കെ. ടി. ജലീൽ – വിവാദങ്ങളിൽ ഒന്നാം സ്ഥാനം…

പിണറായി വിജയൻ സർക്കാരിൽ ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിട്ട മന്ത്രിയായിരുന്നു കെ. ടി. ജലീൽ. പലതും ഗുരുതര ആരോപണങ്ങളായിരുന്നു. മുഖ്യമന്ത്രിയുടെ പിന്തുണയാണ് അതെല്ലാം മറികടക്കാൻ തുണയാ യത്.
ഒടുവിൽ, ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധി വന്നതോടെ പിണറായിയും ജലീലിനെ കൈവിട്ടു.
ജലീലിന് എതിരെ ഉയർന്ന പ്രധാന ആരോപണങ്ങളും വിവാദങ്ങളും

സ്വർണക്കടത്തു കേസിലെ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ എൻഐഎ യും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും ജലീലിനെ ചോദ്യം ചെയ്തു. യുഎഇ കോൺസുലേറ്റിൽ നിന്നു സംഭാവന സ്വീകരിച്ചു റമസാൻ കിറ്റ് വിതരണം ചെയ്തതും മതഗ്രന്ഥങ്ങൾ സ്വീകരിച്ചതും പ്രോട്ടോക്കോൾ ലംഘനമാണെന്ന ആരോപണമുയർന്നു .
ഉന്നത വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ ഉടൻ സർവകലാശാലകളുടെ ഭരണത്തിലും പരീക്ഷാ നടത്തിപ്പിലും നേരിട്ട് ഇടപെട്ടു. കേരള, കാലിക്കറ്റ്, കണ്ണൂർ, എംജി, കുസാറ്റ് എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പും സർവകലാശാലകളും ചേർന്ന് അദാലത്ത് നടത്തിയതാണു വിവാദമായത്.

സാങ്കേതിക സർവകലാശാലയിൽ തോറ്റ ബിടെക് വിദ്യാർഥിയെ ചട്ടങ്ങൾ മറികടന്നു മൂല്യനിർണയത്തിലൂടെ ജയിപ്പിച്ച നടപടി വലിയ വിവാദമായി. സർവകലാശാലയുടെ ഫയൽ തീർപ്പാക്കൽ അദാലത്തിലാണു മൂന്നാം മൂല്യനിർണയത്തിനു ജലീൽ നിർദേശിച്ചത്. സംഭവം പുറത്തായതോടെ ഗവർണർ ഇടപെട്ട് അദാലത്തുകൾ അവസാനിപ്പിച്ചു.
എംജിയിൽ ബിടെക് പാസാകാത്ത 126 കുട്ടികൾക്ക് 5 മാർക്ക് വീതം ദാനം ചെയ്യാൻ അദാലത്തിൽ തീരുമാനം എടുപ്പിക്കുകയും പിന്നീട് സിൻഡിക്കറ്റിനെ കൊണ്ട് അംഗീക രിപ്പിക്കുകയും ചെയ്തു.

സർവകലാശാലകളിൽ നിന്നുള്ള നിർണായക ഫയലുകൾ അദാലത്തിനായി മന്ത്രിയുടെ ഓഫിസിലെത്തിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവും വിവാദമായി.
ആരോഗ്യ സർവകലാശാലയിൽ എംബിബിഎസ് പരീക്ഷയ്ക്ക് മാർക്ക് ദാനത്തിന് ജലീലിന്റെ ഓഫിസ് ഇടപെട്ടതായി ആരോപണമുയർന്നു. സർവകലാശാല ഗ്രീവൻസ് കമ്മിറ്റി അംഗങ്ങൾ എതിർത്തതോടെ ഈ നീക്കം പൊളിഞ്ഞു.

2016 ൽ തദ്ദേശ വകുപ്പ് മന്ത്രിയായിരിക്കെ സിപിഎം നിർദേശം തള്ളി സ്വന്തം താൽപര്യപ്രകാരം കുടുംബശ്രീ കോ ഓർഡിനേറ്റർമാരെ നിയമിച്ചത് പാർട്ടിക്കുള്ളിൽ വിവാദമായി.
ഭാര്യ എൻ.പി. ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലായി നിയമിച്ചതിൽ ചട്ടലംഘനമുണ്ടന്ന ആരോപണം ഉയർന്നു. കെഇആർ പ്രകാരമുള്ള സീനിയോറിറ്റി നിബന്ധനകൾ അട്ടിമറിച്ചെന്നായിരുന്നു പരാതി.

മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ എസ്ഡിപിഐ നേതാവ് ഉൾപ്പെടെ 10 പേരെ മന്ത്രി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (കില) നിയമിച്ചുവെന്ന് അനിൽ അക്കര എംഎൽഎ ആരോപിച്ചിരുന്നു.
കരിപ്പൂരിലെ സംസ്ഥാന ഹജ് ഹൗസിൽ ഉദ്യോഗസ്ഥയുടെ നിയമനം വിവാദമായി. ക്ലാർക്കിന്റെ തസ്തികയിൽ ഡപ്യൂട്ടേഷൻ നിയമനം നടത്തുന്നതിനു പകരം മന്ത്രിയുടെ താൽപര്യപ്രകാരം നിയമനം നടത്തിയെന്നാണ് പരാതിയുണ്ടായത്.
