പ്രണാബ്ദാ – സ്വതന്ത്ര ഭാരതത്തിന്റെ രാഷ്ട്രീയ വിസ്മയം…
2012 മുതൽ 2017 വരെ ഭാരതത്തിന്റെ രാഷ്ട്രപതിയായിരുന്നു പ്രണബ്ദാ എന്ന ചുരുക്കപ്പേരിൽ അറിയപെട്ടിരുന്ന പ്രണബ് കുമാർ മുഖർജി. 84 വയസ്സായ അദ്ദേഹത്തിന് കോവിഡ് -19 പിടിപെട്ടു എന്ന് ആഗസ്റ്റ് 10 ന് കണ്ടെത്തിയിരുന്നു. തലച്ചോറിൽ കട്ടപിടിച്ച രക്തം നീക്കാനായുള്ള ശസ്ത്രക്രിയ്ക്ക് മുൻപ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഇതിന് ശേഷം പ്രണാബ്ദാ തന്നെ തന്റെ കോവിഡ് ബാധയെക്കുറിച്ച് ട്വീറ്റ് ചെയ്യുകയും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ താനുമായി ബന്ധപ്പെട്ടിരുന്ന ആളുകളോട് ക്വാറന്റെയിനിൽ പോകാനും വൈറസ് ടെസ്റ്റ് നടത്താനും ആവശ്യപ്പെട്ടിരുന്നു.

ശക്തനായ ഒരു പ്രാസംഗികനും പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായ ശ്രീ മുഖർജി ഭാരതത്തിന്റെ പതിമൂന്നാമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് കോൺഗ്രസിന്റെ ശക്തനായ നേതാവായിരുന്നു. ഇതിനുമുമ്പ് അദ്ദേഹം കാലാകാലങ്ങളിൽ കോൺഗ്രസ്, യുപിഎ എന്നിവരുടെ ഭരണകാലത്ത് പ്രതിരോധം, ധനകാര്യം, വിദേശകാര്യം, വാണിജ്യം, ഷിപ്പിംഗ്, വ്യവസായം എന്നീ വകുപ്പുകളുടെ ക്യാബിനറ്റ് മന്ത്രി എന്ന പദവി വഹിച്ചിരുന്നു. 1984 ൽ യൂറോ മണി മാസികയുടെ ഒരു സർവേ പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച ധനമന്ത്രിയായിരുന്നു അദ്ദേഹം.

മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി കോൺഗ്രസ് ടിക്കറ്റിൽ അദ്ദേഹത്തെ 1969-ൽ രാജ്യസഭയിലേക്ക് കൊണ്ടുവന്നതിനെ തുടർന്നാണ് സജീവ രാഷ്ട്രീയത്തിലേക്കും പാർലമെന്റിലേക്കും എത്തുന്നത്. തുടർന്ന് ശ്രീമതി ഗാന്ധിയുടെ വിശ്വസ്തനാകുകയും 1973-ൽ മന്ത്രിസഭയിലെ അംഗമാകുകയും ചെയ്തു. 1975, 1981, 1993, 1999 എന്നീ വർഷങ്ങളിൽ അദ്ദേഹം വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1984 ൽ ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ഹത്യയെ തുടർന്ന് രാജീവ് ഗാന്ധി അധികാരത്തിൽ എത്തുന്നതു വരെ അദ്ദേഹം കോൺഗ്രസ് പാർട്ടിയുടെ ഒരു സുപ്രധാന നേതാവും വലുതും ചെറുതുമായ നേതാക്കന്മാർക്ക് വളരെ സ്വീകാര്യനായ ഒരു വ്യക്തിയും ആയിരുന്നു. രാജീവുമായിട്ടുള്ള അകൽച്ചയെ തുടർന്ന് പാർട്ടിവിട്ട മുഖർജി “രാഷ്ട്രീയ സമാജ്‌വാദി കോൺഗ്രസ്” എന്ന പാർട്ടി രൂപീകരിച്ചു. പിന്നീട് 1989 ൽ രാജീവ് ഗാന്ധിയുമായി നടന്ന സന്ധിസംഭാഷണത്തിന്റെ ഫലമായി അദ്ദേഹത്തിന്റെ പാർട്ടി കോൺഗ്രസിൽ ലയിച്ച് പാർട്ടിയിലേക്ക് മടങ്ങിയെത്തി.

