ഇന്നത്തെ പ്രധാന വാർത്തകൾ – 16.04.2022


പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പാലക്കാട് എലപ്പുള്ളിയില്‍ കുത്തിയതോട് സ്വദേശി സുബൈറാണ് കൊല്ലപ്പെട്ടത്. 47 വയസായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ പള്ളിയില്‍ നിസ്‌കരിച്ച് പുറത്തേക്കിറങ്ങിയപ്പോഴാണ് ആക്രമണം. പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ കാറിടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. രണ്ടു കാറുകളിലായാണ് അക്രമി സംഘം എത്തിയത്. അക്രമികള്‍ ഉപയോഗിച്ച ഇയോണ്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മാസങ്ങള്‍ക്കു മുന്‍പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാറാണിത്. ഗ്രേ നിറമുള്ള വാഗണ്‍ ആര്‍ കാറിലാണ് അക്രമികള്‍ രക്ഷപ്പെട്ടത്. അഞ്ചംഗ കൊലയാളി സംഘത്തെ കണ്ടെത്താന്‍ തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

സിബിഎസ്ഇ 10, 12 ക്ലാസ് രണ്ടാംഘട്ട പരീക്ഷ ഏപ്രില്‍ 26 ന് ആരംഭിക്കും. രാവിലെ പത്തര മുതല്‍ ഒറ്റ ഷിഫ്റ്റായിട്ടായിരിക്കും പരീക്ഷ. വിശദാംശങ്ങള്‍ സിബിഎസ്ഇ വെബ്‌സൈറ്റില്‍ ലഭ്യമാകും. പത്താം ക്ലാസ് പരീക്ഷ മെയ് 24 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂണ്‍ 15 നും അവസാനിക്കും. സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ രണ്ടു ഘട്ടമായി നടത്തുന്നത് ഈ വര്‍ഷം മാത്രം. അടുത്ത വര്‍ഷം ഒറ്റ പരീക്ഷയാകും.

സംസ്ഥാനത്ത് പോക്സോ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘം രൂപീകരിക്കുന്നു. ഓരോ ജില്ലയിലും ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിക്കുന്നത്. ക്രമസമാധാന ചുമതലയില്‍ നിന്നും 44 സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ പോക്സോ സംഘത്തിലേക്ക് പുനര്‍ വിന്യസിപ്പിക്കാനും തീരുമാനിച്ചു.

രാത്രി ഹൈവേയില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി കൈക്കൂലി പിരിച്ചെടുത്ത സംഭവത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. പാറശാല സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജ്യോതിഷ്‌കുമാര്‍, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. ഡ്യൂട്ടി കഴിഞ്ഞ് സ്റ്റേഷനിലെത്തിച്ച പോലീസ് വാഹനത്തിന്റെ രഹസ്യ അറയില്‍നിന്ന് കണക്കില്‍പെടാത്ത 13,960 രൂപ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.

കെഎസ്ഇബിയിലെ പ്രശ്നങ്ങള്‍ നീണ്ടുപോയാല്‍ എല്ലാവര്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. കെഎസ്ഇബിയുടെ നിലനില്‍പുതന്നെ പ്രതിസന്ധിയിലാകും. തിങ്കളാഴ്ച താന്‍ ഔദ്യോഗിക ചര്‍ച്ച നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചിലരുമായി കൂടിക്കാഴ്ച നടത്തും. പ്രശ്നങ്ങള്‍ ബോര്‍ഡ് തലത്തില്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

കുന്നംകുളത്ത് വഴിയാത്രക്കാരന്‍ മരിച്ച കെ സ്വിഫ്റ്റ് അപകടത്തില്‍ ബസിന്റെ ഡ്രൈവര്‍ വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരനെ ആദ്യം ഇടിച്ച പിക്ക് അപ്പ് വാന്‍ ഡ്രൈവര്‍ സൈനുദ്ദീനും അറസ്റ്റിലായി. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കു കേസെടുത്ത് ഇരുവരേയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. വഴിയാത്രക്കാരനായ പരസ്വാമിയുടെ കൈയിലെ വടി വാനില്‍ തട്ടിയാണ് പരസ്വാമി റോഡില്‍ വീണതെന്ന് പിക്ക് അപ്പ് വാന്റെ ഡ്രൈവര്‍ മൊഴി നല്‍കി. പിക്ക് അപ് വാന്‍ നിര്‍ത്തി അയാള്‍ക്കരികിലേക്കു നടക്കാനൊരുങ്ങുമ്പോഴേക്കും കെ സ്വിഫ്റ്റ് അമിത വേഗത്തില്‍ അയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയെന്നാണു ഡ്രൈവറുടെ മൊഴി.

