കേളപ്പജി ഉപ്പു സത്യാഗ്രഹ സ്മൃതിയാത്ര

“കേരളത്തിന് ഒരു ഗാന്ധിയേ ഉള്ളൂ… അത് കെ.കേളപ്പനാണ്. പയ്യന്നൂര്‍ കടപ്പുറത്ത് ഉപ്പു കുറുക്കിയതു കൊണ്ടു മാത്രമല്ല കെ.കേളപ്പന്‍ കേരള ഗാന്ധിയായത്. അതിധീരമായ സഹനത്തിന്റെ, സമരത്തിന്റെ ചരിത്രമുണ്ട് ആ ജീവിത യാത്രയില്‍. ഒരു പക്ഷേ ഇങ്ങനെയൊരാള്‍ ഇവിടെ ജീവിച്ചിരുന്നു എന്ന് സ്വാര്‍ത്ഥം ലോകം ഭരിക്കുന്ന പുതിയ കാലത്തിന് അതിശയം തോന്നിപ്പോകാവുന്ന ചരിത്രം.

കെ.കേളപ്പന്‍ പോരാളിയായിരുന്നു. സാമൂഹിക ദുരാചാരങ്ങള്‍ക്കെതിരെ ജീവിതം തന്നെ ആയുധമാക്കിയ പോരാളി. പേരിനൊപ്പമുണ്ടായിരുന്ന ജാതിവാല്‍ വലിച്ചെറിഞ്ഞാണ് അദ്ദേഹം ചേരികളിലെ ജീവിതത്തിലേക്ക് നടന്നത്. ഹിന്ദു സമാജത്തെ ദുര്‍ബലമാക്കിയ ജാതി ഭേദങ്ങള്‍ക്കെതിരെ, അരുതുകള്‍ക്കെതിരെ കേളപ്പന്‍ ഗര്‍ജിച്ചു. ക്ഷേത്ര പ്രവേശനത്തിനായി, സഞ്ചാരസ്വാതന്ത്ര്യത്തിനായി സമരം നയിച്ചു. സംഘടിത മതമുഷ്‌കില്‍ തകര്‍ത്തെറിയപ്പെട്ട ക്ഷേത്രങ്ങള്‍ക്ക് പുനര്‍ജനിയേകി. മത പ്രീണനം കൊണ്ട് മുട്ടിലിഴഞ്ഞ പുരോഗമന രാഷ്ട്രീയക്കാരന്റെ പുറംപൂച്ചിനെതിരെ ജനകീയ സമരം പ്രഖ്യാപിച്ചു. അനാഥമായിക്കിടന്ന കോവിലുകളില്‍ അന്തിത്തിരി തെളിഞ്ഞു. ക്ഷേത്രങ്ങള്‍ ഉണര്‍ന്നു. ക്ഷേത്രസംരക്ഷണ സമിതി പിറന്നു. പശുമാംസം കഴിച്ചാലേ പട്ടിണി മാറൂ എന്ന് പടച്ചതമ്പുരാന്റെ പേരില്‍ ആണയിട്ടിറങ്ങിയവരോട് മഹാത്മജിയുടെ ഗോ സംരക്ഷണ നയം ഓര്‍മിപ്പിച്ചു. പയ്യോളിയിലെ കണ്ണന്‍ ഗുമസ്തന്റെ ചോര വീണ മണ്ണില്‍ നിന്ന് ഗോസംരക്ഷണ പ്രതിജ്ഞ എടുത്തു കേളപ്പജി …. മത ഭീകരതയുടെ താവളമാകാന്‍ കേരളത്തെ വിട്ടുതരില്ലെന്ന് പതിറ്റാണ്ടുകള്‍ക്കു മുമ്പേ അദ്ദേഹം പ്രഖ്യാപിച്ചു. മാപ്പിളക്കലാപകാരികളെ നെഞ്ചുവിരിച്ചു ചെറുത്തു. മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ ശക്തമായി സമരം ചെയ്തു.

സ്വാതന്ത്ര്യമായിരുന്നു കേളപ്പജിയുടെ ലക്ഷ്യം. സ്വാഭിമാനത്തിലൂന്നിയ സ്വാതന്ത്ര്യം. കെ.കേളപ്പന്‍ കേരള ഗാന്ധിയാകുന്നതിന്റെ ചരിത്രം പറഞ്ഞു തരും, തീക്ഷ്ണമായിരുന്ന ആ കനല്‍പ്പാതകളുടെ കഥ”


