ഭാരതീയ ശൂന്യാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐ എസ് ആർ ഒ) ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ അറസ്റ്റിലേക്ക് നയിച്ച 1994 ലെ ചാരവൃത്തി കേസ് :

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്രോ) ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ 1994 ലെ ചാരവൃത്തിക്കേസിൽ ഉൾപ്പെടുത്തിയ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാൻ സെന്റ്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെ (സിബിഐ) ചുമതലപ്പെടുത്തി 2021 ഏപ്രിൽ 15 ന് സുപ്രീം കോടതി ഉത്തരവിട്ടു.

ഇക്കാര്യം ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനും ജസ്റ്റീസ് ദിനേശ് മഹേശ്വരി, ജസ്റ്റീസ് കൃഷ്ണ മുരാരി തുടങ്ങിയവർ അംഗങ്ങളുമായ ബെഞ്ച് മുൻ ബഹിരാകാശ ശാസ്ത്രജ്ഞരെ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസിൽ ഉൾപെടുത്തിയതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണംആവശ്യമാണെന്ന് വിധിച്ചു.

ചാരവൃത്തി കേസ് എന്തായിരുന്നു?
ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെക്കുറിച്ചുള്ള രഹസ്യസ്വഭാവമുള്ള ചില രേഖകൾ വിദേശ രാജ്യങ്ങളിലേക്ക് കൈമാറിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ചാരവൃത്തി നടത്തിയെന്നാരോപിച്ച് 1994 ൽകേരള പോലീസ് ഇസ്രോ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ അറസ്റ്റ് ചെയ്തു.

പാകിസ്ഥാന് വിൽക്കാനായി ഇസ്രോ റോക്കറ്റ് എഞ്ചിനെപ്പറ്റിയുള്ള ചില ഡ്രോയിങ്ങുകൾ റഷീദ എന്ന മാലദ്വീപ് വനിത കൈപ്പറ്റി എന്ന വിഷയത്തിൽ 1994 ഒക്ടോബറിൽ തിരുവനന്തപുരത്ത് അറസ്റ്റു ചെയ്യപ്പെട്ടതിനെ തുടർന്നാണ് കേസ് വെളിച്ചത്തുവന്നത്.

അന്നത്തെ ഇസ്രോ ഡെപ്യൂട്ടി ഡയറക്ടർ ഡി ശശികുമാരൻ, റഷീദയുടെ മാലദ്വീപ് സുഹൃത്ത് ഫൗസിയ ഹസൻ എന്നിവരോടൊപ്പം നമ്പി നാരായണനെ അറസ്റ്റ് ചെയ്തു.
രണ്ടുവർഷത്തെ അന്വേഷണത്തിന് ശേഷം 1996 ൽ കേസ് അവസാനിപ്പിച്ച റിപ്പോർട്ട് നൽകി സി.ബി.ഐ നമ്പി നാരായണന് ക്ലീൻ ചിറ്റ് നൽകി. ശാസ്ത്രജ്ഞനെ പ്രതിചേർത്തതിന് സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരെയും അന്നത്തെ രഹസ്യാന്വേഷണ ബ്യൂറോ (ഐബി) ഡെപ്യൂട്ടിഡയറക്ടർ ആർ.ബി. ശ്രീകുമാർ എന്നിവരുമാണ് കാരണക്കാർ എന്നാണ് സി ബി ഐ റിപ്പോർട്ട് ചെയ്തത്.

2018 ൽ പോലീസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ ഒരു ഉന്നതതല പാനലിനോട് സുപ്രീം കോടതി നിർദ്ദേശിക്കുകയും തെറ്റായ തടവിലാക്കലിന് വിധേയനായ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കേരള സർക്കാരിനോട് ഉത്തരവിടുകയും ചെയ്തു. മുൻ ഇസ്രോ ശാസ്ത്രജ്ഞർക്കെതിരായ പോലീസ്നടപടി ‘സൈക്കോ പാത്തോളജിക്കൽ ട്രീറ്റ്മെന്റ്’എന്നാണ് കോടതി വിശേഷിപ്പിച്ചത്. കസ്റ്റഡിയിലെടുക്കുമ്പോൾ ശാസ്ത്ജ്ഞന്റെ മനുഷ്യാവകാശത്തിന് അടിസ്ഥാനമായ “സ്വാതന്ത്ര്യവും അന്തസ്സും” അപകടത്തിലായെന്നും ഒടുവിൽ, മുൻകാലത്തെ എല്ലാ പ്രവൃത്തികളും മഹത്വങ്ങളും ഉണ്ടായിരുന്നിട്ടും,”നികൃഷ്ടമായ വെറുപ്പ്” നേരിടാൻ നിർബന്ധിതനാകുകയും ചെയ്തു”.

1994 ലെ കേസിൽ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഈ വർഷം ഏപ്രിൽ 5 ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
നമ്പി നാരായണൻ പറഞ്ഞത്:
കേരള പോലീസ് കേസ് കെട്ടിച്ചമച്ചതാണെന്ന് 79 കാരനായ നമ്പി നാരായണൻ തുടക്കം മുതൽ തന്നെ പറഞ്ഞു കൊണ്ടിരുന്നു. മോഷ്ടിച്ചതായി ആരോപിക്കപ്പെടുന്ന സാങ്കേതിക വിദ്യ അക്കാലത്ത് നിലവിലിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

കേസിന്റെ ഭാഗമായി ഉടലെടുത്ത രാഷ്ട്രീയ പ്രത്യാഘാതം:
കേസിൽ ഉൾപ്പെട്ടെന്നാരോപിച്ച് കോൺഗ്രസ് നേതാക്കളിൽഒരു വിഭാഗം അന്നത്തെ കേരള മുഖ്യമന്ത്രി ആയിരുന്ന പരേതനായ കെ കരുണാകരനെ ലക്ഷ്യം വച്ചു പ്രചരണം നടത്തി. ഇത് ഒടുവിൽ കരുണാകരനെ സ്ഥാനത്തു നിന്ന് രാജിവയ്ക്കാൻ നിർബന്ധിതനാക്കി.
