ചന്ദ്രശേഖർ ആസാദ്

സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം – സ്വധര്‍മ്മാഭിമാനികളുടെ സുദീര്‍ഘപോരാട്ടത്തിന്റെ ജ്വലിക്കുന്ന ചരിത്രം:

നിന്‍റെ പേര് ..?
“ആസാദ്”‌
അച്ഛന്‍റെ പേര്. .?
” സ്വാതന്ത്ര്യം “
വീട്‌..?
“ജയിൽ”

പതിനാലാം വയസ്സിൽ കോടതിക്കൂട്ടിൽനിന്ന് ജഡ്ജിയുടെ ചോദ്യങ്ങൾക്ക്‌ ധീരമായി ഉത്തരംനൽകിയ ബാലൻ…

ഇരുപത്തിയഞ്ച്‌ വർഷത്തെ ജീവിതംകൊണ്ട്‌ ഭാരത സ്വാതന്ത്ര്യസമര ചരിത്രത്തിൽ അവിസ്മരണീയ മുദ്രപതിപ്പിച്ച വീരനായകൻ…..
നിസ്സഹകരണ പ്രസ്ഥാനത്തിൽ സഹകരിച്ചതിനു കോടതി ശിക്ഷിച്ചത്‌ 15 ചാട്ടവാറടി, അടികൊണ്ട്‌ രക്തം തെറിക്കുമ്പോഴും കണ്ണുകൾ നിറഞ്ഞില്ല, ഭാരത്‌ മാതാ കീ ജയ്‌… വന്ദേ മാതരം… എന്നീ ദേശീയ മന്ത്രം ഉദ്ഘോഷിച്ച ധീരതയുടെപര്യായം……

വൈസ്രോയിയുടെ തീവണ്ടി കത്തിച്ചതും, ദില്ലി ഗൂഡാലോചനയും, ബോംബ്‌ നിർമ്മാണക്കേസും ലാഹോർ വെടിവെപ്പും കാകോരി ഗൂഡാലോചന തുടങ്ങി ബ്രിട്ടീഷുകാർക്കെതിരെ നിരന്തരപ്രവർത്തനം നടത്തിയതിനു 10000 രൂപ തല വിലപറഞ്ഞ വെള്ളക്കാരനു പിടി കൊടുക്കുന്നതിലും നല്ലത്‌ ആത്മാഹുതിയാണെന്ന് തിരിച്ചറിഞ്ഞ ധീരദേശാഭിമാനി.

ബഹുജന പ്രസ്ഥാനത്തോടൊപ്പം ആയുധമെടുക്കേണ്ടിടത്ത്‌ സായുധ സമരംതന്നെ വേണമെന്ന് മനസിലാക്കിയ ആസാദ്‌, ശാന്തശീലനും സംഘാടകനും അച്ചടക്ക വിധേയനും സത് സ്വഭാവിയും ആയിരുന്നു.
1931-ൽ അലഹാബാദിലെ ആൽഫ്രഡ്‌ പാർക്കിന്റെ പേരു സ്വന്തം രക്തത്താൽ ആസാദ്‌ പാർക്കെന്ന് മാറ്റിയെഴുതിയ ഭാരതമാതാവിന്റെ ഉത്തമ പുത്രൻ…………..

25 വർഷത്തെ ജീവിതത്തിനിടയിൽ ഈ ധീരദേശാഭിമാനി നേടിയെടുത്ത വിശേഷണങ്ങളേറെയുണ്ട്….

ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്ന വിപ്ലവ പ്രസ്ഥാനം പുനഃസ്സംഘടിപ്പിച്ച്
ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ സ്ഥാപിച്ചത് ചന്ദ്ര ശേഖര്‍ ആസാദ് ആണ്.
ഭഗത് സിംഗിനേപ്പോലെയുള്ള ധീരന്മാര്‍ ഇദ്ദേഹത്തെ ഗുരുതുല്യനായിട്ടാണ് കണ്ടിരുന്നത്.

