Azadi Ka Amrit Mahotsav: ജൂൺ 9 ബന്ദ സിങ്ങ് ബഹാദൂർ
വീര ബലിദാനദിനം

സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം – സ്വധര്‍മ്മാഭിമാനികളുടെ സുദീര്‍ഘപോരാട്ടത്തിന്റെ ജ്വലിക്കുന്ന ചരിത്രം: ജൂൺ 9
ബന്ദ സിങ്ങ് ബഹാദൂർ
വീര ബലിദാനദിനം

മുഗള സാമ്രാജ്യത്തിന്റെ അനീതികൾക്കെതിരെ ഉജ്ജ്വലമായ പോരാട്ടം നടത്തിയ സിഖ് യോദ്ധാവാണ് ബന്ദ സിങ് ബഹാദൂർ . 1670 ഒക്ടോബർ 27 നാണ് അദ്ദേഹം ജനിച്ചത് . സന്യാസം സ്വീകരിക്കാൻ വേണ്ടി പതിനഞ്ചാം വയസിൽ തന്നെ വീട് വിട്ടിറങ്ങി. അങ്ങനെ കിട്ടിയ പേരാണ് മദോ ദാസ്. ഗോദാവരി നദീ തീരത്തുള്ള നാന്ദത് എന്ന സ്ഥലത്ത് അദ്ദേഹം തന്റെ ആശ്രമം പണി കഴിപ്പിച്ചു. 1708 സെപ്റ്റംബറിൽ അദ്ദേഹത്തെ ഗുരു ഗോബിന്ദ് സിങ് സന്ദർശിക്കുകയും ബന്ദ ബഹദൂർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഗുരു ഗോവിന്ദ് സിങ്ങ് നൽകിയ പേരാണ് ബന്ദ സിങ് ബഹദൂർ എന്നത്. ഗുരു ഗോബിന്ദ് സിങിന്റെ അനുഗ്രഹവും അദ്ദേഹം നൽകിയ അധികാരവുമായി ജനങ്ങളെ ഒരുമിച്ച് ചേർത്ത് അദ്ദേഹം മുഗൾ സമ്രാജ്യത്തിനെതിരെ പടപൊരുതി.

1709 ൽ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ സമാനയെ ആക്രമിച്ചുകൊണ്ടായിരുന്നു മുഗള സാമ്രാജ്യത്തിനെതിരായ പോരാട്ടത്തിന് അദ്ദേഹം തുടക്കം കുറിച്ചത്. പഞ്ചാബിൽ അധികാരം സ്ഥാപിച്ച ശേഷം അവിടുത്തെ ജമിന്ദാരി സമ്പ്രദായം നിർത്തലാക്കി, സ്വത്തവകാശം കൃഷിക്കാർക്ക് വിട്ടുകൊടുത്തു.

1710 മെയ് 12 ന് , ചപ്പാർചിരി യുദ്ധത്തിൽ, സിർഹിന്ദ് ഗവർണർ വസീർ ഖാനെയും ഗുരു ഗോവിന്ദ് സിംഗിന്റെ രണ്ട് ഇളയ പുത്രന്മാരുടെ രക്തസാക്ഷിത്വത്തിന് ഉത്തരവാദികളായ ദിവാൻ സുചാനന്ദിനെയും വധിച്ചു . സർഹിന്ദ് മുഗളന്മാരിൽ നിന്നും പിടിച്ചെടുത്തു.

ബന്ദ സിംഗ് ബഹാദൂറിനെ പരാജയപ്പെടുത്താനും കൊല്ലാനും എല്ലാ ജനറൽമാരോടും ചക്രവർത്തിയുടെ സൈന്യത്തിൽ ചേരാൻ നിർദ്ദേശിച്ചു. മുനിം ഖാന്റെ കൽപ്പന പ്രകാരം മുഗൾ സൈന്യം സിർഹിന്ദിലേക്ക് മാർച്ച് ചെയ്തു. ബന്ദ സിംഗ് ആ സമയം ഉത്തർപ്രദേശിലായിരുന്നു. ബന്ദ സിംഗ് മടങ്ങി എത്തുന്നതിന് മുമ്പ് മുഗളർ സർഹിന്ദും ചുറ്റുമുള്ള പ്രദേശങ്ങളും പിടിച്ചെടുത്തു.

