അറിയാതെ വന്നു പോകുന്ന കോവിഡിന്റെ അപകടം…

അറിയാതെ വന്നുപോയ കോവിഡ് ആക്രമണം, ഒടുവില്‍ ആരോഗ്യം വീണ്ടെടുത്ത് ഘനശ്യാം…

പരിശോധനകളിൽ കണ്ടെത്താനാവാതെ ഘനശ്യാമിന്റെ ജീവിതത്തിൽ വില്ലനായി കോവിഡ്. വിട്ടുമാറാത്ത പനിയുമായി ആർ.ടി.പി.സി.ആർ പരിശോധനകൾ നടത്തിയെങ്കിലും 22-കാരനായ ഘനശ്യാം നെഗറ്റീവായി തുടർന്നു. പിന്നീട് ഒരാഴ്ചയോളം ടൈഫോയ്ഡ് ആണെന്ന നിരീക്ഷണത്തിൽ ചികിത്സ നൽകി. ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് കൊച്ചി അമൃത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയത്.

തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം ഹൃദയം,കരൾ, വൃക്ക, ശ്വാസകോശം എന്നിവയുടെ പ്രവർത്തനത്തെ മോശമായി ബാധിച്ചെന്ന് കണ്ടെത്തുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. ഇരു വൃക്കയുടെയും പ്രവർത്തനം നിലച്ചതിനാൽ ഡയാലിസിസ് ആരംഭിക്കേണ്ടി വന്നു. അവയവങ്ങളുടെ പ്രവർത്തനങ്ങൾ നിലച്ചതിനാൽ സൈറ്റോസോർബ് തെറാപ്പിയും നൽകി. ആരോഗ്യനില വീണ്ടും മോശമായതിനെ തുടർന്നാണ് ഡോക്ടർമാർ ആന്റിബോഡി പരിശോധന നടത്താൻ തീരുമാനിച്ചത്. പരിശോധനയിൽ ഘനശ്യാം കോവിഡ് ബാധിതനായിരുന്നുവെന്ന് കണ്ടെത്തി. വെന്റിലേറ്ററിലേക്ക് മാറ്റിയാണ് പ്രാഥമികമായ ചികിത്സ നൽകിയത്.

ഒരു മാസം മുമ്പ് കോവിഡ് ആണെന്ന് തിരിച്ചറിയാതെ വന്നു പോയ ജലദോഷ പനിയാണ് ഘനശ്യാമിന്റെ ജീവിതത്തിൽ വില്ലനായത്. തുടർന്നാണ് ആന്റിബോഡി പരിശോധനയിൽ മൾട്ടി സിസ്റ്റം ഇൻഫൽമേറ്ററി സിൻഡ്രോം – അഡൾറ്റ് (എം.ഐ.എസ്-എ) ആണെന്ന് കണ്ടെത്തിയത്. എം.ഐ.എസ്-സി കുട്ടികളിൽ കാണാറുണ്ടെങ്കിലും മുതിർന്നവരിൽ ഇവ അത്യഅപൂർവമായി മാത്രമാണ് കാണുന്നത്. ഇത് കണ്ടെത്തിയതിനെ തുടർന്ന് ഇന്റ്റാ വീനസ് ഇമ്മ്യൂണോഗ്ലോബുലിൻ ചികിത്സ ആരംഭിച്ചു. കാലിന് ബലക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് വീൽചെയറിലായിരുന്നു ചികിത്സാകാലം മുഴുവൻ.

ഓർമ്മക്കുറവ് ഉൾപ്പടെ ഈ സമയം ഘനശ്യാമിനെ ബാധിച്ചു. ഒരു മാസം നീണ്ട ചികിത്സയിൽ ഫിസിയോതെറാപ്പിയും പുനരധിവാസവുമുൾപ്പടെ നൽകിയാണ് ആരോഗ്യം വീണ്ടെടുക്കാൻ സാധിച്ചതെന്ന് ഡോ. അരുൺ ദിവാകർ പറഞ്ഞു. ചികിത്സയ്ക്കൊടുവിൽ ഘനശ്യാം ആശുപത്രി വിട്ടു. നിലവിൽ വീണ്ടും ചുവടുറപ്പിച്ച് നടക്കാനായുള്ള തയ്യാറെടുപ്പിലാണ് ഘനശ്യാം. കേരളത്തിൽ ഇത്തരത്തിൽ ഉള്ള ചികിത്സ ആദ്യമായാണ് ചെയ്തത്. അമൃത ആശുപത്രിയിലെ ജനറൽ മെഡിസിനിലെ ഡോ.എം.ജി.കെ.പിള്ള, ഡോ.അരുൺ ദിവാകർ നെഫ്റോളജിസ്റ്റ് ഡോ.സന്ദീപ് ശ്രീധരൻ, റൂമറ്റോളജിസ്റ്റ് ഡോ.സി.ബി.മിഥുൻ, ക്രിട്ടിക്കൽ കെയർ വിദഗ്ധൻ ഡോ.ശ്യാം സുന്ദർ എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകി.

Scroll to Top