വാഴയിലെ പിണ്ടിപ്പുഴു…

കുറെ വർഷങ്ങളായി എന്റെ എറണാകുളം പനമ്പിള്ളി നഗറിലെ വീടിനോട് ചേർന്നുള്ള സ്ഥലത്ത് ചെറിയ രീതിയിൽ ജൈവ കൃഷി നടത്തിവരുന്നു. പത്തുസെന്റിൽ വീട് കഴിഞ്ഞുള്ള വളരെ പരിമിതമായ സ്ഥലമണ് ഉള്ളത്. വീട്ടിലേക്കുള്ള വെളിച്ചം നിലനിർത്താൻ മുക്കാൽ പങ്ക് സ്ഥലവും പുൽത്തകിടിയും അതിന്റെ ഒരു വശത്തായി കുറച്ച് ചെടികളുമാണ് വളർത്തുന്നത്. ബാക്കിയുള്ള കുറച്ച് സ്ഥലത്താണ് കൃഷി. വാഴയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കപ്പ, ചേന, കൈതച്ചക്ക, കരിവേപ്പ്, ഓമ, നാരകം തുടങ്ങി പലതും ചെറിയ രീതിയിൽ ഒപ്പമുണ്ട്.

അടുത്ത കാലത്തായി അതിൽ ഏത്തവാഴ മാത്രം കുലച്ച് മൂപ്പെത്തുന്നതിന് മുമ്പ് ഒടിഞ്ഞു വീഴുന്ന ഒരു പ്രശ്നമുണ്ടായിരുന്നു. പലപ്പോഴും ശക്തിയായ കാറ്റ് വീശിയ ശേഷമാണ് അങ്ങനെ സംഭവിക്കാറ്. പക്ഷേ കഴിഞ്ഞ ദിവസം കാറ്റൊന്നു വിശാതെ തന്നെ വലിയ ഒരു കുലയുമായി കുലച്ചു നിന്ന വാഴ ഒടിഞ്ഞുവീണപ്പോഴാണ് പ്രശ്നം കാറ്റല്ല മറ്റെന്തോ ആണ് എന്ന് മനസിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് പിണ്ടിപ്പുഴു എന്ന കീടത്തിന്റെ ആക്രമണം മൂലമാണ് സംഭവിക്കുന്നത് എന്ന നിഗമനത്തിൽ എത്തിയത്.

പിണ്ടിപ്പുഴുവിന്റെ ആക്രമണത്തിൽ മൂപ്പെത്താത്ത കുലയുമായി ഒടിഞ്ഞു വീഴുന്ന വാഴ

തുടർന്നുള്ള അന്വേഷണത്തിൽ മലയാള മനോരമയുടെ കർഷകശ്രീ എന്ന പ്രസിദ്ധീകരണത്തിൽ ഒരു ലേഖനം കാണാനിടയായി. അതിൽ പിണ്ടിപ്പുഴുവിനെ ജൈവ മാർഗ്ഗത്തിൽ നശിപ്പിക്കാനായി ധാരാളം മാർഗ്ഗങ്ങളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഞാൻ വർഷങ്ങളായി ജൈവ കൃഷി രീതിയാണ് നടപ്പാക്കുന്നത് എന്നതുകൊണ്ട് രാസവളങ്ങളോ രാസ കീടനാശിനികളോ ഉപയോഗിക്കാറില്ല. അതുകൊണ്ട് ഈ ലേഖനത്തിലെ ജൈവ മാർഗ്ഗം വളരെ ശ്രദ്ധേയമാണ്.

വാഴയിലെ പിണ്ടിപ്പുഴുവിനെ
ചെറുക്കാം, ജൈവ മാർഗങ്ങളിലൂടെ

പിണ്ടി പുഴു വാഴയുടെ ഉള്ളിൽ ഉണ്ടെന്നതിന്റെ ലക്ഷണം

കുല മൂപ്പെത്തും മുമ്പ് വാഴ
ഒടിഞ്ഞു വീഴുന്നു, ഉള്ള
സ്ഥലത്ത് രണ്ടോ മൂന്നോ
വാഴ നട്ട് കാത്തിരിക്കുന്ന
പലരുടെയും
അനുഭവമാണിത്. ഇത്
എങ്ങനെ സംഭവിക്കുന്നു
എന്നോ, എന്താണ്
പ്രതിവിധി എന്നോ പലർക്കും
അറിയില്ല. പിണ്ടിപ്പുഴു എന്ന്
അറിയപ്പെടുന്ന ബനാന
ബീറ്റിലിന്റെ ലാർവയാണ്
ഇവിടെ വില്ലനാകുന്നത്.
ബനാന ബീറ്റിൽ
വാഴപ്പോളയിൽ
സുഷിരമുണ്ടാക്കി
മുട്ടയിടുന്നു. മുട്ട
വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ
വാഴയുടെ ഉൾഭാഗം
വൻതോതിൽ തിന്നു
നശിപ്പിക്കുന്നു. ബലക്ഷയം
വന്ന് വാഴ ഒടിഞ്ഞുവീഴുന്നു.

