ദധീചിയുടെ വജ്രായുധം, ഛത്രപതി ശിവാജിയുടെ വാൾ, ഇതാ പരംവീർചക്രയുടെ ‘ശക്തി’
ഇന്ത്യയിലെ പരമോന്നത സൈനിക ബഹുമതിയായ പരംവീർ ചക്രയും ഛത്രപതി ശിവാജിയുടെ വാളായ ഭവാനിയും തമ്മിൽ എന്താണ് ബന്ധമെന്ന് ചിന്തിച്ചിട്ടുണ്ടോ? 100 രൂപയുടെ കറൻസി നോട്ടിലെ പടിക്കിണർ എന്നെങ്കിലും നിങ്ങളുടെ കണ്ണിൽ ഉടക്കിയിട്ടുണ്ടോ ? രബീന്ദ്ര നാഥ ടാഗോർ തയ്യാറാക്കിയ ജനഗണ മനയുടെ ഇംഗ്ലിഷ് പരിഭാഷ എങ്ങനെയാണ് അമേരിക്കയിൽ എത്തിയത്. എന്നാൽ പരംവീർ ചക്രയുടെ ചരിത്രം തേടിയുള്ള അന്വേഷണം കാലദേശങ്ങളെ അതിജീവിച്ച ഒരു പ്രണയകഥയിൽ നിങ്ങളെ എത്തിക്കും. തപസ്സു ചെയ്ത് ലോകപരിത്യാഗിയായി ജീവിച്ച ഒരു മഹർഷിയാണ് ഈ ബഹുമതിയുടെ ‘നട്ടെല്ല്’. ഏതു ഭാരതീയനും അഭിമാനത്തോടെയും ആവേശത്തോടെയും മാത്രം ഓർക്കാൻ കഴിയുന്ന ഈ ചരിത്ര മുദ്രകളിൽ നമ്മുടെ പൈതൃകമുണ്ട്, സ്വാതന്ത്യത്തിനായി നാം നടത്തിയ ത്യാഗവുമുണ്ട്.
👉 സ്വിറ്റ്സർലൻഡിൽ നിന്ന് ‘സാവിത്രി’ വന്നു
1929ൽ വിക്രം ഖനോൽക്കർ എന്ന ഇന്ത്യൻ പട്ടാള ഉദ്യോഗസ്ഥൻ യുകെയിൽ ഒരു പരിശീലനത്തിനായി എത്തി. അവിടുന്ന് അവധി ആഘോഷിക്കാൻ യൂറോപ്പിലെത്തിയ വിക്രം സ്വിറ്റ്സർലൻഡുകാരിയായ ഈവ് യിവോൻ മേഡെ ഡി മറോസിനെ പരിചയപ്പെട്ടു. പരിചയം പ്രണയമായപ്പോൾ എതിർപ്പും ശക്തമായി. എന്നാൽ ഈവ് യിവോൻ എല്ലാ എതിർപ്പുകളെയും അവഗണിച്ച് വിക്രമിനൊപ്പം ഇന്ത്യയിലേക്കു പോന്നു. 1931 ൽ ബോംബെയിൽ വച്ച് അവർ വിവാഹിതരായി. ചിത്രം വരയ്ക്കുന്ന, കലാകാരിയായ ഈവ് ‘സാവിത്രി ഖനോൽക്കർ’ എന്ന പേരു സ്വീകരിച്ച് അക്ഷരാർഥത്തിൽ ഇന്ത്യയുടെ മകളായി മാറി. അവർ പിന്നീട് തന്നെക്കുറിച്ച് പറഞ്ഞത് – ‘അബദ്ധത്തിൽ മറ്റൊരു രാജ്യത്ത് ജനിച്ചു പോയ ഒരാൾ’ എന്നായിരുന്നു. ജനം സ്നേഹത്തോടെ സാവിത്രി ബായി എന്നവരെ വിളിച്ചു.