“ചരിത്രയാത്രാ  പഥത്തിലൂടെ
 

കേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് കെ.കേളപ്പന്റെ നേതൃത്വത്തില്‍ 1931ല്‍ പയ്യന്നൂരിലെ ഉളിയത്തുകടവിലേക്ക് നടന്ന ഉപ്പുസത്യഗ്രഹ യാത്ര. ദേശസ്നേഹികള്‍ക്ക് എന്നും ആവേശം പകരുന്ന ആ ഐതിഹാസിക പ്രയാണത്തിന്റെ ഓര്‍മകളുമായി അതേ സമരയാത്രാവീഥിയിലൂടെ മറ്റൊരു യാത്രക്ക് തുടക്കം കുറിക്കുകയാണ്. പുതിയ കേരളത്തെ പിടിമുറുക്കുന്ന മദ്യ-മയക്കുമരുന്ന് ശക്തികള്‍ക്കെതിരെ, കൃഷിയും കാര്‍ഷിക സംസ്‌കാരവും അന്യം നിന്നുകൊണ്ടിരിക്കുന്ന നാട്ടില്‍ തനതു കേരളത്തെ തിരിച്ചുപിടിക്കാനുള്ള യാത്രയാണത്.

കേളപ്പജിയിലൂടെ കേരളത്തെ തിരിച്ചുപിടിക്കുക എന്ന ദൗത്യവുമായി അമൃതവര്‍ഷ മഹോത്സവത്തില്‍ കേളപ്പജി ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര ചരിത്രപ്രധാന സ്ഥലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 13ന് രാവിലെ പ്രസിദ്ധമായ കോഴിക്കോട് തളി ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന യാത്ര 23ന് പയ്യന്നൂര്‍ ഉളിയത്തുകടവിലൂടെ ഗാന്ധിപാര്‍ക്കില്‍ സമാപിക്കും. പ്രധാന യാത്രാകേന്ദ്രങ്ങളിലൂടെ ഒരു അക്ഷരയാത്ര…

 

തളിയില്‍ നിന്ന്  തുടക്കം
 

തളി ക്ഷേത്രസങ്കേതം നവോത്ഥാന പരിശ്രമങ്ങളുടെ കേന്ദം കൂടിയാണ്. പിന്നാക്ക വിഭാഗക്കാര്‍ക്ക് ക്ഷേത്രവഴിയില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ മഞ്ചേരി രാമയ്യരുടെയും മിതവാദി സി. കൃഷ്ണന്റെയും നേതൃത്വത്തില്‍ പ്രവേശന വിലക്ക് പ്രദര്‍ശിപ്പിച്ച ബോര്‍ഡ് വലിച്ചറിഞ്ഞ ചരിത്രമുള്ള മണ്ണ്.

 

എലത്തൂരെ പാലം
 

1940ല്‍ കേളപ്പജി മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റ് ആയിരിക്കെയാണ് എലത്തൂരില്‍ കോരപ്പുഴയ്ക്ക് മുകളിലൂടെ പാലം നിര്‍മിച്ചത്. പാലം അദ്ദേഹം ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും ഒരു കാളവണ്ടിക്കാരനെ കടത്തിവിട്ടാണ് കേളപ്പജി ജനങ്ങള്‍ക്കായി പാലം തുറന്നത്. കേളപ്പജിപ്പാലം എന്ന് നാമകരണം ചെയ്യണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം അംഗീകരിച്ചെങ്കിലും നടപ്പാക്കിയിട്ടില്ല.  

 

കാട്ടില്‍പീടിക
 

പുതിയ സാഹചര്യത്തില്‍ സില്‍വര്‍ ലൈനിനെതിരെ ശക്തമായ ജനകീയ സമരം നടക്കുന്ന സമരഭൂമിയായ കാട്ടില്‍പീടിക വഴിയും ജനമനസറിഞ്ഞ നേതാവിന്റെ ഉപ്പ് സത്യഗ്രഹ സ്മൃതിയാത്ര കടന്നുപോകുന്നു.

 

കൊയിലാണ്ടി
 

പുതിയ നാളേക്കായി നടത്തുന്ന യാത്ര വിഷുദിനത്തില്‍ കേളപ്പജിയുടെ നാട്ടിലെത്തും. ഉച്ചയ്ക്ക് ഒതയോത്ത് വീട്ടില്‍ വിഷുസദ്യ. ജാതി-മത മതിലുകള്‍ ഭേദിച്ച് എല്ലാവരും ഒരു കൂരയ്ക്കുകീഴിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന് തുടക്കം കുറിച്ചതും അദ്ദേഹമായിരുന്നു. കേളപ്പജി ട്രസ്റ്റിന്റെ കീഴിലുള്ള തറവാട്ടു വീടായ കൊയപ്പള്ളി വീട്ടിലും സന്ദര്‍ശനം.