പ്രണയം എതിര്‍ത്തതിന്റെ വൈരാഗ്യംമൂലം പാലക്കാട് കോട്ടായിയില്‍ ഒരു വീട്ടിലെ നാലു പേരെ യുവാവ് വെട്ടി. ചൂലന്നൂര്‍ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവര്‍ക്കാണ് വെട്ടേറ്റത്. മണി, സുശീല, ഇന്ദ്രജിത്ത് എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍ പോയ പ്രതി മുകേഷിനെ പോലീസ് തെരയുന്നു. മാതൃസഹോദരിയുടെ മകളോടുള്ള പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ആക്രമണകാരണം ഇതാകാമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വധശിക്ഷക്കു വിധിക്കപ്പെട്ടു യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയെ ബ്ലഡ് മണി നല്‍കി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സുപ്രീം കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് ഏകോപിപ്പിക്കും. യെമന്‍ പൗരന്‍ തലാല്‍ മുഹമ്മദിന്റെ കുടുംബവുമായി ചര്‍ച്ച നടത്തി നിമിഷയെ വധശിക്ഷയില്‍ നിന്നും രക്ഷിച്ചെടുക്കാനുള്ള ‘സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍’ ന്റെ ശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ അദ്ദേഹം സമ്മതിച്ചു. ഒരു ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ പങ്കാളിയാകുന്നതില്‍ സന്തോഷമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതിയുടെ പാരിസ്ഥിതികാഘാത പഠനത്തില്‍ പ്രശ്നം കണ്ടെത്തിയാല്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്നം പരിഹരിക്കണമന്നാണ് സര്‍ക്കാര്‍ നിലപാട്. പിന്നെന്തിനാണ് ഗോ ഗോ വിളികള്‍. വികസനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആരെയും ബുദ്ധിമുട്ടിക്കില്ല. പിണറായി വിജയന്‍ പറഞ്ഞു.

വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കി വിദേശത്തേക്കു കടക്കാന്‍ ശ്രമിച്ച യുവാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ അബുദാബിയിലേക്കു പോകാനെത്തിയ കോട്ടയം പെരുവ സ്വദേശി ശ്രീനാഥ് ശ്രീകുമാറിനെയാണ് പിടികൂടിയത്. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ വിമാനത്താവളത്തിലെ ഒരു ഏജന്‍സിയിലെ ജീവനക്കാരനായ ഭരതിനേയും അറസ്റ്റു ചെയ്തു. 2000 രൂപ വാങ്ങിയാണ് വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസുകള്‍ സര്‍വീസ് ആരംഭിച്ചതോടെ സ്വകാര്യ ബസുകള്‍ നിരക്കു കുറച്ചെന്ന് കെഎസ്ആര്‍ടിസി. സ്വകാര്യബസുകളുടെ ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റിലുള്ള നിരക്കുകളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് കെഎസ്ആര്‍ടിസിയുടെ അവകാശവാദം. തിരുവനന്തപുരത്തുനിന്ന് ബാംഗ്ലൂരിലേക്കു പോകാന്‍ 4000 രൂപ യാണ് ഈടാക്കിയിരുന്നത്. 14 ാം തീയതി ബുക്കിങ് സൈറ്റില്‍ നിരക്ക് 1,599 രൂപയായി കുറച്ചെന്നു കെഎസ്ആര്‍ടിസി ചൂണ്ടിക്കാണിക്കുന്നു.

