ചൈനയെ എങ്ങനെ നിലയ്ക്ക് നിർത്താം
ഇതിനു വേണ്ടി ഫലവത്തായ ഒരു ഒറ്റമൂലി…
ടിബറ്റിനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാൻ യുഎസ് കോൺഗ്രസിൽ ഒരു ബിൽ അവതരിപ്പിച്ചത് ഇന്ന് ലോകമെങ്ങും ചർച്ച ചെയ്യപെടുന്ന വിഷയമാണ്.
കൊറോണ എന്ന മഹാമാരിയെ സൃഷ്ടിച്ച് ലോക ജനതയെ അതിഭീകരമായ അവസ്ഥയിലെത്തിച്ചത് ചൈന ആണെന്ന് ഇന്ന് ലോകം ചർച്ച ചെയ്യുന്ന മറ്റൊരു വിഷയമാണ്. അമേരിക്ക ഇതിന്റെ സത്യാവസ്ഥ മനസിലാക്കാനായി നിയോഗിച്ച വിദഗ്ദ സമിതിക്ക് ചൈനയിൽ എത്തി അന്വേഷണം നടത്തുന്നതിന് അനുവാദം നൽകണമെന്ന ആവശ്യം ചൈന ഇതുവരെ അംഗീകരിച്ചിട്ടുമില്ല. ഇത് ചൈനയും അമേരിക്കയും മാത്രമല്ല മറ്റു പല രാജ്യങ്ങളുമായുള്ള ബന്ധവും വഷളാക്കിയിട്ടുണ്ട്.
ഈ അവസരത്തിൽ ഇന്ത്യയുമായുള്ള അതിർത്തിയിൽ ചൈന ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന, ഇന്ത്യൻ അതിർത്തിക്കുള്ളിൽ കടന്നുകയറുന്നത് ഉൾപ്പടെയുളള, വിവാദപരമായ നീക്കങ്ങളും ഓർക്കേണ്ടതുണ്ട്. നേപ്പാളിനെ ഉപയോഗിച്ചു കൊണ്ട് ഇന്ത്യക്കെതിരെയും പല നീക്കങ്ങളും അവർ നടത്തുന്നുണ്ട്. കൈലാസ് മാനസരോവർ യാത്രയുടെ ദൂരം കുറയ്ക്കുന്നതിന് വേണ്ടി ലിപുലേഖ് പാസ് വഴി ഇന്ത്യ നിർമ്മിച്ച ലിങ്ക് റോഡിന്റെ കാര്യത്തിലും ഇന്ത്യയുടെ ചില പ്രദേശങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് കഴിഞ്ഞ ദിവസം നേപ്പാൾ പുറത്തിറക്കിയ വിവാദ ഭൂപടവും എല്ലാം ചൈനയുടെ അനാവശ്യമായ ഇടപെടലുകളുടെ ഉദാഹരണങ്ങളാണ്.
ഇത്തരത്തിലുള്ള ചൈനയുടെ നീക്കങ്ങളെ തളക്കാൻ ഏറ്റവും നല്ല മാർഗ്ഗം ടിബറ്റിനെ സ്വതന്ത്രമാക്കാനുള്ള നടപടികളിലേക്ക് നീങ്ങുക എന്നതാണ്. അതാണ് ഇപ്പോൾ അമേരിക്ക ഈ ആയുധം പ്രയോഗിക്കാൻ ഒരുങ്ങുന്നത്. കാരണം കമ്മ്യൂണിസ്റ്റ് വ്യാളി ചൈന അവർക്കെതിരായ ട്രിപ്പിൾ- ‘T’ ആയുധത്തെ, അതായത്, Trade (വ്യാപാരം), Tibet (ടിബറ്റ്), Taiwan (തായ്‌വാൻ) എന്നിവയെ ഭയപ്പെടുന്നു.
ഇതിന് തുടക്കമായിട്ടാണ് യുഎസ് ഹൌസ് പ്രതിനിധി സ്കോട്ട് പെറി “ടിബറ്റ് സ്വയംഭരണ പ്രദേശത്തെ ഒരു പ്രത്യേക, സ്വതന്ത്ര രാജ്യമായി” അംഗീകരിക്കുന്നതിനുള്ള ബിൽ അവതരിപ്പിക്കുന്നുത്.