 

ഗോപാലപുരം
 

ഹരിജന വിദ്യാര്‍ത്ഥികളോട് അന്നത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാണിച്ച അവഗണനയ്ക്കും വെല്ലുവിളിക്കുമെതിരെ കൊയിലാണ്ടി പവൂരില്‍ പഞ്ചമ സ്‌കൂള്‍ ആരംഭിച്ചു. കെട്ടിടവും സ്ഥലവുമെല്ലാം ഗോപാലകൃഷ്ണ ഗോഖലെയുടെ കീഴിലുള്ള ട്രസ്റ്റിനെ ഏല്പ്പിച്ചു. സ്‌കൂളിലേക്ക് മക്കളെ വിടാന്‍ മടിച്ചവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി. 53 പുലയക്കുട്ടികളെ എഴുത്തുപള്ളിയില്‍ ചേര്‍ത്തു. ഇത് ഗോഖലെ എല്‍പി സ്‌കൂളായും പിന്നീട് യുപി സ്‌കൂളായും ഉയര്‍ത്തപ്പെട്ടു. ഹരിജന്‍ കോളനിയും ഹരിജന ഹോസ്റ്റലും സ്ഥാപിച്ചു.

 

പാക്കനാര്‍പുരം
 

ഹരിജന വിദ്യാഭ്യാസ പരീക്ഷണത്തിലെ ശ്രദ്ധേയമായ ചുവടുവയ്പായി ശ്രദ്ധാനന്ദ വിദ്യാലയം ആരംഭിച്ചു. അവിടെ ഗാന്ധിജി സന്ദര്‍ശനം നടത്തുകയും ഒരു ദിവസം താമസിക്കുകയും ചെയ്തു. 1937ലെ ഇടക്കാല മന്ത്രിസഭയില്‍ തൊഴില്‍കാര്യ മന്ത്രിയും പിന്നീട് ഇന്ത്യന്‍ രാഷ്ട്രപതിയുമായ വി.വി. ഗിരി, ആചാര്യ വിനോബാ ഭാവെ, മഹാകവി വള്ളത്തോള്‍ എന്നിവര്‍ ഗാന്ധിസദന സന്ദര്‍ശനം നടത്തി. നല്ലമ്പ്രകുന്ന് എന്ന സ്ഥലപ്പേരുമാറ്റി പാക്കനാര്‍പുരമെന്നാക്കി.

 

വടകര

വടകര കോട്ടപ്പറമ്പ് മൈതാനിയിലാണ്, ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി  പ്രസംഗിക്കാനെത്തിയ ഗാന്ധിജിക്ക് കൗമുദി എന്ന പെണ്‍കുട്ടി സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനായി തന്റെ സ്വര്‍ണാഭരണങ്ങള്‍ ഊരിക്കൊടുത്തതും ഇനി ആഭരണങ്ങള്‍ ധരിക്കില്ലെന്ന് പ്രതിജ്ഞയെടുത്തതും.

 

മാഹി
 

വൈദേശിക ഭരണത്തിനെതിരെ ശക്തമായ വിമോചന സമരത്തിന് വേദിയായ ഫ്രഞ്ച് കോളനി. ഒന്നര നൂറ്റാണ്ടോളം ഭരിച്ച ഫ്രഞ്ച് ഭരണാധികാരികളില്‍ നിന്ന് മാഹിയെ മോചിപ്പിക്കാന്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യസമരകാലത്തു തന്നെ സമരങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ഭാരതം സ്വതന്ത്രമായി ഏഴാം വര്‍ഷമാണ് മാഹി സ്വതന്ത്രമാകുന്നത്. 1934 ല്‍ കേരളം സന്ദര്‍ശിച്ച അവസരത്തില്‍ ഗാന്ധിജി മാഹിയിലും പ്രസംഗിച്ചു.

 

തലശ്ശേരി
 

കേളപ്പന്റെ നേതൃത്വത്തില്‍ ഉളിയത്തുകടവിലേക്ക് നടന്ന യാത്ര തലശ്ശേരിയിലെത്തി. ആസാദ് കടപ്പുറത്ത് ഹരീശ്വരന്‍ തിരുമുമ്പിന്റെ നേതൃത്വത്തില്‍ ഉപ്പ് കുറുക്കി നിയമലംഘനം നടത്തി. 1940ല്‍ തലശ്ശേരി സെന്റ് ജോസഫ് സ്‌കൂളിനടുത്ത് കടപ്പുറത്ത് ബ്രിട്ടീഷ് ഭരണാധികാരികളുടെ നിരോധനം ലംഘിച്ച് നടത്തിയ പൊതുയോഗം സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന സംഭവമാണ്. ആ സ്ഥലം ഇന്ന് ജവഹര്‍ഘട്ട് എന്നറിയപ്പെടുന്നു. 1934 ജനുവരി 12ന് ഗാന്ധിജി തലശ്ശേരി സന്ദര്‍ശിച്ച് പ്രസംഗിച്ചു.