1906 ജൂലൈ 23 ന് മദ്ധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഭവ്ര ഗ്രാമത്തിൽ പണ്ഡിറ്റ് സീതാറാം തിവാരിയുടെയും ജഗ്റാണി ദേവിയുടെയും മകനായി ചന്ദ്രശേഖർ ആസാദ് എന്ന ചന്ദ്രശേഖർ സീതാറാം തിവാരി ജനിച്ചു. പതിനാലാം വയസ്സിൽ വാരാണസിയിലെ ഒരു സംസ്കൃത പാഠശാലയിൽ ചേർന്നു.
ആ ചെറിയ പ്രായത്തിൽ തന്നെ ഒരു പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്റ്റിലാവുകയും കോടതിയിലെത്തുകയും ചെയ്തു. ആ കോടതിമുറിയിൽ അദ്ദേഹം കാട്ടിയ ധൈര്യം ജഡ്ജിയെപ്പോലും അതിശയിപ്പിച്ചു. അവിടെ വച്ചാണ് അദ്ദേഹത്തിന് ‘ആസാദ്’ എന്ന പേര് ലഭിച്ചത്. അങ്ങനെ ചന്ദ്രശേഖർ തിവാരി, ചന്ദ്രശേഖർ ആസാദ് എന്നറിയപ്പെടാൻ തുടങ്ങി.

അക്കാലത്ത് യുവാക്കൾക്കിടയിൽ വിപ്ലവ ചിന്തകൾക്ക് സ്വാധീനം ലഭിച്ചുവരുന്ന സമയമായിരുന്നു. ഇന്ത്യൻ ദേശീയതക്ക് വളർച്ച പ്രാപിക്കുന്നൊരു കാലം കൂടിയായിരുന്നു അത്. ചന്ദ്രശേഖറും വിപ്ലവത്തിലേക്ക് ആകർഷിക്കപ്പെട്ടു. ഇങ്ങനെ ഉയർന്നു വരുന്ന ശബ്ദങ്ങളെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ഒരു കമ്മീഷൻ തന്നെ രൂപവത്കരിച്ചു. എ.എസ്.റൗളെറ്റ് ആയിരുന്നു ഇതിന്റെ തലവൻ. ഇദ്ദേഹം നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങളെ, റൗളട്ട് ആക്ട് എന്നു വിളിച്ചു. റൗളട്ട് ആക്ടിൽ പോലീസിന് അനിയന്ത്രിതമായ അധികാരങ്ങൾ ലഭിക്കുകയുണ്ടായി.

ഈ കരിനിയമത്തിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ അരങ്ങേറി. 1919 ഏപ്രിൽ 13നാണ് ഇന്ത്യയെ നടുക്കിയ ജാലിയൻവാലാബാഗ് കൂട്ടക്കൊല നടക്കുന്നത്. ബൈശാഖി ദിനത്തിൽ റൗളറ്റ് നിയമത്തിനെതിരേ പ്രതിഷേധിക്കാൻ ജാലിയൻവാലാബാഗിൽ നടത്തിയ ഒരു സമ്മേളനത്തിലേക്ക് ബ്രിട്ടീഷ് പോലീസ് യാതൊരു കാരണവും കൂടാതെ നിർദാക്ഷിണ്യം വെടിയുതിർക്കുകയായിരുന്നു. രക്ഷപ്പെടാൻ ആകെയുണ്ടായിരുന്നു ഒരു വാതിൽ കൂടി അടച്ചാണ് പോലീസ് ഈ ക്രൂരകൃത്യം നിർവ്വഹിച്ചത്. ഇത്തരം സംഭവങ്ങളെല്ലാം പത്രദ്വാരാ അറിഞ്ഞിരുന്ന ചന്ദ്രശേഖർ അത്യധികം രോഷാകുലനായി. പ്രതികാരത്തിനുവേണ്ടി അദ്ദേഹത്തിന്‍റെ മനസ്സു തയ്യാറെടുത്തു .