പ്രധാന നിയമനിർമ്മാണങ്ങൾ ഉടനടി നടപ്പാക്കണമെന്ന് ട്രംപ് ഭരണകൂടത്തെ പ്രേരിപ്പിച്ചുകൊണ്ട് ടോം ലന്ടോസ് മനുഷ്യാവകാശ കമ്മീഷന്റെ ഉഭയകക്ഷി കത്തിൽ 2019 മെയ് മാസത്തിൽ ഒപ്പിട്ട 32 അംഗങ്ങളിൽ റിപ് സ്കോട്ട് പെറിയും ഉൾപ്പെടുന്നു – 2002 ലെ ടിബറ്റ് പോളിസി ആക്ടും 2018 ലെ പരസ്പര സഹകരണവും ടിബറ്റിനെക്കുറിച്ചുള്ള അമേരിക്കൻ നയത്തെ സ്വാധീനിക്കാന്‍ കോൺഗ്രസ് പാസാക്കിയ ടിബറ്റ് ആക്റ്റും.
പെൻസിൽവാനിയയിൽ നിന്നുള്ള യുഎസ് ഹൗസ് പ്രതിനിധി സ്കോട്ട് പെറി അവതരിപ്പിച്ച ബിൽ (H.R. 6948) “പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ടിബറ്റ് സ്വയംഭരണ പ്രദേശത്തെ ഒരു പ്രത്യേക, സ്വതന്ത്ര രാജ്യമായി അംഗീകരിക്കാൻ പ്രസിഡന്റിനെ അധികാരപ്പെടുത്തുന്നു” എന്നതാണ്. മെയ് 19 ചൊവ്വാഴ്ച അവതരിപ്പിച്ച ബിൽ വിദേശകാര്യ ഹൗസ് കമ്മിറ്റിക്ക് റഫർ ചെയ്തിരിക്കയാണ്.
ചൈനയിൽ നിന്നും നിരന്തരമായി ഉണ്ടായി കൊണ്ടിരിക്കുന്ന ഭീഷണികളും, നേപ്പാളിനെ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്ന തന്ത്രവും, അതിർത്തിയിൽ അവർ നടത്തുന്ന ഭ്രാന്തൻ പട്ടാള നടപടികളും, അരുണാചൽ പ്രദേശിന്റെ ചില ഭാഗങ്ങളുടെ മേൽ അവർ ഉന്നയിക്കുന്ന തെറ്റായ അവകാശ വാദങ്ങളും എല്ലാം നമ്മൾ കുറച്ചു നാളുകളായി സഹിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ഫലവത്തായ ഒരു ഒറ്റമൂലി പ്രയോഗം എന്ന നിലയിൽ ടിബറ്റിനെ ഒരു സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന ഒരു ആവശ്യം ഇന്ത്യയും മുന്നോട്ടു വെക്കേണ്ടതാണ്.
പാക്കിസ്ഥാനുമായി സൗഹൃദം സ്ഥാപിച്ചു കൊണ്ട് ബലൂചിസ്ഥാനിൽ ആധിപത്യം ഉറപ്പാക്കാനാണ് ചൈനയുടെ മറ്റൊരു ശ്രമം. അതിരുവിട്ട സാമ്പത്തിക സഹായം നൽകി അവസാനം ഒരിക്കലും തീരാത്ത സാമ്പത്തിക ബാദ്ധ്യതയിലേക്ക് തള്ളിവിട്ട് ഓരോ ചെറിയ രാജ്യങ്ങളെയും തങ്ങളുടെ വരുതിയിലാക്കാനാണ് ചൈന ഏറെ നാളുകളായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഈ ഊരാക്കുടുക്കിൽ നേപ്പാൾ പൂർണ്ണമായും പാക്കിസ്ഥാനും ശ്രീലങ്കയും ഒരു പരിധി വരെയും വീണു കഴിഞ്ഞു. ഇതെല്ലാം ചൈനയുടെ അധിനിവേശ മോഹങ്ങളെയാണ് കാണിക്കുന്നത്. നമ്മുടെ അയൽ രാജ്യങ്ങളിൽ അവർ നടത്തുന്ന ഈ നീചമായ നടപടികളിൽ നിന്നും നമ്മുടെ ശ്രദ്ധ തിരിക്കാനാണ് അവർ അതിർത്തിയിൽ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന സൈനിക നാടകങ്ങൾ. ഇതിന് തക്കതായ മറുപടി എന്നത് ചൈനയുടെ ശ്രദ്ധയെ അവരുടെ രാജ്യത്തു തന്നെ തളച്ചിടുക എന്നതാണ്. അതിനുളള ഏറ്റവും നല്ല മാർഗ്ഗമാണ് ടിബറ്റിനെ ഒരു സ്വതന്ത്ര രാജ്യമാക്കാനുള്ള നീക്കം.