 

മുഴപ്പിലങ്ങാട്
 

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി റെയില്‍വെയുടെ ടെലിഫോണ്‍ കമ്പി മുറിച്ചുള്ള ജനകീയ സമരം നടന്ന സ്ഥലമാണ് മുഴപ്പിലങ്ങാട്. ക്ഷേത്ര പ്രവേശന സത്യഗ്രഹ കാലത്ത് ഹരിജനങ്ങളെ സംഘടിപ്പിച്ച് ഘോഷയാത്രയായി മുഴപ്പിലങ്ങാട് ശ്രീകുരുംബക്കാവ്, ഊര്‍പ്പഴശ്ശിക്കാവ്, എടക്കാട് ക്ഷേത്രം എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചതും മുഴപ്പിലങ്ങാടിന്റെ ചരിത്രമാണ്.

 

കണ്ണൂര്‍
 

കണ്ണൂര്‍ നഗരം സ്വാതന്ത്ര്യസമരത്തിന്റെ കരുത്തുറ്റ പ്രകടനങ്ങള്‍ നടന്ന സ്ഥലമാണ്. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി ശ്രീനാരായണ പാര്‍ക്കിന് സമീപം നിരോധനാജ്ഞ ലംഘിച്ച് നടത്തിയ പൊതുയോഗത്തില്‍ ലാത്തിച്ചാര്‍ജ്ജ് നടക്കുകയും ചിറക്കല്‍ ടി. ബാലകൃഷ്ണന്‍ നായരുള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് വിളക്കുംതറ മൈതാനിയില്‍ പ്രസംഗിച്ച വിഷ്ണുഭാരതീയനെയും അറസ്റ്റു ചെയ്യുകയുണ്ടായി.

 

ചിറക്കല്‍
 

സ്വാതന്ത്ര്യസമരത്തിന്റെയും കര്‍ഷക സമരങ്ങളുടെയും പ്രധാന സംഭവങ്ങള്‍ പഴയ ചിറക്കല്‍ താലൂക്കില്‍പ്പെട്ട വിവിധ സ്ഥലങ്ങളില്‍ നടന്നിട്ടുണ്ട്.

 

കല്യാശ്ശേരി
 

സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമരങ്ങള്‍ക്കൊപ്പം തന്നെ ജാതീയതക്കെതിരെ ശക്തമായ പോരാട്ടങ്ങള്‍ അരങ്ങേറിയ ഗ്രാമമാണ് കല്യാശ്ശേരി.

 

തൃച്ചംബരം
 

പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം സ്ഥിതി ചെയ്യുന്ന തളിപ്പറമ്പ് താലൂക്കിലെ വിവിധ സ്ഥലങ്ങള്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ നടന്ന സ്ഥലങ്ങളാണ്.

 

പയ്യന്നൂര്‍
 

കേളപ്പജിയുടെ ഉപ്പുസത്യഗ്രഹ യാത്രയ്ക്ക് ശേഷം ഗാന്ധിജി പയ്യന്നൂര്‍ സന്ദര്‍ശിച്ചു. സ്വാമി ആനന്ദതീര്‍ത്ഥനെ പോലുള്ള സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ പ്രവര്‍ത്തനവും ഖാദിപ്രചാരണവുമൊക്കെ പയ്യന്നൂരിനെ ദേശീയസമരത്തിന്റെ സുപ്രധാന അടര്‍ക്കളമാക്കി. ചെറുത്തുനില്പുകള്‍ക്കു സാക്ഷിയായ പയ്യന്നൂര്‍ പഴയ പൊലീസ് സ്റ്റേഷന്‍ ഇപ്പോള്‍ ഗാന്ധിസ്മൃതി മ്യൂസിയമാണ്.

അന്ന് കെ. കേളപ്പനുള്‍പ്പെടെയുള്ള 32 സമരഭടന്മാര്‍ ഉളിയത്തുകടവിലേക്ക് നീങ്ങി. ഏപ്രില്‍ 13ന് ആരംഭിച്ച യാത്ര 22ന് പയ്യന്നൂരിലെത്തി. പിറ്റേന്ന് ഉളിയത്തുകടവില്‍, ദേശഭക്തിഗാനങ്ങളാലപിച്ചു കൊണ്ട് ഉപ്പുകുറുക്കി നിയമം ലംഘിച്ചതോടെ ഉളിയത്തുകടവ് എന്ന വടക്കേമലബാറിലെ ഗ്രാമം ഭാരതത്തോളം ഉയര്‍ന്നു.

With due acknowledgement to Sources of Content: VSK News, Dhyeyam, and it’s contributors.