ശബരിമല: ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി

News update: 15.12.2020
ശബരിമല: ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; ഡിസംബര്‍ 26ന് ശേഷം ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധം

ഇതുവരെ നടപ്പാക്കിയിരുന്ന നടപടികൾ തികച്ചും പരാജയമായിരുന്നു എന്നതിന് ഇതു തന്നെ തെളിവ്.  പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഇതു മൂലം കോവിഡ് വ്യാപനത്തിൽ ഉണ്ടായ വലിയ വർദ്ധന അമ്പരിപ്പിക്കുന്നതാണ്.

കോവിഡ് വ്യാപനത്തിന്റെ സാധ്യത വേണ്ടവണ്ണം കണക്കിലെടുക്കാതെ മണ്ഡല -മകരവിളക്ക് കാലത്ത് ഭക്ത ജനങ്ങളെ പ്രവേശിപ്പിക്കാനുള്ള തെറ്റായ തീരുമാനത്തിന്റെ ഫലമായി ശബരിമലയിൽ കോവിഡ് പടർന്നു പിടിച്ചപ്പോഴും അത് കണക്കിലെടുത്ത് പ്രവേശനം നിരോധിക്കുന്നതിന് പകരം പ്രവേശിപ്പിക്കുന്നവരുടെ സംഖ്യ ഇരട്ടിപ്പിച്ച നടപടി ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തെ സർക്കാർ അവഗണിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.

ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധമാക്കിയതു വഴി ഇതുവരെ നിലയ്ക്കലിൽ നടത്തിക്കൊണ്ടിരുന്ന കോവിഡ് ടെസ്റ്റ് തികച്ചും ഒരു പ്രഹസനം മാത്രമായിരുന്നു എന്ന് തെളിയിക്കുന്നു. അത്തരം ഫലപ്രദമല്ലാത്ത പരിശോധന നടത്തി ഭക്ത ജനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിവെച്ച് സ്വകാര്യ സ്ഥാപനങ്ങൾക്ക് സാമ്പത്തിക നേട്ടത്തിന് അവസരമൊരുക്കിയത് സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനത്തിന്റെ മറ്റൊരു ഉദാഹരണമാണ്.

ശബരിമല തീർഥാടനത്തിനോടനുബന്ധിച്ച് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുതുക്കിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതുവരെ 51 തീർഥാടകർക്കും 245 ജീവനക്കാർക്കും 3 മറ്റുള്ളവർക്കും ഉൾപ്പെടെ 299 പേർക്കാണ് കോവിഡ് ബാധിച്ചത്.

ഈ കാലത്ത് പത്തനംതിട്ടയിൽ 31 ശതമാനവും കോട്ടയത്ത് 11 ശതമാനവും കേസുകളിൽ വർധനവുണ്ടായെന്നാണ് റിപ്പോർട്ട്. അതോടൊപ്പം തിരഞ്ഞെടുപ്പ് മൂലമുണ്ടായ ആൾക്കാരുടെ ഇടപെടലും രോഗഭീഷണിയായി മാറിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ എല്ലാവരും ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
മോശം വായുസഞ്ചാരമുള്ള അടച്ച ഇടങ്ങൾ, ആൾക്കൂട്ടമുള്ള സ്ഥലങ്ങൾ, മുഖാമുഖം അടുത്ത സമ്പർക്കം വരുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗവ്യാപന സാധ്യതയുള്ളത്. അതിനാൽ തന്നെ ഈ സ്ഥലങ്ങളിൽ ഏറെ ജാഗ്രത വേണം. ഏങ്കിൽ രോഗ വ്യാപന സാധ്യത വളരെയധികം കുറയ്ക്കാനാകും.

1. എല്ലാവരും കോവിഡ്-19 മുൻകരുതലുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മല കയറുമ്പോൾ ശാരീരിക അകലം പാലിക്കണം. അടുത്തിടപഴകുന്നത് മൂലം വളരെ കുറച്ച് പേരിൽ നിന്നും വളരെയധികം പേരിലേക്ക് പെട്ടന്ന് രോഗം പകരുന്ന സൂപ്പർ സ്പ്രെഡിംഗ് സംഭവിക്കുന്നത് ഒഴിവാക്കുക. തീർഥാടകർക്കിടയിൽ അടുത്ത ബന്ധം ഒഴിവാക്കണം. തീർഥാടകരുടെ എണ്ണം ഒരു നിശ്ചിത സംഖ്യയിലേക്ക് പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്.

