യേശുദാസിന്റെ ഭക്ഷണശീലം…

ചായയും ചിക്കനും മുട്ടയും കഴിക്കില്ലെന്ന് ദൃഢപ്രതിജ്ഞയെടുത്തു, രാത്രിയിലെ ആ ശീലം നിറുത്തിയതും ശബ്‌ദം തിരിച്ചുകിട്ടാൻ യേശുദാസിനെ സഹായിച്ചു…

യേശുദാസ് എന്ന പേരും സ്വരവും മലയാളിയുടെ ജീവിതത്തോട് ചേർന്നിട്ട് പതിറ്റാണ്ടുകൾ നിരവധി പിന്നിടുന്നു. ജീവിത ചക്രത്തിലെ എൺപത്തിമൂന്നാം ആണ്ടിലേക്ക് കടക്കുമ്പോഴും ഗന്ധർവനാദത്തിന് മധുരം ഏറുന്നതേയുള്ളു.

ആസ്വാദകനെ ഗാനപ്രപഞ്ചത്തിൽ ആറാടിക്കുന്ന ആ സംഗീതസപര്യയ്‌ക്ക് പിന്നിൽ ആചരിച്ചുവരുന്ന നിഷ്‌ഠയും കരുതലും ഏറെയാണ്. ആ നിഷ്‌ഠകൾ എന്തൊക്കാണെന്ന് ഒരിക്കൽ യേശുദാസ് വെളിപ്പെടുത്തുകയുണ്ടായി. തന്റെ ജീവിതം മാറ്റിമറിച്ച ഒരനുഭവത്തിൽ നിന്നും പഠിച്ച പാഠങ്ങൾ ഇന്നും അനുവർത്തിച്ചു പോരുന്നതിനെ കുറിച്ച് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗാനഗന്ധർവൻ മനസ് തുറന്നത്.

‘കുറേയെറെ വർഷങ്ങൾക്ക് മുമ്പ് ചില സ്ഥായികൾ ആലപിക്കുന്നതിൽ അൽപം ബുദ്ധിമുട്ട് നേരിട്ടിരുന്നു. എന്നാൽ അത് പ്രായത്തെ തുടർന്നുള്ള സ്വാഭാവികമായ പ്രതിഭാസമാണെന്ന ധാരണയാണ് എനിക്കുണ്ടായിരുന്നത്. ഒരിക്കൽ അമേരിക്കയിലെ ഒരു ടൂറിനിടയിൽ ജീവിതം തന്നെ മാറ്റിമറിക്കപ്പെട്ട ഒരു സംഭവമുണ്ടായി. അവിടെ വച്ച് ശ്രീലങ്കക്കാരനായ ഒരു പയ്യനെ കാണാനിടയായി. എന്റെ വളരെ വലിയൊരു ആരാധകനായിരുന്നു അവൻ. സംഗീത പരിപാടിയ്‌ക്ക് എന്നെ കൂട്ടികൊണ്ട് പോകണമെന്ന ആഗ്രഹം അവൻ പറയുകയുണ്ടായി. തുടർന്ന് അവന്റെ കാറിലെ യാത്രയ്‌ക്കിടെ സീറ്റിൽ കിടന്ന ഒരു പുസ്‌തകം കണ്ണിലുടക്കി. ‘ഈറ്റ് റൈറ്റ് ഫോർ യുവർ ടൈപ്പ്’ എന്നതായിരുന്നു അതിന്റെ പേര്.

വായിച്ചു തുടങ്ങിയതും പുസ്‌തകത്തിലെ വരികൾ എന്റെ മനസിനെ വല്ലാതെ സ്‌പർശിച്ചു. ജീവിതത്തിൽ അതുവരെ തുടർന്നുവന്ന തെറ്റെന്താണെന്ന് പുസ്‌തകം എനിക്ക് മനസിലാക്കി തരികയായിരുന്നു. ഓരോരുത്തരുടെയും രക്തഗ്രൂപ്പുകളും അതിനനുസരിച്ച് അവർ കഴിക്കേണ്ടതും വർജ്ജിക്കേണ്ടതുമായ ഭക്ഷണരീതികളായിരുന്നു അതിലെ പ്രതിപാദ്യം. തുടർന്ന് അതിൽ പറയുന്ന പ്രകാരത്തിലേക്ക് ഞാൻ ഭക്ഷണം ക്രമീകരിച്ചു. അത്ഭുതമാണ് പിന്നീട് സംഭവിച്ചത്. പുസ്‌തകത്തിൽ പറയുന്ന പ്രകാരം എന്നുമുതൽ മാറ്റങ്ങൾ വരുത്തിയോ അന്നുമുതൽ സ്വരാരോഹണത്തിൽ ഒരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടതായി വന്നിട്ടില്ല. സത്യത്തിൽ അതിന് ശേഷമാണ് പ്രയാസമേറിയതും വലിയ ഹിറ്റുകളുമായ ഗാനങ്ങൾ പിറവിയെടുത്തത്’ – ഗാനഗന്ധർവൻ പറയുന്നു.

ഒരു കപ്പ് കോഫിയിലും എനർജി ബാറിലുമാണ് തന്റെ ഓരോ ദിനവും തുടങ്ങുന്നതെന്ന് യേശുദാസ് വ്യക്തമാക്കുന്നു. ‘ഉച്ചഭക്ഷണം ചോറും കറികളും തന്നെയാണ്. നേരത്തെ രാത്രികളിൽ റൊട്ടി കഴിക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ പുസ്‌തകം വായിച്ചതിന് ശേഷം ആ ശീലം ഒഴിവാക്കി. ചായ കുടിക്കാറില്ല. കുട്ടിക്കാലത്ത് വളരെ ഇഷ്‌ടമുള്ള വിഭവമായിരുന്ന ചിക്കനും നിറുത്തി. മുട്ട കഴിക്കില്ല. എത്രയോ കാലമായി സസ്യാഹാരിയാണ്’ – ഗന്ധർവഗായകന്റെ വാക്കുകൾ.

‘എന്റെ ശബ്‌ദം കാത്തു സൂക്ഷിക്കേണ്ടത് എന്റെ തന്നെ കടമയാണ്. ഇന്നത്തെ നിങ്ങളുടെ മോശം ഭക്ഷണരീതിയാണ് നാളത്തെ നിങ്ങളുടെ ആരോഗ്യത്തെ സ്വാധീനിക്കുക. ശ്രദ്ധക്കുറവോ അവഗണനയോ കാരണം ഒരിക്കലും എന്റെ സംഗീതത്തെ മോശമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല’ – യേശുദാസ് വ്യക്തമാക്കി.

കടപ്പാട്: കലാകൗമുദി