Good News for WhatsApp admins…

The High Court has ruled that the WhatsApp group admin is not responsible for someone else’s offensive news…

വാട്സാപ് ഗ്രൂപ്പ് അഡ്മിന് ആശ്വാസ വാർത്ത, മറ്റൊരാളുടെ ആക്ഷേപകരമായ പോസ്റ്റിന് ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി…

വാട്സാപ് ഗ്രൂപ്പുകൾ കൈകാര്യം ചെയ്യുന്നവർക്കെല്ലാം ആശ്വാസകരമാകുന്ന നിരീക്ഷണമാണ് കോടതി നടത്തിയിരിക്കുന്നത്. ഗ്രൂപ്പിലെ മറ്റൊരു അംഗത്തിന്റെ ആക്ഷേപകരമായ പോസ്റ്റിന് വാട്സാപ് ഗ്രൂപ്പ് അഡ്മിൻ ഉത്തരവാദിയായിരിക്കില്ലെന്ന് ബോംബെ ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ചാണ് അറിയിച്ചിരിക്കുന്നത്. വാട്സാപ് ഗ്രൂപ്പ് അഡ്മിനായ, 33 കാരനെതിരായ കേസ് റദ്ദാക്കിയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

ഒരു ഗ്രൂപ്പിൽ വരുന്ന എല്ലാ പോസ്റ്റുകൾക്കും അഡ്മിൻ ഉത്തരവാദിയായിരിക്കില്ലെന്നും അഡ്മിൻ കൂടി അറിഞ്ഞാണ് പോസ്റ്റിട്ടതെങ്കിൽ മാത്രമാണ് ഉത്തരവാദിത്തമുണ്ടാകൂ എന്നും കോടതി പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചെന്ന തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രൂപ്പ് അഡ്മിൻ കിഷോർ തരോൻ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി വാട്സാപ്പിലെ പോസ്റ്റുകൾ സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തിയത്.

ജസ്റ്റിസുമാരായ ഇസഡ് എ. ഹക്ക്, എ.ബി ബോറാക്കർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്. ഒരു വാട്സാപ് ഗ്രൂപ്പിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് ഗ്രൂപ്പിലേക്ക് അംഗങ്ങളെ ചേർക്കാനോ ഇല്ലാതാക്കാനോ പരിമിതമായ അധികാരങ്ങളേ ഉള്ളൂവെന്നും ഗ്രൂപ്പിൽ പോസ്റ്റുചെയ്‌ത ഉള്ളടക്കം നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ അധികാരമില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

ഗ്രൂപ്പിലെ ഒരംഗം മറ്റൊരു സ്ത്രീ അംഗത്തിനെതിരെ നടത്തിയ ലൈംഗികപരമായ വിഷയങ്ങൾ നീക്കം ചെയ്യുന്നതിലും തടയുന്നതിലും അംഗത്തിനെതിരെ നടപടിയെടുക്കുന്നതിലും അഡ്മിൻ പരാജയപ്പെട്ടു എന്ന് കാണിച്ചാണ് പരാതി നൽകിയിരുന്നത്. എന്നാൽ, 2016 ൽ തനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ ഗ്രൂപ്പ് അഡ്മിനും കോടതിയെ സമീപിക്കുകയായിരുന്നു.