പാലക്കാട് നാട്ടുകല്‍ കോടക്കാട് ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. ചക്കലത്തില്‍ ഹംസയാണ് ഭാര്യ ആയിഷയെ കൊലപ്പെടുത്തിയത്. ഹംസയെ നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന തൃപ്പനച്ചി ആക്കാട്ട് കുന്നുമ്മല്‍ മുഹമ്മദ് ഷഫീഖിനെ (28) അറസ്റ്റു ചെയ്തു. കാളാച്ചാലില്‍ താമസിച്ചിരുന്ന അച്ചിപ്രവളപ്പില്‍ റഷീദിന്റെ ഭാര്യ ഷഫീല(28) ജനുവരി 12 നാണ് ജീവനൊടുക്കിയത്. ഷഫീക്ക് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് യുവതി മരിക്കുന്നതിനുമുമ്പ് സഹോദരനെ അറിയിച്ചിരുന്നു.

മാന്നാര്‍ ഉളുന്തിയില്‍ സഹോദരനെ വെട്ടിയ പ്രതി തോട്ടത്തില്‍ വീട്ടില്‍ ജോയി (64) പിടിയിലായി. ഇയാളുടെ സഹോദരന്‍ ഡെന്നീസിനെയാണ് വെട്ടിയത്. തലയില്‍ നാലു വെട്ടേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ് ഇയാള്‍.

കോഴിക്കോട് വിലങ്ങാട് ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു. ചക്കാലക്കല്‍ സ്വദേശി ജിജോ തോമസിനാണ് (33) വെട്ടേറ്റത്. മാരകായുധവുമായി കാറില്‍ എത്തിയ അഞ്ചംഗ സംഘമാണ് വെട്ടിയത്. തലയ്ക്കു പരിക്കേറ്റ ജിജോയെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരാണു വെട്ടിയതെന്ന് ബിജെപി ആരോപിച്ചു.

വര്‍ക്കലയില്‍ സിഐടിയു തൊഴിലാളിയായ സുല്‍ഫിക്കറിനെ വെട്ടിപ്പിരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ചെമ്മരുതി സ്വദേശികളായ ഹമീദ്, ദേവന്‍, ആഷിഖ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സുല്‍ഫീക്കറിനെ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പരസ്യ മദ്യപാനം ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണം.

വിവാഹിതരായ ജോയ്സനയും താനും രഹസ്യ കേന്ദ്രത്തിലല്ലെന്നും ആലപ്പുഴയിലുള്ള ബന്ധുവിന്റെ വീട്ടിലാണെന്നും ഡിവൈഎഫ്ഐ നേതാവ് ഷെജിന്‍. രാഷ്ട്രീയ മുതലെടുപ്പിനായി ലൗ ജിഹാദെന്ന് ആക്ഷേപിച്ച് തങ്ങളുടെ കുടുംബ ജീവിതത്തെ ദ്രോഹിക്കരുതെന്നും ഷെജിന്‍ ഫേസ് ബുക്കില്‍ അഭ്യര്‍ത്ഥിച്ചു. ഇരുവരും എസ്ഡിപിഐയുടെ രഹസ്യ കേന്ദ്രത്തിലാണെന്ന് കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

പതിനാലുകാരിയെ പീഡിപ്പിച്ച് ആഭരണവുമായി മുങ്ങിയ പ്രതി അറസ്റ്റിലായി. തൃശ്ശൂര്‍ മായന്നൂര്‍ സ്വദേശി അറയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് യാസീനെയാണ് (18) തിരുവമ്പാടി പട്ടാമ്പിയില്‍ അറസ്റ്റു ചെയ്തത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം പ്രതി കുട്ടിയുടെ സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.

യുവതിക്ക് അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കാമുകനും സുഹൃത്തുക്കളും അറസ്റ്റില്‍. മുണ്ടക്കയം സ്വദേശിയായ 23 കാരനെ മര്‍ദ്ദിച്ച കേസിലാണ് ഇരുപതുകാരനായ ഫെമില്‍ തോമസ്, ഇമ്മനുവല്‍, മിഥുന്‍ സത്യന്‍ എന്നിവരെ അറസ്റ്റു ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പാലാ സ്വദേശിനിയായ നഴ്സിങ് വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശമയച്ചയാള്‍ക്കെതിരേ നടപടിയെടുത്തിട്ടില്ല.

