ദൈവം പള്ളിയിലോ അമ്പലത്തിലോ അല്ല….

അബൂന്റെ സ്വർഗ്ഗവും ദൈവങ്ങളും
———————————-

അബൂന്റ ബൈക്കിൽ എട്ടുകാലി െ കൂടെ രാവിലെ തന്നെ കണക്കെ പറ്റിപ്പിടിച്ച് പോവുമ്പോ ഭക്ഷണം കഴിക്കാൻ ഒരു 2000 രൂപ എടുത്താൽ മതി എന്ന് മാത്രമാണ് അവൻ മിണ്ടിയത്.

.എങ്ങൊട്ടാണെന്നോ എന്തിനാണെന്നോ അവൻ മിണ്ടിയില്ല ..

‘നീ വണ്ടിയിൽ കേറട പൊട്ടാ ‘
എന്നും പറഞ്ഞ് ഒരൊറ്റ പോക്കാണ്..

പണ്ടാരം ഇന്ന് പലതും പ്ലാൻ ചെയ്തിരുന്നു വെച്ചതാ..

സമീറിനോട്‌ അവന്റെ കല്യാണം കഴിഞ്ഞതിന്റെ ചെലവ് വാങ്ങണം..
സലീമിന്റെ കല്യാണത്തിന് കളിക്കേണ്ട ഭീകര സൊറയുടെ പ്ലാൻ തയ്യാറാക്കണം..

അതിനേക്കാളുപരി fbയിലെ പ്രൊഫൈൽ പിക് ഒന്ന് കൂടി എഡിറ്റ്‌ ചെയ്ത് സ്റ്റൈൽ കൂട്ടി ഇമ്മിണി ലൈക്‌ വാങ്ങിക്കണം..

എന്റെ എല്ലാ പ്ലാനുകളും 90കളിൽ വാങ്ങിയ ഹീറോ ഹോണ്ടയുടെ ആ പഴയ ടുവീലർ അറിയാത്ത സ്ഥലത്തിന് വേണ്ടി തുപ്പിയ പുകയിൽ മറഞ്ഞില്ലാണ്ടെയായി..

ഞാൻ അബുനോട് ചോദിച്ചു

“മച്ചാനെ കാര്യം പറ.. നീ എങ്ങോട്ടാണ് ഈ വണ്ടിയും നടയിലിറുക്കി പോകുന്നത്.. “

അബു എന്റെ ചോദ്യത്തിനു വെറുതെ ഒരു ചിരി ചിരിച്ചിട്ട് പറഞ്ഞു

“അബു എന്ന ഹോജ രാജാവിന്റെ സ്വർഗത്തിലേക്ക് .. “

‘ഒലക്ക !! ‘

എന്ന് പറയാനാണ് എനിക്ക് തോന്നിയത് .. പക്ഷെ പറഞ്ഞില്ല .

ഒരുപാട് ദൂരം പിന്നിട്ട് ചായ കുടിക്കാൻ വേണ്ടി നിർത്തിയപ്പോ ഹോട്ടലിന്റെ ബോർഡ്‌ വായിച്ചപ്പോഴാ സ്ഥലം അടിവാരം ആണെന്ന് മനസ്സിലായത് ..

നല്ല മഴ പെയ്തു തുടങ്ങി..
ചുറ്റും പേടിപെടുത്തുന്ന കാറ്റാണ്‌..

മഴത്തുള്ളികൾ ഹോട്ടലിന്റെ തകരം കൊണ്ടുണ്ടാക്കിയ മേൽക്കുരയിൽ വന്ന് പതിക്കുന്ന ശബ്ദം പുറത്ത് പെയ്യുന്നത് പേമാരിയാണെന്ന് തോന്നിപ്പിച്ചു..

ചോർന്നൊലിക്കുന്ന മേല്ക്കൂരക്ക് താഴെ ആരോ കൈ പൊട്ടിയ ഒരു കറ പിടിച്ച ചുവന്ന ബക്കററ് കൊണ്ട് വെച്ചു..