രാജീവ് ഗാന്ധിയുടെ ഹത്യക്ക് ശേഷം പ്രധാനമന്ത്രിയായ ശ്രീ നരസിംഹ റാവു, പ്രണബ് മുഖർജിയെ ആസൂത്രണ കമ്മീഷന്റെയും (1991) വിദേശകാര്യ മന്ത്രാലയത്തിന്റെയും (1995) ഉത്തരവാദിത്തം നൽകിയതിനെ തുടർന്ന് വീണ്ടും രാഷ്ട്രീയത്തിൽ ശ്രദ്ധേയനായി. പിന്നീട് 1998-ൽ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച സോണിയ ഗാന്ധിയെ ശക്തമായി പിന്തുണയ്ക്കുകയും അവർക്ക് വേണ്ട ഉപദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. 2004 ൽ യുപിഎ അധികാരത്തിൽ വന്നപ്പോഴാണ് ശ്രീ മുഖർജി ആദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും മന്ത്രിസഭയിലെ രണ്ടാമനായി മാറുന്നതും. പ്രഗത്ഭനായ ഭരണാധികാരി, പരിചയസമ്പന്നനായ രാഷ്ട്രീയക്കാരൻ എന്നീ നിലകളിൽ പ്രശംസ പിടിച്ചു പറ്റിയ അദ്ദേഹം പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ അഭാവത്തിൽ മന്ത്രിസഭാ യോഗങ്ങളിൽ അദ്ധ്യക്ഷത വഹിക്കാറുണ്ടായിരുന്നു.

“മാൻ ഓഫ് ആൾ സീസൺസ്” എന്നറിയപ്പെട്ടിരുന്ന ശ്രീ മുഖർജി വിവാദമായ ഇന്തോ-യുഎസ് ആണവ കരാറിലൂടെ – 123 കരാർ – ന്യൂക്ലിയർ സപ്ലയേഴ്‌സ് ഗ്രൂപ്പിൽ നിന്ന് ഇന്ത്യയ്ക്ക് വേണ്ട ഇളവ് നേടുന്നതിലും നിർണായക പങ്ക് വഹിച്ചു.
ശ്രീ മുഖർജി അദ്ദേഹത്തിന്റെ കുടുംബ ബന്ധം മൂലം ഇന്ത്യയിലെന്നപോലെ ബംഗ്ലാദേശിലും പൊതുവെ അറിയപ്പെടുന്ന ഒരു വ്യക്തിയായിരുന്നു. ബംഗ്ലാദേശിലെ നരേലിൽ ജനിച്ചു വളർന്ന അദ്ദേഹത്തിന്റെ ഭാര്യ പരേതയായ സുവ്ര മുഖർജി പത്താം വയസ്സിൽ കൊൽക്കത്തയിലേക്ക് താമസം മാറ്റുന്നതുവരെ ബംഗ്ലാദേശിലാണ് ജീവിച്ചിരുന്നത്. 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ “വിദേശ സുഹൃത്ത്” എന്ന നിലയിൽ നൽകിയ സംഭാവനയുടെ അടിസ്ഥാനത്തിൽ 2013-ൽ “ബംഗ്ലാദേശ് മുക്തിജുദ്ദോ സൻമാനോന” എന്ന ബഹുമതി നൽകി ബംഗ്ലാദേശ് സർക്കാർ അദ്ദേഹത്തെ ആദരിച്ചു. 2008 ൽ പത്മവിഭൂഷനും 2019 ൽ ഭാരത് രത്‌നയും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.

21 ദിവസത്തെ ആശുപത്രി ചികിത്സ ഫലം കാണാതെ ഇന്നലെ (2020 ആഗസ്റ്റ് 31) വൈകിട്ട് 4.30 ന് ആ സുദീർഘമായ ജീവിത യാത്രയ്ക്ക് അന്ത്യമായി.
പ്രണാമങ്ങളോടെ…
S J R Kumar