1947ൽ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ മേജർ ജനറൽ ഹീരാ ലാൽ അടൽ ഇന്ത്യയുടെ പരമോന്നത ബഹുമതി രൂപകൽപന ചെയ്യാമോ എന്ന് സാവിത്രിയോട് ആവശ്യപ്പെട്ടു. അതിനൊരു കാരണമുണ്ടായിരുന്നു. ഭാരതീയ ധർമശാസ്ത്രങ്ങൾ, വേദോപനിഷത്തുകൾ എന്നിവയിലെല്ലാം സാവിത്രി ഖനോൽക്കറിനുള്ള ആഴത്തിലുള്ള അറിവായിരുന്നു കാരണം. ആ പ്രതീക്ഷ തെറ്റിക്കാതെ, ഇന്ത്യയുടെ ആത്മാവറിഞ്ഞ് സാവിത്രി രൂപകൽപന ചെയ്തതാണ് പരം വീർ ചക്ര. ഇന്ത്യയിൽ പരം വീർ ചക്ര ആദ്യമായി സമ്മാനിച്ചത് മേജർ സോംനാഥ് ശർമയ്ക്കാണ്. കുമയൂൺ റെജിമെന്റിൽ സേവനമനുഷ്ഠിച്ചിരുന്ന വീരയോദ്ധാവായ അദ്ദേഹത്തിന് 1947 ൽ മരണാനന്തര ബഹുമതിയായാണ് പരംവീർ ചക്ര നൽകിയത്. കൗതുകകരമായ സംഗതിയെന്തെന്നാൽ സാവിത്രി ഖനോൽക്കറുടെ തന്നെ കുടുംബാംഗമായിരുന്നു സോംനാഥ് ശർമ. സാവിത്രിയുടെ മൂത്ത മകളുടെ ഭർതൃസഹോദരനായിരുന്നു സോംനാഥ്.

👉 ഇതാ പരംവീർചക്രയുടെ ശക്തി
പുരാണങ്ങളിൽ പറയുന്ന ദേവാസുര യുദ്ധങ്ങളിൽ പ്രധാനമാണ് വൃത്രാസുരൻ ദേവേന്ദ്രനെ തോൽപിച്ച് ദേവകളെ ദേവലോകത്തു നിന്ന് ആട്ടിപ്പായിച്ച സംഭവം. ഒരു തരത്തിലുള്ള ആയുധം കൊണ്ടും നാശമുണ്ടാവില്ലെന്ന് വരം നേടിയ വൃത്രാസുരനെ തോൽപിക്കാൻ അതിശക്തവും അനന്യസാധാരണവുമായ ഒരു ആയുധം തന്നെ വേണ്ടിയിരുന്നു. അങ്ങനെ ദേവന്മാർ ദധീചി മഹർഷിയെ സമീപിച്ചു. അദ്ദേഹം ദേവന്മാർക്ക് ആയുധമുണ്ടാക്കാനായി തന്റെ നട്ടെല്ല് നൽകാൻ തയാറായി. ഇതിനായി ശരീരം വെടിഞ്ഞ അദ്ദേഹത്തിന്റെ നട്ടെല്ലുപയോഗിച്ചാണ് വിശ്വകർമാവ് ‘വജ്രായുധം’ പണിതത്. അതുപയോഗിച്ച് ഇന്ദ്രൻ വൃത്രാസുരനെ തോൽപിക്കുകയും ദേവലോകം വീണ്ടെടുക്കുകയും ചെയ്തു. അങ്ങനെ ത്യാഗത്തിന്റെയും ദാനത്തിന്റെയും അവസാനവാക്കായ ദധീചി മഹർഷിയിൽ നിന്നുണ്ടായ വജ്രായുധമാണ് പരംവീർ ചക്രയിൽ ആലേഖനം ചെയ്തിരിക്കുന്നത്. ചെറിയ വട്ടത്തിലുള്ള മെഡലിൽ നാല് വജ്രായുധ രൂപവും അതിനൊപ്പം ഇന്ത്യ കണ്ട ഏറ്റവും ധീരനായ യോദ്ധാവും ഭരണാധികാരിയുമെന്ന നിലയിൽ ശിവാജിയുടെ ‘ഭവാനി’ എന്ന വാളും ചേർത്താണ് സാവിത്രി ഖനോൽക്കൽ പരംവീർ ചക്ര രൂപകൽപന ചെയ്തത്. നടുവിലായി ദേശീയ ചിഹ്നവും. പർപ്പിൾ നിറമുള്ള ബാൻഡിൽ ആണ് മെഡൽ ഘടിപ്പിക്കുക. 1950 മുതൽ 72 വർഷത്തിനിടയ്ക്ക് പരംവീർ ചക്ര ലഭിച്ചത് 21 പേർക്കാണ് . അതിൽ 14 പേർക്കും മരണാനന്തരബഹുമതിയായാണ് നൽകിയതും.
