Covid-19 from Food
ഭക്ഷണത്തില്‍ നിന്നും കോവിഡ്

കോവിഡ് രോഗബാധിതനായ ഒരാള്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നോ രോഗി തൊട്ട ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്നോ മറ്റുള്ളവരിലേക്ക് കൊറോണ വൈറസ് പിടിക്കാന്‍ കഴിയുമോ എന്നതിനെക്കുറിച്ച് മാര്‍ഗനിര്‍ദേശങ്ങളുമായി ലോകാരോഗ്യ സംഘടന. ഫുഡ് പാക്കേജിംഗില്‍ നിന്നോ മറ്റോ ആയി ആരിലും രോഗം ബാധിച്ചിട്ടുണ്ടെന്നതിന് ഇതുവരെ തെളിവുകളില്ലെങ്കിലും, ഭക്ഷ്യ സുരക്ഷ പരിശീലിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
സുരക്ഷിതമായ ഭക്ഷണം പരിശീലിക്കുന്നതിനുള്ള അഞ്ച് മാര്‍ഗങ്ങളാണ് ഡബ്യൂ.എച്ച്.ഒ പുറത്തുവിട്ടത്.
വൃത്തിയായി സൂക്ഷിക്കുക:
കൈകാര്യം ചെയ്യുന്നതിന് മുമ്പും ഭക്ഷണം തയ്യാറാക്കുമ്പോഴും കൈ കഴുകല്‍ പതിവാക്കുക. ടോയ്ലറ്റില്‍ പോയ ശേഷം സോപ്പ് ഉപയോഗിച്ച് െൈക കഴുകുക. ഭക്ഷണം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും പ്രതലവും കഴുകി വൃത്തിയാക്കുക. കീടങ്ങളില്‍ നിന്ന് അടുക്കള പ്രദേശങ്ങളും ഭക്ഷണവും സംരക്ഷിക്കുക. എന്തെന്നാല്‍, സൂക്ഷ്മാണുക്കള്‍ കാരണമാണ് മിക്ക രോഗങ്ങളും പടരുന്നത്. മണ്ണ്, ജലം, മൃഗങ്ങള്‍ എന്നിവയില്‍ അപകടകരമായ സൂക്ഷ്മാണുക്കള്‍ വ്യാപകമായി കാണപ്പെടുന്നു. ഈ സൂക്ഷ്മാണുക്കള്‍ ആളുകളുടെ കൈകളിലും തുടച്ചുപഴകിയ തുണികളും തുടച്ച് വൃത്തിയാക്കാത്ത പാത്രങ്ങള്‍, കട്ടിംഗ് ബോര്‍ഡുകള്‍ എന്നിവ വഴി വ്യാപിക്കാന്‍ കാരണമാകുന്നു.
അസംസ്‌കൃതവും വേവിച്ചതും വേര്‍തിരിക്കുക:
അസംസ്‌കൃത മാംസം, കോഴി, കടല്‍ വിഭവങ്ങൾ എന്നിവ മറ്റ് ഭക്ഷണങ്ങളില്‍ നിന്ന് വേര്‍തിരിക്കുക. ഇത്തരം കാര്യങ്ങള്‍ക്കായി പ്രത്യേകം പ്രത്യേകം ഉപകരണങ്ങളും കത്തികളും കട്ടിംഗ് ബോര്‍ഡുകളും പാത്രങ്ങള്‍ ഉപയോഗിക്കുക. അസംസ്‌കൃത ഭക്ഷണങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അവ തയ്യാറാക്കിയ ഭക്ഷണങ്ങളുമായി കൂടിച്ചേരാത്ത രീതിയില്‍ പ്രത്യേകം പാത്രങ്ങളില്‍ സൂക്ഷിക്കുക. അസംസ്‌കൃത ഭക്ഷണങ്ങളില്‍ അപകടകരമായ സൂക്ഷ്മാണുക്കള്‍ ഉണ്ടാവാനും അവ തയ്യാറാക്കിയ ഭക്ഷണങ്ങളിലേക്ക് പ്രവേശിക്കാനും കാരണമാകുന്നു എന്നതിനാലാണത്.
നന്നായി വേവിക്കുക:
ഭക്ഷണം പാകം ചെയ്യുമ്പോള്‍ നന്നായി വേവിക്കുക. പ്രത്യേകിച്ച് മാംസം, കോഴി, മുട്ട, കടല്‍ വിഭവങ്ങൾ എന്നിവ പാകം ചെയ്യുമ്പോള്‍. സൂപ്പ്, പായസം എന്നിവ പോലുള്ള ദ്രവ രൂപത്തിലുള്ള ഭക്ഷണസാധനങ്ങള്‍ 70 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ തിളച്ചതായി ഉറപ്പാക്കുക. ഇതിനായി തെര്‍മോമീറ്റര്‍ ഉപയോഗിക്കാവുന്നതുമാണ്. വേവിച്ച ഭക്ഷണം ചൂടാക്കി കഴിക്കുക.
ഭക്ഷണം സുരക്ഷിതമായ താപനിലയില്‍ സൂക്ഷിക്കുക:
വേവിച്ച ഭക്ഷണം അന്തരീക്ഷോഷ്മാവില്‍ 2 മണിക്കൂറില്‍ കൂടുതല്‍ പുറത്ത് വെക്കരുത്. വേവിച്ചതും ഉപയോഗിച്ചതുമായ എല്ലാ ഭക്ഷണങ്ങളും ഉടനടി ശീതീകരിക്കുക (5 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ). റഫ്രിജറേറ്ററില്‍ ആണെങ്കില്‍പോലും ഭക്ഷണം കൂടുതല്‍ നേരം സൂക്ഷിക്കരുത്. അന്തരീക്ഷോഷ്മാവില്‍ ശീതീകരിച്ച ഭക്ഷണം കൂടുതൽ സമയം പുറത്ത് വെക്കരുത്.
സുരക്ഷിതമായ വെള്ളവും അസംസ്‌കൃത വസ്തുക്കളും ഉപയോഗിക്കുക:
പാചകങ്ങള്‍ക്കായി ശുദ്ധജലം ഉപയോഗിക്കുക,അല്ലെങ്കിൽ വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുക. എല്ലായിപ്പോളും പുതിയതായി ഉണ്ടാക്കിയതും ആരോഗ്യകരവുമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. പാസ്റ്ററൈസ് ചെയ്ത പാല്‍ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. പഴങ്ങളും പച്ചക്കറികളും കഴുകി കഴിക്കുക. അസംസ്‌കൃത ഭക്ഷണങ്ങളുടെ ഉപയോഗ തീയതി കാലഹരണപ്പെട്ടതല്ലെന്ന് ഉറപ്പാക്കണം.