ആ ഹോട്ടലിൽ ഇരിക്കുന്ന എല്ലാവര്ക്കും അബൂനെ അറിയാം..കള്ളിമുണ്ട് മാത്രമെടുത് ചായ കുടിക്കാൻ വന്ന പലരും 25കാരനായ അബൂനെ കണ്ട് എഴുന്നേറ്റ് നിന്ന് തൊഴുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു..

“ചാത്താ കുടിയിലോക്കെ എന്താ പാട് ??
വെള്ളനെ സ്കൂളിൽ ചേർത്തോ ? “

അബു പരിചയക്കാരെ പോലെ വിശേഷം ചോദിച്ചു..

“കുടിയിൽ തീ പൊകയണില്ല അബു മോനെ ..
പിന്നെയാ ഇസ്കോൾ !! “

‘നീ വാ ചാത്താ എന്റെ കൂട്ടുകാരനാണിത്.. അവന് നിന്റെ ഊരോക്കെ ഒന്ന് കാണണമെന്ന്’ അബു ചാത്തനോട് പറഞ്ഞു.. അതിനെന്താ അബു മോനേ നമുക്ക് പൊവ്വാം.. ചാത്തൻ പറഞ്ഞു.,

ഇതെന്ത് കഥ ? എനിക്ക് അയാളുടെ ഊര് കണ്ടിട്ടെന്തു കാര്യം ? ഞാൻ ആലോചിച്ചു ..

അങ്ങിനെ ഞങ്ങളുടെ ഇടയിൽ ചാത്തനെ ഇരുത്തി ഞങ്ങൾ ചാത്തന്റെ ഊരിലേക്ക് പുറപ്പെട്ടു ..

ഇടക്ക് വെച്ച് ഞാൻ ഭക്ഷണം കഴിക്കാനെടുത്ത 2000 രൂപയും പിന്നെ അബുന്റെ കയ്യിലുണ്ടായിരുന്ന 2500 രുപയുമെടുത്ത് ഒരു ചിമ്മിണിവിളക്ക് കത്തിച്ച് വെച്ച പഴയ ഒരു പീടികയിൽ ചെന്ന് കുറെ അരിയും സാധനങ്ങളുമൊക്കെ വാങ്ങി വണ്ടിയുടെ നടുവിലിരിക്കുന്ന ചാത്തന്റെ കയ്യിൽ കൊടുത്ത്‌ ഞങ്ങൾ യാത്ര തുടർന്നു..

അബുവിന്‌ ഇതെന്തിന്റെ വട്ടാണെന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലായില്ല ..

മഴ ഭീകരമായി പെയ്യുന്നുണ്ട് .. അതിന്റെ വന്യത കൂടികൂടി വന്നു ..

ചാത്തന്റെ ദേഹത്ത് തട്ടി മുഖത്ത് തെറിക്കുന്ന മഴത്തുള്ളികളെ ഞാൻ അറപ്പോടെ തുടച്ചു മാറ്റി

.. എങ്ങോട്ടെന്നറിയാതെ വണ്ടി ഓടിക്കൊണ്ടേയിരുന്നു.

മൂന്നാളെ കയറ്റി കല്ല്‌ നിറഞ്ഞ വഴികളിലൂടെ പോകുന്നതിനെതിരെ ബൈകിലെ സീറ്റും സ്പ്രിങ്ങും വീലും ബ്രയ്ക്കുമൊക്കെ പതിവില്ലാത്ത ശബ്ദങ്ങളുണ്ടാക്കി പ്രതിഷേധം അറിയിച്ചു..

അബു ചാത്തനോട് ആരുടെയൊക്കെയോ വിശേഷങ്ങള് അന്വേഷിക്കുന്നുണ്ട് ..