👉 കറൻസി നോട്ടിൽ പൈതൃകത്തിന്റെ നോട്ടം
ഏറ്റവും എളുപ്പത്തിൽ രാജ്യത്തെ അറിയാൻ ഒരു വഴിയുണ്ടെങ്കിൽ അതും ഇന്ത്യ ചെയ്തു വച്ചു. പക്ഷേ നമ്മൾ അതു പ്രയോജനപ്പെടുത്താറുണ്ടോ എന്നത് മറ്റൊരു ചോദ്യം. ഒരു നൂറുരൂപ നോട്ട് കയ്യിലുണ്ടെങ്കിൽ, എടുത്തു നോക്കാവുന്നതാണ്. അതിൽ ഒരു പൈതൃക കെട്ടിടത്തിന്റെ (ഹെറിറ്റേജ് സൈറ്റ്) ചിത്രം കാണാം. താഴെ ‘റാണി കീ വാവ്’ എന്നെഴുതിയിട്ടുണ്ടാവും. എന്നുവച്ചാൽ, ‘രാജ്ഞിയുടെ പടിക്കിണർ’. ഗുജറാത്ത് പാഠാനിലെ അതിപുരാതനവും സവിശേഷവുമായ ഒരു ക്ഷേത്രനിർമിതിയുടെ ചിത്രമാണിത്. 11ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രാജാവായ ഭീമന്റെ ഓർമയ്ക്കായി അദ്ദേഹത്തിന്റെ രാജ്ഞി ഉദയമതി പണികഴിപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. ഏറെ പരിപാവനമായി കരുതുന്ന പടിക്കിണറിലേക്ക് വന്നിറങ്ങുന്ന രീതിയിൽ വിപരീത ശൈലിയിലാണ് ഈ ക്ഷേത്ര നിർമിതി. പടിക്കിണറിനാണ് കൂടുതൽ പ്രാധാന്യവും. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള പൈതൃകസ്ഥലമായി തിരഞ്ഞെടുക്കപ്പെട്ട സൈറ്റും ആണിത്. ഇത്തരത്തിൽ ഇന്ത്യയുടെ അതിവിശിഷ്ടമായ ചരിത്രശേഷിപ്പുകളുടെ നീണ്ട നിര തന്നെ നമ്മുടെ കറൻസി നോട്ടുകളിലൂടെ പറഞ്ഞു പോകുന്നു. ഓരോ സീരീസിലും നോട്ടുകളിലെ ചിത്രങ്ങൾ മാറിക്കൊണ്ടിരിക്കും. 500 രൂപ നോട്ടിൽ റെഡ് ഫോർട്ട് ആണ് പ്രിന്റ് ചെയ്തിരിക്കുന്നത്. 2000 രൂപ നോട്ടിലാവട്ടെ മംഗൾയാൻ ആണ് ചിത്രം.