പാലക്കാട് എലപ്പുളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവത്തിനു പിറകില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ. വിഷുപോലുള്ള ആഘോഷ ദിനങ്ങളെല്ലാം അക്രമത്തിനും രക്തച്ചൊരിച്ചിലിനും വേണ്ടി ആര്‍എസ്എസ് മാറ്റിവച്ചിരിക്കുകയാണെന്ന് എസ്ഡിപിഐ കുറ്റപ്പെടുത്തി.

പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ പഴിച്ച് ബിജെപി. കൊലപാതകത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി അറിയിച്ചു.

കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പാലക്കാട് എലപ്പുള്ളിയിലെ കൊലപാതകത്തിനു സര്‍ക്കാര്‍ ഉത്തരവാദിയാണ്. മുഖ്യമന്ത്രി ഭരിക്കാന്‍ മറന്നുപോയി. സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന ഓമന പേരില്‍ വര്‍ഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. വളയം ചെക്കോറ്റയിലെ ചേളിയ കേളോത്ത് വൈഷ്ണവിനാണ് (20) പരിക്കേറ്റത്. ചെക്കോറ്റയിലെ വീടിനടുത്ത് പടക്കം പൊട്ടിക്കുന്നതിനിടെ കൈയ്യില്‍നിന്ന് ഗുണ്ട് പടക്കം അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

കെ- സ്വിഫ്റ്റ് ബസിനു വീണ്ടും അപകടം. സുല്‍ത്താന്‍ ബത്തേരി-തിരുവനന്തപുരം ഡീലക്സ് എയര്‍ ബസ് താമരശേരി ചുരത്തിലാണ് അപകടത്തില്‍പ്പെട്ടത്. ചുരത്തിലെ എട്ടാം വളവിലെ പാര്‍ശ്വഭിത്തിയില്‍ ബസിടിച്ചു. താമരശേരി ചുരത്തിലെ ആറാം വളവില്‍ വ്യാഴാഴ്ച തിരുവനന്തപുരം-മാനന്തവാടി കെ സ്വിഫ്റ്റ് ബസും അപകടത്തില്‍പ്പെട്ടിരുന്നു.

ടാങ്കര്‍ ലോറിയില്‍ കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് പെരുമ്പാവൂരില്‍ പിടികൂടി. ടാങ്കര്‍ ലോറിയില്‍ പ്രത്യേക അറയുണ്ടാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

വനംവകുപ്പിന്റെ 150 കിലോ തൂക്കമുള്ള മോട്ടോര്‍ മോഷ്ടിച്ചുവിറ്റ വനംവകുപ്പ് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. നോര്‍ത്ത് വയനാട് ഡിവിഷനു കീഴില്‍ ജോലിചെയ്യുന്ന വെള്ളമുണ്ട സ്വദേശി മണിമ കുഞ്ഞമ്മദിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മാനന്തവാടി സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് വെള്ളം പമ്പുചെയ്യുന്ന ഈ പഴയ മോട്ടോര്‍.

വ്യാജ ചാരായ വാറ്റുകേന്ദ്രങ്ങളെക്കുറിച്ച് പൊലീസിനു വിവരം നല്‍കിയതിനാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ തന്നെ കള്ളക്കേസില്‍ കുടുക്കി മര്‍ദിക്കുകയും 55 ദിവസം ജയിലിലടയ്ക്കുകയും ചെയ്തതെന്ന് കൊല്ലം അഞ്ചല്‍ സ്വദേശി അനില്‍കുമാര്‍. 18 വര്‍ഷം മുമ്പാണ് വ്യാജചാരായ കേസില്‍ തന്നെ കുടുക്കിയത്. എക്സൈസ് മാഫിയക്കെതിരേ നിയമപോരാട്ടം നടത്തി. അനിലിനു രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. എക്സൈസ് ഉദ്യോഗസ്ഥര്‍ക്കു പങ്കാളിത്തമുള്ള ചാരായ മാഫിയയെ പോലീസിനെക്കൊണ്ട് പിടിപ്പിച്ചതാണു കള്ളക്കേസിനു കാരണമെന്നാണ് അനിലിന്റെ ആരോപണം.

