🚩സ്വാമിയേ ശരണമയ്യപ്പ🚩
അയ്യപ്പഭക്തർക്ക് അഭിമാന നിമിഷം… റിപ്പബ്ലിക്ക് ദിന പരേഡിൽ സ്വാമിയേ ശരണമയ്യപ്പ എന്ന അയ്യപ്പ മന്ത്രം മുഴങ്ങിക്കേൾക്കും…
ഒരാഴ്ചയ്ക്കുള്ളിൽ, റിപ്പബ്ലിക് ദിന പരേഡിൽ “സ്വാമിയേ ശരണമയ്യപ്പ” എന്ന പവിത്രമായ അയ്യപ്പ മന്ത്രം ന്യൂഡൽഹിയിലെ രാജപാതയിൽ പ്രതിധ്വനിക്കും. ഭാരത സൈന്യത്തിന്റെ ഏറ്റവും മാരകമായ ശക്തികളിലൊന്നായ 861 ബ്രഹ്മോസ് റെജിമെന്റ് രാജ്യ തലസ്ഥാനത്ത് നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുത്തു കൊണ്ട് സ്വാമി അയ്യപ്പന്റെ ആവേശകരമായ പ്രാർത്ഥന ചൊല്ലാൻ ഒരുങ്ങുന്നു.
ഇന്ത്യൻ സൈന്യത്തിന്റെ റെജിമെന്റ് ഓഫ് ആർട്ടിലറിയുടെ ഭാഗമായ 861 മിസൈൽ റെജിമെന്റ് ഈ വർഷം ദില്ലിയിലെ രാജപാതയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ബ്രഹ്മോസ് മിസൈൽ പ്രദർശിപ്പിക്കും. ‘സ്വാമിയേ ശരണം അയ്യപ്പ’ എന്നാണ് റെജിമെന്റിന്റെ യുദ്ധ ഘോഷം (വാർ ക്രൈ).
ജനുവരി 15 ന് 861 മിസൈൽ റെജിമെന്റും അതിന്റെ ബ്രഹ്മോസ് മിസൈൽ സംവിധാനങ്ങളും 73-ാമത് ഇന്ത്യൻ ആർമി ദിനത്തിൽ പങ്കെടുത്തപ്പോഴാണ് ആദ്യമായി അയ്യപ്പ സ്വാമിയുടെ പവിത്രമായ മന്ത്രം മുഴങ്ങിക്കേട്ടത്.

ദുർഗാ മാതാ കി ജയ്, ഭാരത് മാതാ കി ജയ് എന്നിവയയോടൊപ്പമാണ് സ്വാമിയേ ശരണമയ്യപ്പ എന്ന യുദ്ധ ഘോഷുവും ഉയർത്തുന്നത് എന്നതും വളരെ പ്രധാനമാണ്. അമ്പും വില്ലും ധരിച്ചു കൊണ്ട് പുലി വാഹനനായി ദുഷ്ടശക്തികളെ പരാജയപ്പെടുത്തിയ സ്വാമി അയ്യപ്പന്റെ ശരണമന്ത്രം ബ്രഹ്മോസ് റെജിമെന്റിന്റെ യുദ്ധ ഘോഷമായി തിരഞ്ഞെടുത്തത് ഏറ്റവും ഉചിതമായ ഒന്നാണ്. കൂടാതെ ഇത് തികച്ചും അയ്യപ്പ സ്വാമിയോടുളള ആദര സൂചകമാണെന്ന് മാത്രമല്ല 861 ബ്രഹ്മോസ് റെജിമെന്റ് ഭാരത സേനയിലെ ഏറ്റവും മാരകമായ ശക്തിയാണെന്നത് വിളിച്ചോതുന്ന ഒരു സന്ദേശം കൂടിയാണ്.

നിലവിൽ ഇന്ത്യൻ ആർമിയിലുള്ള മൂന്ന് ബ്രഹ്മോസ് റെജിമെന്റുകളിൽ ഒന്നാണ് 861 മിസൈൽ റെജിമെന്റ്. 1963 ജൂൺ 20 ന് 121 (സ്വതന്ത്ര) ഹെവി മോർട്ടാർ ബാറ്ററിയും (കോംഗോ) 35 ഹെവി മോർട്ടാർ റെജിമെന്റിന്റെ ബാറ്ററിയും ലയിപ്പിച്ചാണ് ഇത് ആദ്യമായി 863 ലൈറ്റ് ബാറ്ററിയായി ഉയർത്തിയത്. ആദ്യത്തെ കമാൻഡിംഗ് ഓഫീസർ ആയിരുന്നു ലെഫ്റ്റനന്റ് കേണൽ സേവാ റാം.
1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ ചേം മേഖലയിലെ പോരാട്ടത്തിൽ 10 കാലാൾപ്പട ഡിവിഷനിലെ 28 കാലാൾപ്പട ബ്രിഗേഡിന് ഈ റെജിമെന്റ് അഗ്നിശക്തി നൽകി. റെജിമെന്റിന് “ലാലിയാലി”, “പിക്കറ്റ് 707” എന്നീ യുദ്ധ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഓപ്പറേഷൻ മേഘദൂത്, ഓപ്പറേഷൻ വിജയ്, ഓപ്പറേഷൻ പരാക്രം എന്നിവയിലും റെജിമെന്റ് പങ്കെടുത്തിട്ടുണ്ട്.
🚩സ്വാമിയേ ശരണമയ്യപ്പ🚩
എസ്.ജെ.ആർ. കുമാർ