ഇടയ്ക്ക്കക്കെപോഴോ കാടിനുള്ളിലേക്ക് കയറുമ്പോ..
മഴയുടെ ചീറ്റിയടിക്കലും കാടിന്റെ വന്യതയും കണ്ട് പേടിച്ച് ഞാൻ ഒരു 15 മിനുട്ട് കണ്ണടച്ച് തുറന്നപ്പോഴേക്കും ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തിയിരുന്നു..

കാടിന്റെ നടുക്ക് ചെറിയ ഉയരങ്ങളിലായി കല്ല്‌ കൊണ്ടും മണ്ണ് കൊണ്ടും മേല്ക്കൂര നിലത്ത് തട്ടുന്ന രീതിയിൽ നിർമ്മിച്ച ചെറിയ കൂരകൾ..

വണ്ടി സ്റ്റാന്ടിലാക്കി അബു അമ്മായിന്റെ വീട്ടിലേക്കു ഓടുന്ന പോലെ അവിടുത്തെ വീടുകളിലേക്ക് ഓടിച്ചെന്നു ..

മഴ വക വെക്കാതെ അബൂനെ കണ്ട് ഓടി വന്ന ചെറിയ കുട്ടികൾ അബൂനെ അവരവരുടെ കുടിലുകളിലേക്ക് ക്ഷണിച്ചു ..

അബു മൂക്കൊലിപ്പിച്ചു നടന്ന ഒരു കുട്ടിയെ എടുത്ത് ഉമ്മ വെച്ചിട്ട് എന്നോട് പറഞ്ഞു..

“നീയെന്താട അന്തം വിട്ടു
നിൽക്കുന്നത് ? ഇങ്ങ് കേറിപോരെടാ ..”

അങ്ങിനെ വീടെന്നു കഷ്ടിച്ച് വിളിക്കാവുന്ന ആ 5 മണ്‍കൂനകളുടെ അടുത്തേക്ക് നടന്നു ..

നേരത്തെ വാങ്ങിവെച്ച അരിയും സാധനങ്ങളും ചാത്തൻ അബുവിന്റെ മുന്നിൽ ഭവ്യതയോടെ കൊണ്ട് വെച്ചു ..

അബു അത് 5 വീട്ടുകാർക്ക് ഭാഗിച്ചു കൊടുത്തു ..അത് കിട്ടിയപ്പോ എല്ലാർക്കും ഉത്സവ പ്രതീതിയായിരുന്നു.

.എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു .. അബുനോട് പറഞ്ഞപ്പോ.. ‘ഒന്ന് ക്ഷമിക്കളിയാ ‘
എന്ന് പറഞ്ഞു ..

തണുപ്പ് കൂടി കൂടി വന്നു ..
മഴ പൊടിഞ്ഞു കൊണ്ടേയിരുന്നു ..

കാടിന്റെ നടുക്കാണ് ഈ ഇരിക്കുന്നതെന്ന് ആലോജിച്ചപ്പോ കുറച്ച് പേടി തോന്നി ..
തണുപ്പ് സഹിക്കാൻ പറ്റുന്നില്ല..

വാപ്പിച്ചി വാങ്ങി തന്ന Pollister ടി ഷർട്ടിന്റെ നാനാ ഭാഗത്തും കൂടി തണുപ്പ് ഇരച്ചു കയറി.. ഞാൻ രണ്ട് കൈ കൊണ്ട് എന്നെ തന്നെ കെട്ടിപ്പിടിച്ചു വിറച്ചിരുന്നു ..

അടിവസ്ത്രം പോലും ഇടാതെ ചോറാവുന്നതും കാത്ത് കിടന്നുറങ്ങുന്ന ചെറിയ കുഞ്ഞുങ്ങളെ കണ്ടപ്പോ പാവം തോന്നി .

വിശപ്പ്‌ കൂടി കൂടി വന്നു .. വിശപ്പും തണുപ്പും ഒരുമിച്ച് ആക്രമിക്കുന്നത് പോലെ തോന്നിയെനിക്ക് .. ഞാൻ അബൂനെ വിളിച്ചു ..