മുറിവേറ്റാല്‍ ഇന്ത്യ വെറുതേ വിടില്ലെന്നു ചൈനയ്ക്കു താക്കീതുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ ചെയ്തത് എന്തെല്ലാമാണെന്ന് തുറന്നു പറയുന്നില്ല. ചൈനയ്ക്കു കൃത്യമായ സന്ദേശം നല്‍കിയിട്ടുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇന്ത്യന്‍ -അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവേ രാജ്നാഥ് സിംഗ് പറഞ്ഞു. രണ്ടു വര്‍ഷംമുമ്പാണ് അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി പ്രചാരണം ശക്തമാക്കുന്നു. ഗുജറാത്തില്‍ തുടര്‍ഭരണം ഉറപ്പാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടു നിരീക്ഷിക്കും. തെരഞ്ഞെടുപ്പുവരെ എല്ലാ മാസവും നരേന്ദ്ര മോദി ഗുജറാത്ത് സന്ദര്‍ശിക്കും. ഗുജറാത്തിലെ കച്ചില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി പ്രധാനമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്തു. യുപിയിലെ വിജയത്തിന്റെ തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി റോഡ് ഷോ നടത്തിക്കൊണ്ടാണ് ഗുജറാത്തിലെ പ്രചാരണത്തിനു തുടക്കമിട്ടത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനു തിങ്കളാഴ്ച ഗുജറാത്തില്‍ വീണ്ടും എത്തുന്ന മോദി കര്‍ഷക റാലിയിലും പ്രസംഗിക്കും.

വ്യവഹാര ബാഹുല്യംമൂലം കോടതികള്‍ക്ക് അമിതഭാരമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. കോടതികളിലെ ഒഴിവുകള്‍ നികത്തുന്നില്ല. ആവശ്യത്തിന് കോടതികളും ജഡ്ജിമാരും ഇല്ലാതെ നീതി നടപ്പാവില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹൈദരാബാദിലെ ജുഡീഷ്യല്‍ കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന യുവതികളുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി. 21 ഉം 23 ഉം വയസ്സുള്ള യുവതികള്‍ നല്‍കിയ ഹര്‍ജിയെ യുപി സര്‍ക്കാര്‍ എതിര്‍ത്തു. സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ സംസ്‌കാരത്തിനും ഇന്ത്യയിലെ മതങ്ങള്‍ക്കും എതിരാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.

കോവിഡ് കാലത്തു വെട്ടിക്കുറച്ച ജീവനക്കാരുടെ ശമ്പളം ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുമെന്ന് എയര്‍ ഇന്ത്യ. ഈ മാസം മുതല്‍ ശമ്പളത്തില്‍ മാറ്റങ്ങള്‍ പ്രാബല്യത്തിലാക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

കര്‍ണാടക ഗ്രാമവികസന മന്ത്രി കെ.എസ് ഈശ്വരപ്പ മുഖ്യമന്ത്രിക്കു രാജിക്കത്ത് കൈമാറി. സിദ്ധലിംഗ മഠത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് രാജിക്കത്ത് കൈമാറിയത്. കരാറുകാരന്റെ മരണം വിവാദമായ സാഹചര്യത്തിലാണു രാജി. ഈശ്വരപ്പയെ അറസ്റ്റു ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്നു കോണ്‍ഗ്രസ്.

വടക്കന്‍ കശ്മീരിലെ ബാരാമുള്ളയില്‍ ബിജെപി സര്‍പഞ്ചിനെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി. മന്‍സൂര്‍ അഹമ്മദിനെയാണ് കൊലപ്പെടുത്തിയത്.

ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയ്ക്കു ചുറ്റും ഹിന്ദു സേനയുടേതെന്ന പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ജെഎന്‍യുവിനെ കാവിവല്‍ക്കരിച്ചു എന്ന പോസ്റ്ററുകളാണു പതിപ്പിച്ചത്. പോസ്റ്ററുകള്‍ പിന്നീട് പൊലീസ് നീക്കി. പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

ഇന്ത്യന്‍ ഗോതമ്പ് ഇനി ഈജിപ്തിലേക്ക്. ഉക്രെയിന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്നാണ് ഈജിപ്തിലേക്ക് ഗോതമ്പ് ഇറക്കുമതി ചെയ്തിരുന്നത്. യുദ്ധംമൂലം ഗോതമ്പിന് ആഗോളതലത്തില്‍ ക്ഷാമമായതിനാലാണ് ഇന്ത്യയില്‍ മികച്ച ഉല്‍പാദനമുണ്ടായ ഗോതമ്പിനു മികച്ച വിപണി തുറന്നുകിട്ടിയത്. പത്തു ലക്ഷം ടണ്‍ ഗോതമ്പാണ് ഈജിപ്തിലേക്കു കയറ്റിയയക്കുന്നതെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.