2. ഫലപ്രദമായി കൈകഴുകൽ, ശാരീരിക അകലം പാലിക്കൽ, മാസ്കുകളുടെ ഉപയോഗം എന്നിവ ഉൾപ്പെടെ യാത്ര ചെയ്യുമ്പോൾ എല്ലാ സുരക്ഷാ മുൻകരുതലുകളും തീർഥാടകർ പാലിക്കേണ്ടതാണ്. സാനിറ്റൈസർ കൈയ്യിൽ കരുതണം.

3. അടുത്തിടെ കോവിഡ് ബാധിച്ച അല്ലെങ്കിൽ പനി, ചുമ, ശ്വസന ലക്ഷണങ്ങൾ, ക്ഷീണം, ഗന്ധം തിരിച്ചറിയാൻ പറ്റുന്നില്ല തുടങ്ങിയ ലക്ഷണങ്ങളുള്ളവർ തീർഥാടനത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കേണ്ടതാണ്.

4. ഡ്യൂട്ടിയിൽ വിന്യസിക്കുന്നതിന് മുമ്പ് പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥരിൽ നിന്നുള്ള പോസിറ്റീവ് രോഗികളുടെ എണ്ണം വളരെ കൂടുതലായതിനാൽ പരിശോധനയിലും മാറ്റം വരുത്തിയിട്ടുണ്ട്. 2020 ഡിസംബർ 26ന് മണ്ഡലമാസ പൂജയ്ക്ക് ശേഷം വരുന്ന എല്ലാ തീർഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും ആർ.ടി.പി.സി.ആർ. പരിശോധന നടത്തേണ്ടതാണ്. എല്ലാ തീർഥാടകരും നിലക്കലിൽ എത്തുന്നതിന് 24 മണിക്കൂർ മുമ്പ് ഐസിഎംആറിന്റെ അംഗീകാരമുള്ള എൻഎബിഎൽ അക്രഡിറ്റേഷനുള്ള ലാബിൽ നിന്നെടുത്ത ആർ.ടി.പി.സി.ആർ, ആർ.ടി. ലാമ്പ്, എക്സ്പ്രസ് നാറ്റ് തുടങ്ങിയ ഏതെങ്കിലും പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്.

5. ശബരിമലയിൽ ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും ആർ.ടി.പി.സി.ആർ, ആർ.ടി. ലാമ്പ് അല്ലെങ്കിൽ എക്സ്പ്രസ് നാറ്റ് പരിശോധന നടത്തേണ്ടതാണ്.

6. ശബരിമലയിൽ എത്തുമ്പോൾ തീർഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും കുറഞ്ഞത് ഓരോ 30 മിനിറ്റിലും കൈ കഴുകുകയോ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം. സാധ്യമാകുന്നിടത്ത് 6 അടി ശാരീരിക അകലം പാലിക്കുകയും മാസ്കുകൾ ശരിയായി ധരിക്കുകയും വേണം.

7. കോവിഡിൽ നിന്നും മുക്തരായ രോഗികൾക്ക് ശാരീരിക പ്രശ്നങ്ങൾ ദീർഘകാലം നീണ്ടു നിന്നേക്കാം. മലകയറ്റം പോലുള്ള ആയാസകരമായ പ്രവർത്തികളിൽ ഇത് പ്രകടമായേക്കാം. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നതിനാൽ മലകയറുന്നതിന് മുമ്പ് ശാരീരികക്ഷമത ഉറപ്പ് വരുത്തേണ്ടതാണ്.

8. നിലക്കലിലും പമ്പയിലുമുള്ള ആളുകളുടെ കൂട്ടംകൂടൽ ഒഴിവാക്കേണ്ടതാണ്. ഓരോ ഉപയോഗത്തിന് ശേഷവും ടോയ്ലറ്റുകൾ അണുവിമുക്തമാക്കണം. തീർഥാടകർ മലയിറങ്ങിയ ശേഷം കൂട്ടം കൂടാതെ പോകുന്ന തരത്തിൽ മടക്കയാത്ര ആസൂത്രണം ചെയ്യണം.

9. തീർഥാടകർക്കൊപ്പമുള്ള ഡ്രൈവർമാർ, ക്ലീനർമാർ, പാചകക്കാർ തുടങ്ങിയ എല്ലാവരും ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതാണ്.