“നീ വണ്ടിയെടുക്ക് നമുക്ക് വീട്ടിൽ പോകാം .. സമയം 8 ആയി.. വിശന്നിട്ട് പാടില്ല മച്ചാനെ .. “

അബു എഴുന്നേൽക്കുന്നതിനിടയിൽ.. ചൂട് ചോറും പരിപ്പ് ഇട്ട മുളക് കറിയും നാല് പച്ച മുളകും വിളമ്പിയ ഒരു പഴയ തകര കിണ്ണം എന്റെ നേർക്ക്‌ നീട്ടി കറ പിടിച്ച പല്ലുകൾ പുറത്ത് കാട്ടി ഒരു വൃത്തിയും മെനയുമില്ലാത്ത ഒരു കുട്ടി ചിരിച്ചു ..

“വാങ്ങി കഴിച്ചോട ..”

എഴുന്നേറ്റു നിന്ന അബു പറഞ്ഞു..

എനിക്കത് വാങ്ങി കഴിക്കാൻ അറപ്പ് തോന്നുന്നുണ്ടെന്ന്ന്ന് മനസ്സിലാക്കിയ അബു പറഞ്ഞു ..

“പേടിക്കണ്ട നീ ആഴ്ചക്ക് അമ്പത് പ്രാവശ്യം കഴിക്കുന്ന ഫ്രൈഡ് ചിക്കന്റെ വിഷമൊന്നും ഉണ്ടാവില്ല അതില് .. അവര് ഭക്ഷണത്തെ ജീവനെ പോലെ ബഹുമാനിക്കുന്നവരാ .. ധൈര്യത്തോടെ കഴിച്ചോ .. “

മനസ്സിലെ അറപ്പിനെ വയറ്റിലെ വിശപ്പ്‌ പൊരുതി തോല്പ്പിച്ചു.. ഞാൻ ആ കിണ്ണം വാങ്ങി..

അബുവും കുട്ട്യോളും നാലഞ്ചു കുടിയിലുള്ള പത്തു പതിനാറു പേരും ഒരുമിച്ചാണ് അന്ന് ഭക്ഷണം കഴിച്ചത് ..

സമയം ഏറെ ഇരുട്ടി .. എല്ലാവരും ഉറങ്ങി തുടങ്ങിയിരിക്കുന്നു.. ഞാനും അബുവും കുട്ടികളുടെ വാശിക്ക് അവരുടെ കൂടെ കിടന്നു.. അങ്ങിനെ കുട്ടികളും ഉറക്കമായി.

“നീ ഉറങ്ങിയോ ??”

ഇരുട്ടിൽ നിന്ന് ഒരു അശരീരി പോലെ അബു ചോദിച്ചു ..

“ഇല്ല ..,”

“തണുത്ത് വിറച്ചിട്ട്‌ കിടക്കാൻ പറ്റുന്നില്ല അല്ലെ ?”

‘അതെ’ ..

ഞാൻ സത്യം പറഞ്ഞു ..

“ഈ കുട്ടികൾക്കൊക്കെ അത് ശീലമായിരിക്കുന്നു..
“ഒരു കണ്ടം ട്രൌസരുമിട്ട് കിടന്നുറങ്ങുന്ന കുട്ടികളെ നോക്കി അബു പറഞ്ഞു ..അവർക്കാരോടും ഒരു പരാതിയുമില്ല പരിഭവവുമില്ല !!.. “

അബു പറഞ്ഞു തുടങ്ങി ..

“ഞാൻ ഇവിടെ ആദ്യമായിട്ട് വന്നത് കോളേജിലെ ഒരു പ്രോജക്റ്റ് ചെയ്യാൻ വേണ്ടിയാണ് .. “

“വന്നപ്പോ ഒരു കാഴ്ച കണ്ടു .. “

“പട്ടിണി കാരണം മരിച്ച ഒരു കുട്ടിയെ അടക്കം ചെയ്യുന്നത് .. “

“വിശപ്പ്‌ കാരണം ഈ ഊരിൽ മരിച്ചു വീണ മൂന്നാമത്തെ കുട്ടിയായിരുന്നു അത് .. കൂട്ടുകാരനെ അടക്കം ചെയ്യുന്നതും നോക്കി ഒട്ടിയ വയറുമായി തന്റെ ഊഴവും കാത്തു നില്ക്കുന്ന പിഞ്ചു കുട്ടികളുടെ മുഖം കണ്ടപ്പോ പേടി യും സങ്കടവും തോന്നിയെനിക്ക് .. “