രോഗികളായ 45 വനിതകളോട് ലൈംഗികാതിക്രമം നടത്തിയതിന് ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കുറ്റക്കാരനാണെന്ന് സ്‌കോട്ലാന്‍ഡിലെ കോടതി. 35 വര്‍ഷത്തെ മെഡിക്കല്‍ സേവനത്തിനിടയില്‍ ഡോ. കൃഷ്ണ സിംഗിനെയാണ് കോടതി കുറ്റക്കാരനായി വിധിച്ചത്. രോഗികളെ ചുംബിക്കുക, ലൈംഗികേച്ഛയോടെ സ്പര്‍ശിക്കുക, അശ്ലീലമായി സംസാരിക്കുക തുടങ്ങിയ ലൈംഗികാതിക്രമങ്ങള്‍ നടത്തിയെന്നാണ് കോടതി കണ്ടെത്തിയത്.

ആറായിരം ലക്ഷം ഡോളറിലധികം ക്രിപ്‌റ്റോകറന്‍സി ഉത്തര കൊറിയന്‍ ഹാക്കിംഗ് ഗ്രൂപ്പായ ലാസറസ് മോഷ്ടിച്ചെന്ന് അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐ. ജനപ്രിയ ആക്സി ഇന്‍ഫിനിറ്റി ഓണ്‍ലൈന്‍ ഗെയിമുമായി ബന്ധിപ്പിച്ചിരിക്കുന്ന ബ്ലോക്ക്ചെയിന്‍ നെറ്റ് വര്‍ക്കില്‍ നിന്നാണ് ഇത്രയും തുക അപഹരിച്ചത്. ഉത്തരകൊറിയയുമായി ബന്ധമുള്ള ലാസറസ് ഗ്രൂപ്പും എപിടി 38 എന്ന ഹാക്കിംഗ് സംഘടനയുമാണ് മോഷ്ടിച്ചതെന്ന് എഫ്ബിഐ വ്യക്തമാക്കി.

അനധികൃത താമസക്കാരായ പ്രവാസികളെ കുവൈറ്റില്‍നിന്ന് നാടുകടത്താന്‍ 21 ലക്ഷം ദിനാര്‍ ചെലവാക്കിയെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. 52 കോടിയിലധികം ഇന്ത്യന്‍ രൂപയാണ് ചെലവാക്കിയത്. 2019 ജനുവരി ഒന്ന് മുതല്‍ 2021 ജൂലൈ 11 വരെയുള്ള കണക്കാണിത്. വിമാന ടിക്കറ്റ് ചാര്‍ജ് ഇനത്തിലാണ് ഇത്രയും ചെലവായത്. 42,529 പ്രവാസികളെയാണ് നാടുകടത്തിയത്. സ്പോണ്‍സര്‍മാരില്‍നിന്ന് ഈ തുക ഈടാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ബ്ലാക്ക്പൂള്‍ മൃഗശാലയിലെ 105 വയസുള്ള ഭീമന്‍ ആമ ചത്തു. ഡാര്‍വിന്‍ ആല്‍ഡബ്ര എന്നാണു ഭീമന്‍ ആമയുടെ പേര്. ബ്ലാക്ക്പൂള്‍ മൃഗശാല തുറന്നപ്പോഴേ ഡാര്‍വിന്‍ ആമ ഇവിടെ എത്തിയതാണ്.

കേരളം വേദിയാവുന്ന സന്തോഷ് ട്രോഫി ഫുട്‌ബോളിന് ഇന്ന് തുടക്കം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലുമാണ് മത്സരങ്ങള്‍. കേരളം ഇന്ന് രാജസ്ഥാനെ നേരിടും. രാത്രി എട്ടിന് പയ്യനാട് സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ ആദ്യ മത്സരം. ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ബംഗാള്‍ രാവിലെ ഒന്‍പതരയ്ക്ക് പഞ്ചാബിനെ നേരിടും.

