തൃക്കാർത്തിക
ഇന്ന് തൃക്കാർത്തിക…
പരാശക്തി അധർമ്മത്തെ ഇല്ലാതാക്കി ധർമ്മം പുനഃസ്ഥാപിച്ച സുദിനമാണ് തൃക്കാർത്തിക. ഭൂമിയിൽ ദേവീ സാമീപ്യമുള്ള ഈ ദിനത്തിൽ സർവ്വ ഐശ്വര്യങ്ങൾക്കും വേണ്ടി സ്വന്തം ഭവനത്തിലേക്ക് ദീപാലങ്കാരത്തോടെ ദേവിയെ വരവേൽക്കുകയാണ് തൃക്കാർത്തിക വിളക്കുകൾ തെളിക്കുക വഴി നമ്മൾ ചെയ്യുന്നത്. കുടുംബാംഗങ്ങൾ ഒന്നിച്ച് വീടിനു മുന്നിൽ മൺ ചിരാതുകളിൽ ദീപങ്ങൾ തെളിച്ച് ദേവിയെ വരവേറ്റ ശേഷം ദേവിയെ പ്രസാദിപ്പിക്കാനായി ഒന്നിച്ചിരുന്ന് നാമം ജപിക്കണം. ഇന്നത്തെ സന്ധ്യാനാമജപത്തിൽ ദേവീ സ്തോത്രങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്.
കോവിഡ് – 19 എന്ന മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷപ്പെടുത്തുന്നതിനും ലോകത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകുവാനുമായി നമുക്ക് പ്രാർത്ഥിക്കാം.
കേരളത്തിൽ വളരെ നാളുകളായി സംഹാര താണ്ഡവമാടുന്ന അധാർമ്മിക ശക്തികളെ ഉന്മൂലനം ചെയ്യാനായി നമുക്ക് പ്രാർത്ഥിക്കാം.
ക്ഷേത്രാചാരങ്ങളെയും വിശ്വാസങ്ങളെയും തകർത്ത് ഹൈന്ദവ സമാജത്തിന്റെ താങ്ങും തണലുമായ, ദേവീദേവന്മാരുടെ വാസസ്ഥലമായ, ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങളെ ഇല്ലാതാക്കി നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന അധർമ്മികളുടെ മേൽ വിജയം വരിക്കാനായി പ്രാർത്ഥിക്കാം.
മത തീവ്രവാദികളുടെയും ഭീകരവാദികളുടെയും മയക്ക് മരുന്ന് സംഘങ്ങളുടെയും കള്ളക്കടത്തുകാരുടെയും സ്ത്രീ പീഢകരുടെയും അഴിമതിക്കാരുടെയും നാടായി കേരളത്തെ മാറ്റികൊണ്ടിരിക്കുന്ന ഭരണാധികാരികളുടെയും മത-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പിടിയിൽ നിന്നും നാടിനെയും ജനങ്ങളേയും രക്ഷിക്കാനായി നമുക്ക് പ്രാർത്ഥിക്കാം.
ഭാരതത്തിന്റെ എല്ലാ വിഭവങ്ങളും അനുഭവിച്ചു കൊണ്ട് പൂർണ്ണ സുരക്ഷിതരായി കഴിയുകയും എന്നാൽ ഭാരതത്തെ ഇല്ലാതാക്കാനായി വൈദേശിക ശക്തികൾക്ക് വേണ്ടി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പ്രതിലോമകാരിളുടെ മാനസിക പരിവർത്തനത്തിനായി നമുക്ക് പ്രാർത്ഥിക്കാം.
ശബരിമല സ്വാമി അയ്യപ്പന്റെ അനുഗ്രത്തിനായി വൃതം അനുഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ പുണ്യവൃശ്ചിക മാസത്തിലെ തൃക്കാർത്തിക നാളിൽ പൂർണ്ണ സമർപ്പണത്തോടെ നടത്തുന്ന പ്രാർത്ഥനകൾക്ക് മറ്റേതൊരു സമയത്തേക്കാളും ഫലപ്രാപ്തി ഉണ്ടാകുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല.
കോടാനുകോടി ദീപങ്ങളുടെ പ്രഭയിലൂടെയും നാമജപങ്ങളിലൂടെയും കൈവരുന്ന ആദ്ധ്യാത്മിക ശക്തിയിലൂടെ പരാശക്തിയെ പ്രസാദിപ്പിച്ച് അധർമ്മത്തിനു മേൽ വീണ്ടും വിജയം വരിക്കാനാകുന്ന ഒരു സുദിനമായ ഈ തൃക്കാർത്തിക നാളിനെ നമുക്ക് വരവേൽക്കാം.
അമ്മേ നാരായണ,
ദേവീ നാരായണ,
ലക്ഷ്മീ നാരായണ,
ഭദ്രേ നാരായണ.
സ്വാമിയേ ശരണമയ്യപ്പ
എസ്.ജെ.ആർ. കുമാർ