ഭജഗോവിന്ദം

ശങ്കരാചാര്യരാൽ വിരചിതമായ സ്തോത്രമാണ് ഭജഗോവിന്ദം അഥവാ മോഹമുദ്ഗരം. ഭജ ഗോവിന്ദം എന്ന ഈ സ്തോത്രത്തിന്റെ രചനയ്ക്ക് പിന്നിൽ ഒരു ഐതീഹ്യമുണ്ട്. ശ്രീ ശങ്കരാചാര്യർ തന്റെ 14 ശിഷ്യരുമൊത്ത് വാരണാസിയിലെ ഒരു വീഥിയിലൂടെ കടന്നുപോകുമ്പോൾ ഒരു വൃദ്ധവയ്യാകരണൻ തന്റെ യുവശിഷ്യനെ സംസ്കൃതവ്യാകരണം പഠിപ്പിക്കുന്നത് കാണാൻ ഇടയായി. കാര്യം ഗ്രഹിക്കാതെ ഉരുവിട്ട് മനഃപാഠമാക്കുന്ന ശിഷ്യനെക്കണ്ട് അലിവുതോന്നിയ ശങ്കരാചാര്യർ വൈയാകരണന് നൽകിയ ഉപദേശമാണത്രേ ഭജ ഗോവിന്ദം എന്ന കവിതയിലെ ശ്ലോകങ്ങൾ. ശങ്കരാചാര്യർ 12 ശ്ലോകങ്ങൾ ചൊല്ലിയെന്ന് വിശ്വസിക്കപ്പെടുന്നു. അവ “ദ്വാദശമഞ്ജരികാ സ്തോത്രം” എന്നറിയപ്പെടുന്നു. ശങ്കരാചാര്യരുടെ ഒപ്പമുണ്ടായിരുന്ന 14 ശിഷ്യന്മാരും ഓരോ ശ്ലോകങ്ങൾ വീതം ചേർത്തു. അവ “ചതുർദശമഞ്ജരികാ സ്തോത്രം” എന്നറിയപ്പെടുന്നു. വീണ്ടും ഉപദേശരൂപേണ ചേർക്കപ്പെട്ട ശ്ലോകങ്ങളും ചേർന്നതാണ് ഭജ ഗോവിന്ദം.

Bhajagovindam