◼️ഐപിഎല്ലില്‍ രാഹുല്‍ ത്രിപാഠി-എയ്ഡന്‍ മാര്‍ക്രം വെടിക്കെട്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ സണ്‍റൈസേഴ്‌സ് നേടി. ത്രിപാഠി 37 പന്തില്‍ 71 റണ്‍സും മാര്‍ക്രം 36 പന്തില്‍ പുറത്താകാതെ 68 റണ്‍സും നേടി.

ഐ.ടി കമ്പനിയായ ഇന്‍ഫോസിസിന് മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 5,686 കോടി രൂപ ലാഭം. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 5,076 കോടി രൂപയായിരുന്നു ലാഭം; 12ശതമാനത്തിന്റെ വര്‍ദ്ധന. വരുമാനം 22.7ശതമാനം വര്‍ദ്ധിച്ച് 32,276 കോടി രൂപയായി. 2021-22 സാമ്പത്തിക വര്‍ഷം കമ്പനിയുടെ ലാഭം 14.3ശതമാനം വര്‍ദ്ധിച്ച് 22,110 കോടി രൂപയാണ്. വരുമാനം 21ശതമാനം വര്‍ദ്ധിച്ച് 1,21,641 കോടിയിലെത്തുകയും ചെയ്തു. 2022-23 സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ 1315ശതമാനം വര്‍ദ്ധനയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഓഹരിയൊന്നിന് 16 രൂപ ഡിവിഡന്റ് നല്‍കാനും തീരുമാനിച്ചു.

രാജ്യത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നടത്തിയ ഐ.പി.ഒകളില്‍ മൂന്നില്‍ രണ്ടും നിക്ഷേപകര്‍ക്ക് നല്‍കിയത് പോസിറ്റീവ് റിട്ടേണ്‍. കൊവിഡ് പൊട്ടിപ്പുറപ്പെട്ട 2021 സാമ്പത്തിക വര്‍ഷത്തിലാണ് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ വിപണിയിലെത്തിയ കമ്പനികള്‍ നിക്ഷേപകര്‍ക്ക് മികച്ചനേട്ടം സമ്മാനിച്ചത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ ലിസ്റ്റുചെയ്ത 83 ശതമാനം കമ്പനികളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. പ്രൈം ഡേറ്റാബേസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം, 2022 സാമ്പത്തിക വര്‍ഷത്തില്‍ ഐ.പി.ഒ നടത്തിയ 62.3 ശതമാനം കമ്പനികള്‍ മാത്രമാണ് പോസിറ്റീവില്‍ തുടരുന്നത്. ലിസ്റ്റിംഗ് നേട്ടക്കണക്കുകള്‍ നോക്കുമ്പോള്‍ 2017 സാമ്പത്തിക വര്‍ഷത്തിലാണ് മികച്ച നേട്ടം രേഖപ്പെടുത്തിയത്. 25 ഓഹരികളില്‍ 21 എണ്ണം പോസിറ്റീവ് റിട്ടേണ്‍ സൃഷ്ടിച്ചു.

‘ദ കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ‘ദ ഡെല്‍ഹി ഫയല്‍സ്’ എന്നാണ് ചത്രിത്തിന് നല്‍കിയ പേര്. ചിത്രീകരണം ഉടന്‍ തുടങ്ങിയേക്കും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. സ്വതന്ത്ര ഇന്ത്യയുടെ ആരും പറയാത്ത കഥകള്‍ എന്ന ആശയത്തിലെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമാണിത്. ജീവിക്കാനുള്ള അവകാശം എന്ന വിശേഷണത്തിലാണ് മൂന്നാമത്തെ ചിത്രമായ ദി ഡല്‍ഹി ഫയല്‍സ് തയ്യാറാകുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ വര്‍ഷം തന്നെ അദ്ദേഹം ട്വിറ്ററിലൂടെ പുറത്തു വിട്ടിരുന്നു. വളരെയധികം വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പാത്രമാവേണ്ടി വന്നെങ്കിലും ദ കാശ്മീര്‍ ഫയല്‍സ് ആഗോള ബോക്‌സോഫീസില്‍ 250 കോടി കളക്ഷനാണ് നേടിയത്.

Credits: With due acknowledgement to Sources of Content: VSK News and it’s contributors.