100% കോട്ടൺ കൊണ്ടുണ്ടാക്കുന്ന നമ്മുടെ കറൻസിയിൽ 15 ഭാഷകളിലാണ് നോട്ടിന്റെ മൂല്യം എഴുതിയിരിക്കുക. റൗപ്യ എന്ന സംസ്കൃത വാക്കിൽ നിന്നാണ് ഇന്ത്യൻ കറൻസിയായ റുപ്പിയുടെ ജനനം. റൗപ്യ എന്നാൽ വെള്ളി എന്നർഥം. 1949ൽ ആദ്യത്തെ കറൻസി നോട്ട് പ്രിന്റ് ചെയ്തു. ആദ്യമായി പ്രിന്റ് ചെയ്തത് അശോകസ്തംഭം ആലേഖനം ചെയ്ത ഒറ്റ രൂപാ നോട്ടാണ്. എന്നാൽ ഏറ്റവുമൊടുവിൽ സ്വന്തം കറൻസിക്ക് ഒരു ചിഹ്നം രൂപീകരിച്ച രാജ്യവുമാണ് ഇന്ത്യ. 2010 ൽ ആണ് ഉദയകുമാർ ധർമലിംഗം ഡിസൈൻ ചെയ്ത റുപ്പീ ചിഹ്നം നിലവിൽ വന്നത്. ദേവനാഗിരി ലിപിയായ ര , റോമൻ ക്യാപിറ്റൽ ലിപി ആർ എന്നിവയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിഹ്നമുണ്ടാക്കിയത്. ചിഹ്നത്തിന്റെ മുകളിൽ സമാന്തരമായി വരുന്ന രണ്ടു വരകൾ ഇന്ത്യൻ പതാകയെ സൂചിപ്പിക്കുന്നു. കൂടെ, സമം എന്ന ചിഹ്നത്തെയും.
നമ്മുടെ നാണയങ്ങളിലെല്ലാം അതിന്റെ മേൽവിലാസവും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എത്രപേർക്കറിയാം? ഒരു നാണയമെടുത്ത് അതിന്റെ ഏറ്റവും താഴെ നോക്കുക. വളരെ ചെറിയ ഒരു ചിഹ്നം കാണും. ഒരു പുള്ളി ആണെങ്കിൽ ഈ നാണയം നിർമിച്ചത് നോയിഡയിലാണെന്നാണ് അർഥം. ഡയമണ്ട് രൂപം ആണെങ്കിൽ അത് മുംബൈയിൽ നിർമിച്ചതാണ്. നക്ഷത്ര ചിഹ്നമാണെങ്കിലോ – ഹൈദരാബാദിൽ. ഇനി ഒരു ചിഹ്നവുമില്ലെങ്കിൽ നാണയം കൊൽക്കത്തയിലുണ്ടാക്കിയതാണ്.

👉 ഹംരാഹിയിലൂടെ ജനഗണമന, ഇംഗ്ലിഷ് പരിഭാഷ എവിടെ
രബീന്ദ്ര നാഥ ടഗോർ രചിച്ച ‘ജനഗണമന’ ഇന്ത്യയുടെ ദേശീയ ഗാനമായി പാടുന്നതിനും മുൻപ് ഒരു ചലച്ചിത്രത്തിലാണ് പാടിയത്. 1945ൽ ബിമൽ റോയ് സംവിധാനം ചെയ്ത ഹംരാഹി എന്ന ചിത്രത്തിൽ ജനഗണമന ഉൾപ്പെടുത്തി. ഭാരത വിധാത എന്ന പേരിലായിരുന്നു ‘ജനഗണമന’ ആദ്യമായി പ്രസിദ്ധീകരിച്ചത്. ഇതിലെ ആദ്യ ഭാഗം മാത്രമാണ് ദേശീയ ഗാനമായി സ്വീകരിച്ചത്. 1942ൽ ജർമനിയിൽ ഒരു ഹോട്ടലിൽ ആണ് ജനഗണമന ദേശീയ ഗാനം എന്ന നിലയിൽ ആദ്യമായി റെക്കോർഡ് ചെയ്യപ്പെടുന്നത്. സ്വാതന്ത്ര്യ ലബ്ധിക്കു മുൻപ് സുഭാഷ് ചന്ദ്രബോസാണ് ജനഗണമനയെ ദേശീയ ഗാനമായി ആദ്യം പ്രഖ്യാപിക്കുന്നതും. ൃ ജനഗണമനയെ ദേശീയ ഗാനമായി ഭരണഘടനാ നിർമാണ സഭ അംഗീകരിച്ചത് 1950 ജനുവരി 24 നാണ്.