പിണ്ടിപ്പുഴുവിന്റെ ആക്രമണത്തിൽ മൂപ്പെത്താത്ത വാഴക്കുലയോടു കൂടി ഒടിഞ്ഞു വീണ എന്റെ ജൈവവാഴ

പിണ്ടിപ്പുഴുവിനെ നിയന്ത്രിക്കാൻ 100% ഫലപ്രദമായ പല ജൈവോപാധികളുമുണ്ട്.

3-4 മാസം പ്രായമാകുമ്പോൾ ഒരു വാഴയ്ക്ക് 50 ഗ്രാം എന്ന തോതിൽ വേപ്പിൻകുരു വേവിച്ചു പൊടിച്ചു ഇലക്കവിളുകളിൽ ഇടുക (വേപ്പിൻ കുരു അങ്ങാടിക്കടകളിൽ കിട്ടും).

മേൽ പറഞ്ഞതിനു പകരമായി വഴക്കവിളുകളിൽ വേപ്പിൻ പിണ്ണാക്ക് പൊടിച്ചിടുക.
100 ഗ്രാം വെളുത്തുള്ളിയും 200 ഗ്രാം കല്ലുപ്പും അരച്ചെടുത്ത് 3 ലീറ്റർ വെള്ളത്തിൽ കലർത്തി 4 ഇല പ്രായം മുതൽ കുല വരുന്നതു വരെ ഇലക്കവിളുകളിൽ ഒഴിച്ചു കൊടുക്കുക.
ബാർസോപ്പ്‌ ചെറുതായി ചീകിയെടുത്ത് 5-6 മാസം പ്രായമായ വാഴയുടെ കവിളുകളിൽ ഇട്ട് ലേശം വെള്ളമൊഴിക്കുക.
ബിവേറിയ (Beauvaria Bassiana) ഒരു മിത്ര കുമിൾ ആണ്.

മൂപ്പെത്തുന്നതിന് മുമ്പ് ഒടിഞ്ഞു വീണ മുകളിലെ ചിത്രത്തിലെ വാഴയിൽ നിന്നും വെട്ടിയെടുത്ത വാഴക്കുല

ഈ കുമിൾ എല്ലാത്തരം ലാർവകളുടെയും ശരീരത്തിൽ കടന്ന് അതിനെ ഭക്ഷിച്ച് വംശവർധന നടത്തുന്നു. ബിവേറിയ പൌഡർ 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ (നേർപ്പിച്ച കഞ്ഞിവെള്ളമോ തേങ്ങാ വെള്ളമോ ആയാൽ വളരെ നന്ന്) കലക്കി അത് തെളിഞ്ഞ ശേഷം അരിച്ച് സിറിഞ്ച് ഉപയോഗിച്ച് എല്ലാ വാഴകളുടെയും ചുവട്ടിലും മധ്യഭാഗത്തും മുകളിലും കുത്തി വയ്ക്കുക. അല്ലെങ്കിൽ വാഴയുടെ കവിളുകളിൽ ഒഴിച്ച് കൊടുക്കുക. ബിവേറിയ ഒരു കുമിൾ (Fungus) ആണല്ലോ. ഈർപ്പം ഇല്ലാതെ അതിനു നിലനിൽപ്പില്ല. വാഴക്കുള്ളിൽ ബിവേറിയയ്ക്കു വേണ്ട ഈർപ്പവും ഭക്ഷണവും സുലഭം. നീഡിൽ ഒരിഞ്ചിൽ കുറയാതെ വഴക്കുള്ളിൽ കടത്തി ഒരു ലേശം പിന്നോട്ട് വലിച്ചിട്ടു വേണം ഇന്ചെക്റ്റ് ചെയ്യാൻ. അല്ലെങ്കിൽ മരുന്ന് അകത്തു കടക്കത്തില്ല. രണ്ടു മാസത്തിൽ ഒരിക്കൽ ആവർത്തിക്കണം. ബിവേറിയ ദ്രാവക രൂപത്തിലും കിട്ടും. ഉപയോഗക്രമം കുപ്പിയിൽ ഉണ്ടാവും. ഉപയോഗിക്കുന്ന ബിവേറിയ ഗുണമേന്മ ഉള്ളതാവണം എന്ന് പ്രത്യേകം പറയണ്ടല്ലോ.

വിവരങ്ങൾക്ക് കടപ്പാട്: മലയാള മനോരമ കർഷകശ്രീയിൽ ശ്രീ ചന്ദ്രശേഖരൻ നായരുടെ ലേഖനം

ശ്രീ ചന്ദ്രശേഖരൻ നായരുടെ FB ലിങ്ക് : https://www.facebook.com/chandrasekharan3