1921 ൽ കോൺഗ്രസ്സ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു. വിദ്യാർത്ഥികളോട് വിദ്യാലയങ്ങൾ ഉപേക്ഷിച്ച് സമരത്തിൽ പങ്കുകൊള്ളാൻ ആഹ്വാനമുണ്ടായി. വിദ്യാർത്ഥികൾ സമരാഹ്വാനം കൈക്കൊണ്ട് വിദ്യാലയങ്ങൾ ഉപേക്ഷിച്ച് സമരത്തിൽ പങ്കാളികളായി. സമരവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ചിരുന്ന സമ്മേളനങ്ങളിലും മീറ്റിങ്ങുകളിലും മുടങ്ങാതെ ചന്ദ്രശേഖർ പങ്കെടുക്കുമായിരുന്നു. ചെറുപ്രായത്തിൽതന്നെ പോലീസിന്റെ ക്രൂരതകൾ ചന്ദ്രശേഖറിനു മനസ്സിലായിരുന്നു. സ്വാതന്ത്ര്യത്തെ വാനോളം സ്നേഹിച്ചിരുന്ന ചന്ദ്രശേഖറിന് മറ്റൊന്നും ആലോചിക്കുവാനുണ്ടായിരുന്നില്ല.
വിദ്യാഭ്യാസം പാതിവഴിക്കുപേക്ഷിച്ച് ആ യുവാവ് നിസ്സഹകരണ പ്രസ്ഥാനത്തിന്‍റെ പാതയിലേക്ക് ചുവടുവെച്ചു.

ഒരു സമ്മേളനത്തിൽ വെച്ച് പോലീസുകാരനെതിരേ കല്ലെറിഞ്ഞതിന് അറസ്റ്റു ചെയ്ത് ലോക്കപ്പിലാക്കപ്പെട്ടു. ഭയം ലവലേശമില്ലാതെയാണ് ചന്ദ്രശേഖർ കൈവിലങ്ങുമണിഞ്ഞ് പോലീസ് അകമ്പടിയോടുകൂടി സ്റ്റേഷനിലേക്കു പോയത്. പിറ്റേ ദിവസം വിചാരണക്കായി കോടതിയിൽ ഹാജരാക്കപ്പെട്ട ചന്ദ്രശേഖർ, വിചാരണക്കിടെ ന്യായാധിപന്റെ ചോദ്യത്തിനു മറുപടിയായി തന്‍റെ പേര് ആസാദ് എന്നാണെന്നും, പിതാവിന്‍റെ പേര് സ്വാതന്ത്ര്യം എന്നും താമസിക്കുന്നത് ജയിലിലാണെന്നും പറയുകയുണ്ടായി. ചൂരലുകൊണ്ടുള്ള പതിനഞ്ച് അടിയാണ് കോടതി ചന്ദ്രശേഖറിന് ശിക്ഷ വിധിച്ചത്. കൂസലന്യേന ആസാദ് ആ ശിക്ഷ ഏറ്റുവാങ്ങി. ഓരോ പ്രഹരം പുറത്തു വീഴുമ്പോഴുംഭാരത്‌ മാതാ കീ ജയ്‌… വന്ദേ മാതരം എന്നു ഉറക്കെ വിളിക്കുകയാണ് ചന്ദ്രശേഖർ ചെയ്തത്. കണ്ടു നിന്നവരിൽ ഇത് അമ്പരപ്പും, ആശ്ചര്യവും ഉളവാക്കി. പതിനഞ്ചാമത്തെ അടി കഴിഞ്ഞതോടെ കൂടെയുള്ളവർ ഈ യുവാവിന്റെ തോളിലേറ്റി ചന്ദ്രശേഖർ ആസാദ് കീ ജയ് ഭാരത്മാതാ കീ ജയ് എന്നിങ്ങനെ ഉറക്കെ വിളിക്കാൻ തുടങ്ങി. ധൈര്യശാലിയായ കുട്ടി എന്നാണ് അക്കാലത്ത് ബനാറസിൽ നിന്നും പുറത്തിറങ്ങിയ മര്യാദ എന്ന പത്രം ചന്ദ്രശേഖറിനെ വിശേഷിപ്പിച്ചത്.

