ദേശീയ നദീ മഹോത്സവം സമാപിച്ചു നിളാ പഠന ഗവേഷണ കേന്ദ്രം ജൂണ്‍ അഞ്ചിന്… May 18, 2015 ചെറുതുരുത്തി: ദേശീയ നദീ മഹോത്സവത്തിന്റെ ഭാഗമായി തീരുമാനിച്ച നിളാ പഠന-ഗവേഷണ കേന്ദ്രം ജൂണ്‍ അഞ്ചിനാരംഭിക്കും. നിളയെ അറിയുക അറിയിക്കുക എന്ന ലക്ഷ്യം ഉള്‍ക്കൊണ്ടാണ് ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്. നിളയെ സംബന്ധിക്കുന്ന പരിസ്ഥിതി പുസ്തകങ്ങള്‍, റിസര്‍ച്ച് പേപ്പറുകള്‍, സാഹിത്യം, ഹ്രസ്വ ചിത്രങ്ങള്‍, സമഗ്ര പഠന വിവരങ്ങള്‍, നിളയുടെ സാംസ്‌ക്കാരിക വളര്‍ച്ച, നിളയുടെ തീരത്ത് നിന്നും ഉയര്‍ന്നു വന്ന മഹദ് വ്യക്തികള്‍, തുടങ്ങിയവയുടെ ഡിജിറ്റലൈസ്ഡ് ലൈബ്രറിയും പഠന ഗവേഷണ കേന്ദ്രത്തില്‍ ഉണ്ടായിരിക്കും. നിളാ പൈതൃക ഗ്രാമങ്ങളായി പ്രഖ്യാപിച്ച പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ആഗസ്റ്റില്‍ നടത്തുന്ന നിളാ പരിക്രമയാത്ര എന്നിവയും നടത്തുമെന്ന് നിളാ വിചാരവേദി പ്രവര്‍ത്തകര്‍ പറഞ്ഞു. നിളാ സാക്ഷരത പദ്ധതി പ്രകാരം പുഴയറിവ് പ്രചരിപ്പിക്കുന്നതിനായി ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് പരശീലനം നല്‍കും. കേരള കലാമണ്ഡലവുമായി ചേര്‍ന്ന് പരമ്പരാഗത അനുഷ്ഠാന കലകളുടെ സംരക്ഷണത്തിനും സംഘാടക സമിതി തീരുമാനിച്ചു. പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന്റെ ധാര്‍ഷ്ട്യമാണ് നിളയുടെ ഇന്നത്തെ അവസ്ഥയ്ക്ക് വഴിവെച്ചതെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ എസ്.ജെ.ആര്‍.കുമാര്‍. നിളയുടെ ദുരവസ്ഥ മാറാന്‍ ഭാരതപ്പുഴയുടെ ഇരുകരകളില്‍ താമസിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാവരും പരിശ്രമിച്ച് പൂര്‍ണ്ണമനസ്സോടെ നീങ്ങണമെന്നും ഇന്നത്തെ ശോചനീയ അവസ്ഥയ്ക്ക് നമ്മള്‍ ഉത്തരവാദികള്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ചെറുതുരുത്തിയില്‍ ഒരാഴ്ച്ചയായി നടന്നുവന്ന ദേശീയ നദീ മഹോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ നിളയുടെ ജലസംരക്ഷണത്തിനായി ഏറെ പ്രയത്‌നിച്ച ജലസാക്ഷരതയുടെ വക്താവ് എന്നറിപ്പെടുന്ന ടി.എന്‍.എന്‍ ഭട്ടതിരിപ്പാടിന് പത്മശ്രീ കലാമണ്ഡലം സത്യഭാമ പ്രഥമ നിളാ പുരസ്‌ക്കാരം സമ്മാനിച്ചു. ചടങ്ങില്‍ വടക്കാഞ്ചേരി കേരളവര്‍മ്മ വായനശാല പ്രസിഡന്റ് വി.മുരളി ടി.എന്‍.എന്‍ ഭട്ടതിരിപ്പാടിനെക്കുറിച്ച് ആമുഖം നല്‍കി. തന്റെ ജീവിതം ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി മാറ്റിവെച്ച് വ്യക്തിത്വമാണ് അദ്ദേഹത്തിന്റെതെന്ന് വി. മുരളി പറഞ്ഞു. (ഫോട്ടോ: ചെറുതുരുത്തിയില്‍ നടന്ന ദേശീയ നദീ മഹോത്സവത്തിന്റെസമാപന സമ്മേളനത്തില്‍ ടി.എന്‍.എന്‍ ഭട്ടതിരിപ്പാടിന് പ്രഥമ നിളാ പുരസ്‌ക്കാരം സമ്മാനിക്കുന്നു) ജന്മഭൂമി: http://www.janmabhumidaily.com/news288706