Madampu Kunjukuttan passed away…

മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു…
81 വയസായിരുന്നു. കോവിഡ് ചികില്‍സയിലിരിക്കെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുത്തുകാരനും നടനുമായിരുന്നു. ഒന്‍പതിലധികം നോവലുകളും അഞ്ച് തിരക്കഥകളും എഴുതിയിട്ടുണ്ട്. കരുണം എന്നചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

മഹാഭാരതത്തിലെ അശ്വത്ഥാമാവിനെപ്പോലെ അശാന്തമായ ആത്മാവുമായി അലയുന്ന കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി എഴുതിയ ‘അശ്വത്ഥാമാവ്’, കുറിയേടത്തു താത്രിയുടെ ജീവിതകഥയെ അടിസ്‌ഥാനമാക്കി രചിച്ച ഭ്രഷ്‌ട് തുടങ്ങിയ നോവലുകളിലൂടെ ശ്രദ്ധേയൻ. മഹാപ്രസ്‌ഥാനം,എന്തൊരോ മഹാനുഭാവലു, പാതാളം, കോളനി, ഉത്തരകോളനി, പോത്ത്, നിഷാദം, ,അവിഘ്‌നമസ്‌തു മാരാരാശ്രീ, ദേവഭൂമി, ഓം ശാന്തി:ശാന്തി:ശാന്തി,അമൃതസ്യപുത്ര: തുടങ്ങിയവ പ്രധാന നോവലുകളാണ്. ദേശാടനം, ശാന്തം , കരുണം , പരിണാണം തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചു.

‘മഹാപ്രസ്‌ഥാനം’ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു(1983). കരുണത്തിന് മികച്ച തിരക്കഥയ്ക്കുളള ദേശീയ അവാർഡ് (2000), പരിണാമത്തിന്റെ തിരക്കഥയ്ക്ക് ഇസ്രയേൽ അശദോദ രാജ്യാന്ത ചലച്ചിത്രമേള പുരസ്കാരം, തോറ്റങ്ങൾ എന്ന സീരിയലിന്റെ തിരക്കഥയ്ക്ക് സംസ്ഥാന സർക്കാർ പുരസ്കാരം (1999).

‘അശ്വത്ഥാമാവ്’ എന്ന ചിത്രത്തിൽ നായകവേഷമുൾപ്പെടെ ഏതാനും സിനിമകളിലും സീരിയലിലും അഭിനയിച്ചു. പരിസ്ഥിതി സംബന്ധമായി ‘അശ്വത്ഥ നിംബ പരിണയം’ എന്ന ഡോക്യൂമെന്ററി സംവിധാനം ചെയ്തു. തകഴി ശിവശങ്കരപ്പിളളയെക്കുറിച്ചും ഡോക്യുമെന്ററി ഒരുക്കി.

2001–ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ കൊടുങ്ങല്ലൂരിൽ മത്സരിച്ചു. 1942 ജൂൺ 21-ാം തീയതി തൃശൂർ ജില്ലയിലെ കിരാലൂരിൽ മാടമ്പ് മനയിൽ ജനിച്ചു. അച്ഛൻ : ശങ്കരൻ നമ്പൂതിരി, അമ്മ : സാവിത്രി അന്തർജനം. യഥാർത്ഥ പേര് ശങ്കരൻ. ചെല്ലപ്പേരാണ് കുഞ്ഞുകുട്ടൻ. ഭാര്യ പരേതയായ സാവിത്രി അന്തർജനം . ഹസീന , ജസീന മക്കൾ.