നിസ്സഹകരണപ്രസ്ഥാനത്തിലൂടെ ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചേക്കും എന്ന് ചന്ദ്രശേഖർ കരുതിയിരുന്നു. അക്കാലഘട്ടത്തിലാണ് നിനച്ചിരിക്കാതെ ചൗരിചൗരാ സംഭവം നടക്കുന്നത്. ഈ സംഭവത്തിൽ നിരാശനായി മഹാത്മാഗാന്ധി നിസ്സഹകരണപ്രസ്ഥാനം പിൻവലിക്കുകയാണെന്നു പ്രഖ്യാപിച്ചു. യുവാവായ ചന്ദ്രശേഖറിനെ ഏറെ നിരാശപ്പെടുത്തിയ ഒരു പ്രഖ്യാപനമായിരുന്നു അത്.

വിപ്ലവകാരികളിൽ പ്രസിദ്ധനായ ഭഗത് സിംഗ് ആസാദുമായി ബന്ധപ്പെടുന്നത് സചീന്ദ്രനാഥ് സന്യാൽ ആരംഭിച്ച ഹിന്ദുസഥാൻ റിപ്പബ്ലിക്കൻ അസ്സോസിയേഷൻ എന്ന സംഘടന വഴിയാണ്. 1928 ആയപ്പോഴേക്കും ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസ്സിയേഷന്റെ നേതൃത്വം ഭഗത് സിംഗിന്റെയും ചന്ദ്രശേഖർ ആസാദിന്റേയും ചുമലിലായി. മറ്റു പ്രധാന നേതാക്കളെല്ലാം ജയിലിലാവുകയോ തൂക്കിലേറ്റപ്പെടുകയോ ചെയ്തിരുന്നു. ഭഗത് സിംഗ് പിന്നീട് ഈ സംഘടനയുടെ പേര് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ അസ്സോസ്സിയേഷൻ എന്നു മാറ്റി. സംഘടനയുടെ നയം ഭാരതത്തിൽ ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുക എന്നതായി. ഇക്കാലത്ത് അവരോടൊപ്പം പ്രവറ്ത്തിച്ചിരുന്നവരാണ് രാജ്ഗുരുവും സുഖ്ദേവും.
ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ പണത്തിന്റെ ദൗർലഭ്യം കൊണ്ട് വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. പാർട്ടിക്കുവേണ്ടി പണം സ്വരൂപിക്കുന്നതിന് അവർ ചന്ദ്രശേഖറിനെ ആണ് ചുമതലപ്പെടുത്തിയിരുന്നത്. പണം സ്വരൂപിക്കുന്നതിനായി പല വഴികളും ആലോചിച്ചിരുന്നുവെങ്കിലും ഒന്നും തന്നെ ഫലവത്തായിരുന്നില്ല.

