1918 ലെ മാരകമായ ഇൻഫ്ലുവൻസ പാൻഡെമിക്

1918 ലെ മാരകമായ ഇൻഫ്ലുവൻസ പാൻഡെമിക്

1918 ലെ ഇൻഫ്ലുവൻസ പാൻഡെമിക് സമീപകാല ചരിത്രത്തിലെ ഏറ്റവും മാരകമായ പകർച്ചവ്യാധിയായിരുന്നു. ഏവിയൻ വംശജരായ ജീനുകളുള്ള എച്ച്1 എൻ1 വൈറസ് മൂലമാണ് ഇത് ഉത്ഭവിച്ചത് എന്നാണ് മനസിലാക്കുന്നത്. എന്നാൽ ഇത് എവിടെ നിന്നാണ് ഉത്ഭവിച്ചതെന്നതിനെക്കുറിച്ച് സാർവത്രിക സമവായം ഉണ്ടായില്ലെങ്കിലും, 1918-1919 കാലഘട്ടത്തിൽ ഇത് ലോകമെമ്പാടും വ്യാപിച്ചു. അമേരിക്കൻ ഐക്യനാടുകളിൽ, 1918 ലെ വസന്തകാലത്താണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. ഏകദേശം 50 കോടി ആളുകൾ അല്ലെങ്കിൽ അന്നത്തെ ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകളെ ഈ വൈറസ് ബാധിച്ചതായി കണക്കാക്കപ്പെടുന്നു.

[ശ്വസനവ്യവസ്ഥയെ ആക്രമിക്കുന്ന വൈറസാണ് ഇൻഫ്ലുവൻസ അഥവാ ഫ്ലു. ഇൻഫ്ലുവൻസ വൈറസ് വളരെ പെട്ടന്ന് പകരുന്ന ഒന്നാണ്. രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോൾ, തുമ്മുമ്പോൾ അല്ലെങ്കിൽ സംസാരിക്കുമ്പോൾ, സൂക്ഷ്മമായ ദ്രാവകരൂപത്തിലുള്ള ശ്വസന കണികൾ ഉൽ‌പാദിപ്പിക്കുകയും വായുവിലേക്ക് അത് പടരുകയും ചെയ്യുന്നു. തുടർന്ന് സമീപത്തുള്ള ആളുകൾ ശ്വസിക്കുമ്പോൾ അത് അവരുടെ ഉള്ളിലേക്ക് കടക്കുന്നു.]

ഇപ്പോൾ കൊറോണയുടെ കാര്യത്തിലെന്നപോലെ അമേരിക്കയാണ് ഏറ്റവും അധികം ഈ മഹാമാരിയുടെ പിടിയിലായത്. ലോകത്താകമാനം 5 കോടി ആളുകൾ മരപ്പെട്ടപ്പോൾ അമേരിക്കയിൽ മാത്രമായി 6,75,000 ആളുകളാണ് മരണത്തിന് കീഴടങ്ങിയത്. രോഗം മാറിയ ശേഷവും അതിന്റെ ആഘാതം ദൂരവ്യാപകമാണ് എന്ന് കണ്ടു. കാരണം ഈ പാൻഡെമിക് അമേരിക്കയിലെ ശരാശരി ആയുർദൈർഘ്യം 12 വർഷത്തിലധികം കുറച്ചു.

[അമേരിക്കൻ ഐക്യനാടുകളിൽ, “ഫ്ലൂ സീസൺ” സാധാരണയായി ഹേമന്തകാലത്തിന്റെ അവസാനം മുതൽ വസന്തകാലം വരെയാണ്. ഒരു സാധാരണ വർഷത്തിൽ, 2,00,000 ത്തിലധികം അമേരിക്കക്കാർ ഇൻഫ്ലുവൻസ സംബന്ധമായ സങ്കീർണതകൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പ്രതിവർഷം 3,000 മുതൽ 49,000 വരെ ഫ്ലൂ സംബന്ധമായ യുഎസ് മരണങ്ങൾ നടക്കുന്നു. ഇൻഫ്ലുവൻസ പടർന്നു പിടിക്കുന്നത്, പ്രത്യേകിച്ച് മാരകമായ പുതിയ ജനിതക മാറ്റം സംഭവിച്ച ഇൻഫ്ലുവൻസ വൈറസുകൾ, അവ ആവിർഭവിച്ച ശേഷം മനുഷ്യരിൽ പ്രതിരോധശേഷി കുറവുള്ള സമയത്ത് ലോകമെമ്പാടും വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്ക് വേഗത്തിൽ വ്യാപിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് “ഫ്ലൂ സീസൺ” തന്നെ ഉണ്ടാകുന്നത്.]

1918 ന് മുമ്പോ അതിന് ശേഷമോ ഇത്ര വിനാശകരമായ ഒരു മഹാമാരി ലോകത്തെവിടെയും ഉണ്ടായതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. കോവിഡ് 19ന്റെ കാര്യത്തിലും ഇതുപോലെ ദൂരവ്യാപകമായ ആഘാതങ്ങൾ എന്തായിരിക്കും എന്ന് തിരിച്ചറിയേണ്ടതുണ്ട്.

5 വയസ്സിന് താഴെയുള്ളവരും 20 തിനും 40 തിനും ഇടയ്ക്ക് പ്രായം ഉള്ളവരും 65 വയസ്സും അതിൽ കൂടുതലുമുള്ള ആളുകളിൽ മരണനിരക്ക് വളരെ കൂടുതലായിരുന്നു. ആരോഗ്യമുള്ള ആളുകളിൽ ഉയർന്ന മരണനിരക്ക്, 20-40 വയസ് പ്രായമുള്ളവർ ഉൾപ്പെടെ, ഈ പാൻഡെമിക്കിന്റെ സവിശേഷതയാണ്. 1918 എച്ച്1 എൻ1 വൈറസ് വേർതിരിച്ചെടുത്ത് പഠനവിധേയമാക്കി എങ്കിലും അതിന്റെ വളരെ വിനാശകരമാക്കിയ സവിശേഷതകൾ നന്നായി മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. ഇൻഫ്ലുവൻസ അണുബാധയിൽ നിന്ന് രക്ഷനേടാനുള്ള വാക്സിനുകളും ഇൻഫ്ലുവൻസ അണുബാധയുമായി ബന്ധപ്പെട്ട രണ്ടാം ഘട്ടത്തിലെ ബാക്ടീരിയ അണുബാധകളെ ചികിത്സിക്കുന്നതിനുള്ള ആൻറിബയോട്ടിക്കുകളും അന്ന് ഉണ്ടായിരുന്നില്ല. ഐസൊലേഷൻ, ക്വാറന്റൈൻ, നല്ല വ്യക്തിഗത ശുചിത്വം, അണുനാശിനി പ്രയോഗം, പൊതുസമ്മേളനങ്ങളുടെയും കൂട്ടംചേരലിന്റെയും നിയന്ത്രണങ്ങൾ എന്നിങ്ങനെ ഇന്ന് കൊറോണയെ നിയന്ത്രിക്കാൻ നമ്മൾ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെയാണ് അന്നും ഈ മഹാമാരിയെ തടഞ്ഞു നിർത്താനായി ചെയ്തത്.

Scroll to Top