1919ൽ ആന്ധ്രയിലെ മദനപ്പള്ളിയിൽ ബസന്റ് തിയോസഫിക്കൽ കോളജ് സന്ദർശിച്ച ടഗോർ ‘ദ് മോണിങ് സോങ് ഓഫ് ഇന്ത്യ’ എന്ന പേരിൽ ജനഗണമനയെ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തി. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ കോളജ് പ്രിൻസിപ്പലായിരുന്ന ഐറിഷ് കവി ജെയിംസ് എച്ച്. കസിൻസിന്റെ ഭാര്യ മാർഗരറ്റ് കസിൻസ് ഗാനത്തിന് ട്യൂൺ നൽകി. ഇതാണത്രെ ജനഗണമന എന്നു തുടങ്ങുന്ന ആ വരികൾക്ക് ആദ്യമായി ലഭിക്കുന്ന മ്യൂസിക്. ഈ യഥാർഥ പരിഭാഷ പലവർഷങ്ങളോളം കോളജിൽ സൂക്ഷിച്ചുവെങ്കിലും സ്വാതന്ത്ര്യസമരത്തെത്തുടർന്ന് ബ്രിട്ടീഷ് സർക്കാർ കോളജിനെതിരെ തിരിയുകയും ഫണ്ട് പിൻവലിക്കുകയും ചെയ്തപ്പോൾ അധികൃതർക്ക് പരിഭാഷ ഒരു അമേരിക്കൻ ആർട് കലക്ടർക്കു വിൽക്കേണ്ടി വന്നു. വളരെ വലിയ തുകയ്ക്കാണ് ഇതു വിറ്റുപോയതെന്നും പറയപ്പെടുന്നു. എന്തായാലും അമൂല്യമായ ആ പരിഭാഷ രാജ്യത്തിന് നഷ്ടമായി.

👉 അശോക സ്തംഭത്തിൽ കാണാം ആ സിംഹഗർജനം
അടുത്തിടെ പാർലമെന്റ് മന്ദിരത്തിനു മുകളിൽ ബൃഹത്തായ അശോകസ്തംഭം അനാച്ഛാദനം ചെയ്യപ്പെട്ടതിനെ തുടർന്നുള്ള വിവാദം രാജ്യം കണ്ടതാണ്. പൂർണമായി വെങ്കലത്തിൽ നിർമിച്ച സ്തംഭം വലിയ വിവാദങ്ങൾക്കും കൂടിയാണ് തുടക്കമിട്ടത്. പുതിയ സിംഹങ്ങൾക്കു ക്രൗര്യഭാവമാണെന്നും ദിനനാഥ് ഭാർഗവ രൂപകൽപന ചെയ്ത സിംഹങ്ങളുടെ ഭാവം ധീരതയുടെയും ആത്മവിശ്വാസത്തിന്റേതുമാണെന്നുമെല്ലാം പരക്കെ വിലയിരുത്തപ്പെട്ടു. എന്തു തന്നെയായാലും ദിന നാഥ് സിംഹത്തിനു രൂപകൽപന ചെയ്തത് 3 മാസം കൊൽക്കത്തയിലെ ഒരു മൃഗശാലയിൽ പോയി യഥാർഥ സിംഹങ്ങളുടെ രൂപഭാവ സ്വഭാവ സവിശേഷതകൾ നോക്കി പഠിച്ച ശേഷമാണെന്ന വിവരങ്ങൾ ഈ വിവാദത്തോടെയാണ് പുറം ലോകമറിയുന്നത്. ആർക്കും ഉപയോഗിക്കാവുന്ന ഒന്നാണ് നമ്മുടെ ദേശീയ ചിഹ്നം? ഒരിക്കലുമല്ല. സ്വകാര്യ സ്ഥാപനങ്ങൾക്കോ ആവശ്യങ്ങൾക്കോ ഒന്നും തന്നെ ദേശീയ ചിഹ്നം ഉപയോഗിക്കാൻ പാടില്ല. ഇത്തരത്തിൽ ഒട്ടേറെ അറിയാക്കഥകളും അറിയേണ്ട കഥകളുമായി ‘നോ യുവർ കൺട്രി’ ഒടിടിയിൽ എത്തിയിരിക്കുന്നു.
കടപ്പാട്: 15.08.2022 മലയാള മനോരമയിൽ ഗായത്രി മുരളീധരൻ എഴുതിയ ലേഖനം. (Images- Twitter, @MVenkaiahNaidu,@banasinghpvc, Manorama Online Creative. Cover: @sjrkumar)