പിന്നീട്, വിപ്ലവകാരികൾ ആയുധം വാങ്ങുക മുതലായ ആവശ്യങ്ങൾക്ക് സർക്കാർ മുതൽ കൊള്ളയടിക്കുക എന്ന നയം സ്വീകരിച്ചു. 1925 ഓഗസ്റ്റ് ഒൻപതിന് ഉത്തർപ്രദേശിലെ കാക്കോറിയിൽ നിന്ന് ആലം നഗറിലേക്ക് ഖജനാവുമായി പുറപ്പെട്ട തീവണ്ടി വഴിക്കു വച്ച് പത്തോളം വിപ്ലവകാരികൾ അപായ ചങ്ങല വലിച്ച് നിർത്തി. തീവണ്ടിയിലുണ്ടായിരുന്ന സേഫ് തകർത്ത് സർക്കാർ പണം തട്ടിയെടുത്തു. മോഷ്ടിച്ച പണവും കൊണ്ട് ഇവർ ലക്നോയിലേക്കു കടന്നു കളഞ്ഞു. ഈ സംഭവത്തിൽ ഒരു യാത്രക്കാരൻ അബന്ധവശാൽ വെടിയേറ്റു മരിക്കുകയുണ്ടായി വിപ്ലവകാരികൾ സർക്കാരിന്‍റെ പണം തട്ടിയെടുത്തതല്ലാതെ മറ്റാരേയും ഉപദ്രവിക്കുകയുണ്ടായില്ല. ഇതേ തുടർന്നുണ്ടായ കാക്കേറി ഗൂഢാലോചന കേസിലെ മിക്ക പ്രതികളേയും അറസ്റ്റ് ചെയ്തു. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസ്സിയേഷന്റെ നേതാവായ രാംപ്രസാദ് ബിസ്മിലിനെ പോലീസ് വൈകാതെ അറസ്റ്റു ചെയ്തു. ആസാദിനെ കിട്ടിയില്ല. വിവധയിടങ്ങളിൽ നിന്നായി 40 ഓളം പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. പ്രതികളിൽ നാല് പേർക്ക് വധശിക്ഷ, മറ്റുള്ളവർക്ക് നാടുകടത്തൽ, നീണ്ട ജയിൽ വാസം എന്നിവ നൽകി
ഇന്ത്യയിലെ രാഷ്ട്രീയസ്ഥിതി പഠിക്കുവാൻ വന്ന സൈമൺ കമ്മീഷനെതിരേ പ്രതിഷേധം പ്രകടിപ്പിച്ച ലാലാലജ്പത് റായിയെ പോലീസ് ക്രൂരമായി മർദ്ദിച്ചു. ഈ മർദ്ദനത്തിൽ നിന്നും തീർത്തും മോചിതനാവാതെ റായ് മരണമടഞ്ഞു. ഇതിൽ കുപിതരായ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ പ്രവർത്തകർ ഇതിനെതിരേ പ്രതികാരം ചെയ്യണമെന്ന് തീരുമാനിച്ചു. സംഭവത്തിനു ദൃക്സാക്ഷിയായിരുന്നില്ലെങ്കിലും, ലാത്തിച്ചാർജ്ജ് നടത്തിയ സ്കോട്ട് എന്ന ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ചന്ദ്രശേഖറും, ഭഗത് സിംഗും കൂടെ തീരുമാനിച്ചു. സുഖ്ദേവും, ശിവറാം രാജ്ഗുരുവും ഈ പദ്ധതിയിൽ പങ്കാളികളായിരുന്നു. എന്നാൽ സ്കോട്ടിനു പകരം കൊല്ലപ്പെട്ടത് ജോൺ സോണ്ടേഴ്സ് എന്ന ഉദ്യോഗസ്ഥനായിരുന്നു.

ന്യൂഡൽഹിയിലെ അസംബ്ളി ചേംബറിൽ ബോംബ് എറിയാൻ ഭഗത് സിംഗും കൂട്ടരും തീരുമാനിച്ചു. ബോംബേറിൽ ആളപായം ഉണ്ടായില്ല. എന്നാൽ സഹരൻ പൂരിലെ ഒരു വലിയ ബോംബ് നിർമ്മാണ കേന്ദ്രം പൊലീസ് കണ്ടുപിടിച്ചു. 1929 ൽ ഡൽഹിക്ക് സമീപം വൈസ്രോയി സഞ്ചരിച്ചിരുന്ന ഒരു സ്പെഷ്യൽ തീവണ്ടിയുടെ അടിയിൽ തീവ്രവാദികൾ ബോംബ് പൊട്ടിച്ചു. തീവണ്ടി തകർന്നെങ്കിലും വൈസ്രോയി രക്ഷപെട്ടു. 1930 ജൂലൈ ആറിന് ഡൽഹിയിലെ ഒരു വ്യവസായ സ്ഥാപനം കൊള്ളയടിച്ചു. ആസാദിന്റെ ഗൂഢാലോചനയെക്കുറിച്ച് പൊലീസിന് അറിവ് കിട്ടി. 6000 ബോംബുകൾ നിർമ്മിക്കാൻ വേണ്ട സ്ഫോടക വസ്തുക്കൾ ഡൽഹിയിലെ ഒരു രഹസ്യ ബോംബ് നിർമ്മാന കേന്ദ്രത്തിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.
പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ ആസാദ് പഞ്ചാബിലേക്ക് പോയി. തുടർന്നും പൊലീസിനെതിരെ ബോംബേറുകൾ നടന്നു. പൊലീസ് ആസാദിനെതിരായി രണ്ട് ഗൂഢാലോചന കേസുകൾ കൂടിയെടുത്തു. രണ്ടാം ലാഹോർ ഗൂഢാലോചനക്കേസും ന്യൂഡൽഹി ഗൂഢാലോചന ക്കേസുമായിരുന്നു അത്. ആസാദിനെയും സഹപ്രവർത്തകരെ പിടികൂടാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടി.

