എന്‍റെ ഓര്‍മ്മയിലെ ആശാന്‍പള്ളിക്കൂടം

എന്‍റെ ഓര്‍മ്മയിലെ ആശാന്‍ പള്ളിക്കൂടം

ആശാൻ ഒരു ഭീകരജീവിയായിട്ടാണ് ഞാൻ കരുതിയിരുന്നത്.

എന്‍റെ വിദ്യാഭ്യാസം ആരംഭിക്കുന്നത് എരുമേലി എന്ന സ്ഥലത്തുള്ള ഒരു ആശാൻ പള്ളിക്കുടത്തിൽ നിന്നാണ്. അച്ഛൻ അക്കാലത്ത് എരുമേലിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസറായിരുന്നു. ക്വാർട്ടേർസിലായിരുന്നു താമസം. സയ്യദ് സുലൈമാൻ എന്നയാളിനെയാണ് എന്നെ ദിവസവും ആശാൻ പള്ളിക്കുടത്തിൽ കൊണ്ടാക്കുന്നതിന് അച്ഛൻ നിയോഗിച്ചിരുന്നത്. എനിക്കാണെങ്കിൽ എപ്പോഴും അമ്മയോട് ഒട്ടി നിൽക്കുന്ന (അമ്മയുടെ മരണം വരെയും) സ്വഭാവമായിരുന്നു. അതുകൊണ്ടു തന്നെ ആശാൻ പള്ളിക്കുടത്തിൽ പോകുന്നത് വാവിട്ട് കരഞ്ഞുകൊണ്ടായിരുന്നു, പലപ്പോഴും ഇത് കണ്ട് അമ്മയുടെ മനസ്സലിയും. “എന്നാൽ ഇന്ന് നീ പോകണ്ട, പക്ഷേ നാളെ എന്തായാലും പൊക്കോണം” അമ്മയുടെ ഈ വാക്കുകൾക്കു വേണ്ടി എന്നും കൊതിച്ചിരുന്നു. നിത്യേന അമ്മയും മോനുമായുള്ള ഈ നാടകം കണ്ട് കർക്കശക്കാരനായിരുന്ന (അതുകൊണ്ടാണ് പിൽക്കാലത്ത് ഞാൻ ഒരു എഞ്ചിനീയറും എംബിഎ ക്കാരനുമായത് എന്നത് സത്യം) അച്ഛൻ ഒരു സൂത്രം പ്രയോഗിച്ചു, എനിക്ക് സൈക്കിളിൽ കയറുന്നത് വലിയ ഹരമായിരുന്നു, അച്ഛന് അന്ന് ഒരു ഹെർക്കുലീസ് സൈക്കിൾ ഉണ്ടായിരുന്നു. സയ്യദ് സുലൈമാൻ എന്നെ സൈക്കിളിലിരുത്തി സവാരിക്കു കൊണ്ടുപോകാറുണ്ടായിരുന്നു. അങ്ങനെ ആശാൻ പള്ളിക്കുടത്തിലേക്കും ഞാനറിയാതെ സൈക്കിളിൽ കൊണ്ടുപോകാൻ അച്ഛൻ ഏർപ്പാടാക്കി. 
62955-thaliyola
Annotation 2020-06-01 232535

അന്ന് ബുക്കും സ്ലേറ്റും ഒന്നുമുണ്ടായിരുന്നില്ല. നാരായം കൊണ്ടെഴുതുന്ന പനയോലയായിരുന്നു പുസ്തകത്തിന്റെ സ്ഥാനത്തുണ്ടായിരുന്നത്. ഈ ഓല ഷർട്ടിന്റെ പിന്നിൽ ഒളിപ്പിച്ചുവെച്ചുകൊണ്ടാണ് സയ്യദ് സുലൈമാൻ എന്നെ സവാരിക്കെന്നോണം സൈക്കിളിൽ കൊണ്ടു പോകാറ്. ആശാൻ പള്ളിക്കുടത്തിൽ എത്തിയാൽ വീണ്ടും നിലവിളി തുടങ്ങും. ആശാൻ കണ്ണുരുട്ടിക്കാണിച്ച് ബലമായി പിടിച്ച് നിലത്തിരുത്തും. കൈയ്യിൽ ഒരു ചൂരൽ വടിയും കാണും. ആശാൻ ഒരു ഭീകരജീവിയായിട്ടാണ് ഞാൻ കരുതിയിരുന്നത്. ഓലമേഞ്ഞ ഒരു ചെറിയ കുടിലാണ് പള്ളിക്കുടം. ചാണകം മെഴുകിയ തറയിൽ തടുക്ക് ( ചതുരാകൃതിയിലുള്ള ചെറിയ പായ) ഇട്ടാണ് ഇരിക്കന്നത്. മുന്നിൽ രണ്ടു പിടി മണൽ ഉണ്ടാകും. ഇത് നിരത്തിയാണ് എഴുതുന്നത്. ചൂണ്ടുവിരൽ പിടിച്ച് ബലമായി ഈ മണലിൽ ആശാൻ എഴുതിക്കുമ്പോൾ അസഹ്യമായ വേദനയുണ്ടായിരുന്നു. വീട്ടിൽ തിരികെയെത്തുമ്പോൾ തെണുത്ത് ചുവന്നിരിക്കുന്ന കുഞ്ഞി വിരൽത്തുമ്പ് കണ്ട് അമ്മയുടെ കണ്ണുകൾ ഈറനണിയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അമ്മ എന്നെ ചേർത്തു പിടിച്ച് വിരൽത്തുമ്പിൽ ഉമ്മ വെക്കും. എന്നിട്ട് പറയും “നീ പഠിച്ച് മിടുക്കനായി വലിയാളാകാനല്ലെ, ഇതൊന്നും സാരമില്ല.”  ആ ഓർമ്മകളിൽ ഇന്ന് ഗദ്ഗദത്തോടെയാണ് ഞാനിതെഴുന്നത്. കണ്ഠമിടറുന്നൂ… കൈകൾ വിറയ്ക്കുന്നു… വിരൽത്തുമ്പ് ചുവന്നിട്ടില്ലെന്നു മാത്രം… ഇന്ന് വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്ന ദിവസം സാധാരണ കുട്ടികൾ വീടിനു മുന്നിലൂടെ നടന്നുപോകുന്ന പതിവുണ്ടായിരുന്നു. പക്ഷെ ഇന്ന് കുട്ടികളെല്ലാം വീട്ടിലിരുന്ന് ഓണ്‍ലൈന്‍ പഠനം നടത്തുന്ന കാരണം ആരെയും കണ്ടില്ല. ആകെ ഒരു മൂകത. അങ്ങനെ എന്‍റെ കുട്ടിക്കാലത്തെ ഓര്‍മ്മയിലേക്ക് ചിറകുവിരിച്ച് ഞാനും ഒന്ന് യാത്ര ചെയ്തുപോയി … എന്റെ ആശാൻ പള്ളിക്കൂടത്തിലേക്ക് …

Scroll to Top