“അന്ന് മുതൽ ഇന്ന് വരെ .. ഇവരെ ഓർക്കാതെ ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല ..
എല്ലാ മാസവും ഇവരെ വന്നു കണ്ടിട്ട് എന്തെങ്കിലും കൊടുത്തിട്ടില്ലെങ്കിൽ എനിക്ക് തിന്നാൽ ഇറങ്ങില്ല. “

“പിന്നെ നിന്നെയിങ്ങോട്ട് കൊണ്ട് വന്നതിന് ഒരു കാരണമുണ്ട്‌ .. അതെന്റെ heroism കാണിക്കാനല്ല.. “

അബു പറഞ്ഞത് കേട്ടോണ്ടിരിക്കുമ്പോ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു..

അബു തുടർന്നു..

“കഴിഞ്ഞ ആഴ്ച നമ്മുടെ സമീറിന്റെ കല്യാണത്തിന് നീയും കൂട്ടുകാരും കളിച്ച സൊറ .. “

“കല്യാണത്തിന് വരുന്ന അതിഥികൾക്ക് കഴിക്കാനുണ്ടാക്കിയ ചോറും കറിയും ഒരു കുപ്പി മദ്യത്തിന്റെ ചൂടിൽ കിണറ്റിലെറിഞ്ഞത് .. അതെന്റെ നെഞ്ചിലാണ് കൊണ്ടത് നൌഫലേ.. അതിലൊരു പിടി ചോറ് കൊണ്ട് രക്ഷിക്കാൻ പറ്റിയ ജീവനുകൾ ഈ മലയിൽ ഇങ്ങിനെ പലയിടത്തുമുണ്ടെന്ന് കാണിച്ചു തരണമെന്നുണ്ടായിരുന്നു എനിക്ക്.. “

“ആ ചോറ് കൊണ്ട് രക്ഷിക്കാമായിരുന്ന മൂന്ന് പൈതങ്ങളുടെ ശവമുണ്ട് ഈ മണ്ണിൽ.. “

“നിനക്കൊക്കെ ഫെയ്സ്ബൂകിൽ പ്രൊഫൈൽ പിക്ക് ന് ലൈക്‌ 100 കടന്നില്ലെങ്കിൽ ചോറ് ഇറങ്ങില്ല ..”

“പിന്നെ ലൈസൻസ് തൊട്ട് പാസ്പോര്ട്ട് വരെ എന്തെടുത്താലും കണ്ണിൽ കണ്ടവന്മാര്കൊക്കെ കണ്ട ഹോട്ടലിൽ നിന്നൊക്കെ തിന്ന് ചർധിക്കുന്ന വരെ ട്രീറ്റ് കൊടുക്കണം .. ഇല്ലെങ്കിൽ മോശമാണല്ലോ അല്ലെ .!”

“നമ്മുടെ നാട്ടിൽ ഹോട്ടൽ ബിസിനസ് ഇത്ര വളരാൻ കാരണം വേറൊന്നുമല്ല .. നമുക്കൊക്കെ കുറച്ചധികം പൊങ്ങച്ചം കാണിക്കണം .. underwear തൊട്ട് അങ്കമാലിയിൽ ഒരു രണ്ടു സെന്റ്‌ ഭൂമി വാങ്ങിയാൽ വരെ 10000 ന്num
12000 ന്num
കണ്ട ഹോട്ടലിൽ കേറി ചെലവു കൊടുക്കണം .. എന്നിട്ടതിൽ പകുതിയോളം waste ആക്കണം ..”