ആസാദിന്‍റെ സഹപ്രവർത്തകരിൽ ഒരാൾ ഒറ്റുകൊടുത്തതിന്‍റെ ഫലമായി 1931 ഫെബ്രുവരി 27ന് അലഹബാദിലെ ആൽഫ്രെഡ് പാർക്കിൽ വച്ച് പൊലീസ് അദ്ദേഹത്തെ വളഞ്ഞു. സുഖ്ദേവ് രാജ് എന്ന സഹപ്രവർത്തകനെ കണ്ട് സംസാരിക്കാനായിരുന്നു ചന്ദ്രശേഖർ ആൽഫ്രഡ് പാർക്കിലെത്തിയത്. എന്നാൽ ഒറ്റുകാരന്‍റെ സഹായത്തോടെ പോലീസ് ആ സ്ഥലം മനസ്സിലാക്കുകായിരുന്നു. തുടർന്നു നടന്ന വെടിവെപ്പിൽ ആസാദ് മൂന്നു പോലീസുകാരെ വധിക്കുകയുണ്ടായി. ഈ സംഘർഷത്തിലൂടെ സുഖ്ദേവിന് രക്ഷപ്പെടാൻ വഴിയൊരുക്കുക കൂടിയായിരുന്നു ആസാദ്. രക്ഷപ്പെടാൻ അവസാനത്തെ മാർഗ്ഗവും അടഞ്ഞു എന്ന് മനസ്സിലാക്കിയ ചന്ദ്രശേഖർ തന്‍റെ കൈത്തോക്കിലെ അവസാന ബുള്ളറ്റുകൊണ്ട് ജീവിതം അവസാനിപ്പിക്കുമ്പോൾ അദ്ദേഹത്തിൻറെ പ്രായം വെറും 25 വയസ്സായിരുന്നു.

പൊതുജനങ്ങളെ അറിയിക്കാതെ മൃതദേഹം റാസുലാബാദ് ഘട്ട് എന്ന സ്ഥലത്തേക്ക് മരണാനന്തര ചടങ്ങുകൾക്കായി കൊണ്ടു പോയി. എന്നാൽ സംഭവത്തെക്കുറിച്ചറിഞ്ഞതിനു ശേഷം ജനങ്ങൾ ആൽഫ്രഡ് പാർക്കിനുമുന്നിൽ തടിച്ചു കൂടി ചന്ദ്രശേഖറിനെ വാഴ്ത്തി മുദ്രാവാക്യം മുഴക്കാൻ തുടങ്ങി. അന്നത്തെ ആൽഫ്രഡ് പാർക്ക് ഇന്ന് ആസാദ് പാർക്ക് എന്നറിയപ്പെടുന്നു. ചന്ദ്രശേഖർ മരണസമയത്ത് ഉപയോഗിച്ചിരുന്ന കൈത്തോക്ക് ആസാദ് പാർക്കിനകത്തുള്ള മ്യൂസിയത്തിൽ പ്രദർശനത്തിനായി വെച്ചിരിക്കുന്നു.
#ChandrashekarAzad

With due acknowledgement to VSK and other Sources of Content.