ബന്ദ സിങ്ങിനെ കൊലപ്പെടുത്താനുള്ള മുഗള സൈന്യത്തിന്റെ ശ്രമങ്ങൾ പല തവണ പരാജയപ്പെട്ടു. 1710 ഡിസംബർ 10 ന് സിഖുകാരെ എവിടെ കണ്ടാലും കൊലപ്പെടുത്താൻ മുഗള ചക്രവർത്തി ഉത്തരവിട്ടു.

1715 ഡിസംബർ 7-ന് മുഗളർ ബന്ദാ സിംഗിനെയും കൂട്ടരെയും പിടികൂടി.ബന്ദ സിംഗ് ബഹാദൂറിനെ ഒരു ഇരുമ്പ് കൂട്ടിലടക്കുകയും ബാക്കിയുള്ള സിഖുകാരെ ചങ്ങലയിൽ ബന്ധിക്കുകയും ചെയ്തു. രണ്ടായിരത്തോളം സിഖ് ജനങ്ങളെ കൊന്നൊടുക്കുകയും അവരുടെ തലകൾ കുന്തത്തിൽ കുത്തി നിർത്തി പ്രദർശിപ്പിക്കുകയും ചെയ്തു. സിഖുകാരുടെ തലകൾ ഘോഷയാത്രയായി ഡൽഹിയിലേക്ക് കൊണ്ടുവന്നു. ബന്ദ സിങ്ങ് ബഹദൂറിനെയും 740 പടയാളികളേയും ഡൽഹി കോട്ടയിൽ തടവിലാക്കുകയും അവരുടെ വിശ്വാസം ഉപേക്ഷിച്ച് മുസ്ലീമാകാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. വിസമ്മതിച്ച അവരെ വധിക്കാൻ ഉത്തരവിട്ടു. ഓരോ ദിവസവും 100 സിഖ് സൈനികരെ കോട്ടയിൽ നിന്ന് കൊണ്ടുവന്ന് പരസ്യമായി കൊലപ്പെടുത്തി. ഇത് ഏകദേശം ഏഴു ദിവസം തുടർന്നു. നാല് വയസ്സുള്ള മകൻ അജയ് സിങ്ങിനെ കൊല്ലാൻ ബന്ദ സിങ്ങിനോട് ആവശ്യപ്പെട്ടു, അത് ചെയ്യാൻ അദ്ദേഹം വിസമ്മതിച്ചു. അജയ് സിംഗിനെ മുഗളർ കൊല്ലപ്പെടുത്തി അവന്റെ ഹൃദയം മുറിച്ച്, ബന്ദ ബഹ്ദൂറിന്റെ വായിൽ കുത്തിയിറക്കി. മൂന്ന് മാസത്തെ തടവിന് ശേഷം, 1716 ജൂൺ 9 ന്, ബന്ദാ സിംഗിന്റെ കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ടു , കൈകാലുകൾ ഛേദിക്കപ്പെട്ടു, ചർമ്മം നീക്കം ചെയ്തു, തുടർന്ന് അദ്ദേഹം കൊല്ലപ്പെട്ടു.

പിറന്ന നാടിന്റെ മോചനത്തിനായി മുഗള സാമ്രാജ്യത്തിനെതിരെ പോരാടിയ ഭാരതാംബയുടെ വീരപുത്രന് ശതകോടി പ്രണാമങ്ങൾ

#BandaSinghBahadur
With due acknowledgement to Sources of Content: VSK News, Dhyeyam, and it’s contributors.

Azadi Ka Amrit Mahotsav is an initiative of the Government of India to celebrate and commemorate 75 years of independence and the glorious history of it’s people, culture and achievements.

Scroll to Top