി വൃക്ഷങ്ങൾ നടാൻ നാം തയ്യാറാകണം. ജലശുദ്ധീകരണവും നടക്കണമെന്നും മോഹൻ ഭാഗവത് നിർദ്ദേശിച്ചു.

ജനസംഖ്യയെപ്പറ്റി നമ്മുടെ ചിന്തയെന്താണ്. മതപരമായ ജനസംഖ്യയിൽ പലയിടത്തും അനിയന്ത്രിതമായ മാറ്റമാണ് കാണുന്നത്. അതിർത്തിയിലെ നുഴഞ്ഞുകയറ്റത്തിലൂടെ രാജ്യം ദുർബലപ്പെടുന്നത് തടയണം. പൗരത്വ നിയമം ശക്തമാക്കണം. അതിർത്തി സുരക്ഷ ശക്തമാക്കണം. രണ്ടു കുട്ടികളെന്ന സാമൂഹ്യ നിയന്ത്രണത്തിനപ്പുറം സാമൂഹ്യമായ ശക്തിക്ക് ജനസംഖ്യയെ ഭാവാത്മകമായി ഉപയോഗിക്കാനും നമുക്കാവണമെന്നും മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി.

താലിബാൻ ഓരോ ദിവസവും ഓരോ കാര്യം പറയുന്നു. അവരുടെ മുൻകാല ചരിത്രം നമുക്കെല്ലാം അറിയാം. എന്നാൽ ഭീകരതയെ എങ്ങനെ നേരിടണമെന്നതും നമുക്കറിയാം. പക്ഷെ അതിനോടൊപ്പം സംവാദവും ചർച്ചയും നടക്കേണ്ടത്ര നടക്കുകയും വേണം. നമ്മുടെ അതിർത്തി സുരക്ഷ കൂടുതൽ ശക്തമാകണം. സമുദ്രസുരക്ഷയും ശ്രദ്ധിക്കണം. രാജ്യത്തിനകത്തെ ദുഷ്ടശക്തികളെ നിയന്ത്രിക്കണം. സൈബർ സുരക്ഷയെപ്പറ്റി കൂടുതലായി ചിന്തിക്കണമെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.