“നൌഫലേ ജീവിതത്തിൽ എന്ത് സന്തോഷം വന്നാലും അത് ഇവരെപോലെ ഒന്നുമില്ലാത്തവരുടെ കൂടെ പങ്കിടാൻ ശ്രമിക്കണം ..
അപ്പോൾ അവരുടെ മുഖത്ത് കാണുന്ന ചിരിയിലും സന്തോഷത്തിലും നിനക്ക് ദൈവത്തെ കാണാൻ കഴിയും ..”

“പള്ളിയിലോ അമ്പലത്തിലോ ദിവസവും പത്ത് പ്രാവശ്യം പോകുന്നതിനേക്കാളും പുണ്യം കിട്ടും”

“മാസത്തിലൊരു ദിവസം ഇവർക്കെന്തെങ്കിലും ചെയ്തു കൊടുത്താൽ .. സമീറിന്റെ വീട്ടിൽ നിങ്ങൾ കിണറ്റിൽ കൊണ്ടെറിഞ്ഞ ഭക്ഷണമുണ്ടല്ലോ.. ആ ഭക്ഷണം കിട്ടാതെ മരണപ്പെട്ടവരുടെയും ആ ഭക്ഷണത്തിന് വേണ്ടി രണ്ട് പകലന്തി ഒട്ടിയ വയറുമായി കാത്തിരിക്കുന്നവരുടെയും ശാപമുണ്ടല്ലോ.. അതൊരിക്കലും നിങ്ങളെ വിട്ട് പോവില്ല നൗഫലേ..”

” facebook,whatzup,like,share,comment,profile pic.., “

“എന്ത് ജീവിതമാണെടോ നിന്റെയൊക്കെ ??.”

അബു പറഞ്ഞു നിർത്തി .

ശാന്തനായി അബു പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ ആഴത്തിലുള്ള മുറിവുകളുണ്ടാക്കി..

കുറച്ചു നേരം മുൻപ് ചെറുതായി ഒന്ന് വിശന്നപ്പോ ഞാൻ കാട്ടികൂട്ടിയ പരാക്രമണം എനിക്കോർമ വന്നു .. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എനിക്ക് ഉറക്കം കിട്ടിയില്ല..ഞാനും അബുവും തിരിച്ചു പോകാനൊരുങ്ങി

ബൈകിൽ കയറുമ്പോ പേരിനൊരു അടിവസ്ത്രം മാത്രമിട്ട ഒരു കുട്ടി വന്ന് എന്റെ കയ്യിൽ ഉമ്മ വെച്ചു .. ഞാൻ അവനെ എടുത്തുയർത്തി ഇനിയും വരുമെന്നും ശ്വാസം പോലെ നോക്കുമെന്നും മനസ്സിൽ പറഞ്ഞ് രണ്ട് കവിളിലും മാറി മാറി ഉമ്മ വെച്ചു .. അന്നേരം എനിക്ക് അറപ്പ് തോന്നിയില്ല..മനുഷ്യത്വമാണ് തോന്നിയത് ..അവന്റെ ചിരിയിൽ അബു പറഞ്ഞ ദൈവത്തെ ഞാൻ കണ്ടു ..അല്ലെങ്കിലും എനിക്ക് അറപ്പ് തോന്നേണ്ടത് എന്നോട് തന്നെയല്ലേ ..?.

അങ്ങിനെ നല്ല ഒരു മനസ്സുള്ള പുതിയ ഒരു മനുഷ്യനായിട്ട്‌ ഈ കാലത്തിനിടക്കുള്ള സൌഹൃധത്തിൽ അബു എനിക്ക് ഒരിക്കലും കാണിച്ചു തരാതിരുന്ന അബുവിന്റെ സ്വർഗത്തിൽ നിന്ന് അബുവിന്റെ ദൈവങ്ങളോട് ഇനിയും വരുമെന്ന് മനസ്സിൽ വാക്ക് കൊടുത്ത് യാത്ര പറഞ്ഞിറങ്ങി.