ഫേസ് ബുക്കിനും വാട്ട്സ് ആപ്പിനും ഗൂഗിളിനും ഭീഷണി?

സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്നു…

കഴിഞ്ഞ ഒരാഴ്ചയായി, ദശലക്ഷക്കണക്കിന് ആളുകൾ “സിഗ്നലും” “ടെലിഗ്രാമും” ഡൗൺലോഡ് ചെയ്ത് അത് ലോകത്തിലെ ഏറ്റവും പ്രിയങ്കരമായ  രണ്ട് ആപ്ലിക്കേഷനുകളാക്കി മാറ്റി.  “എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ” ഉപയോഗിച്ച് സന്ദേശങ്ങൾ അയയ്ക്കാൻ സിഗ്നൽ അനുവദിക്കുന്നുണ്ട്, അതായത് അയച്ചയാൾക്കും സ്വീകർത്താവിനും അല്ലാതെ മറ്റാർക്കും അതിന്റെ ഉള്ളടക്കങ്ങൾ വായിക്കാൻ കഴിയില്ല.  ടെലിഗ്രാം ചില എൻ‌ക്രിപ്റ്റ് ചെയ്ത സന്ദേശമയയ്ക്കാൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഗ്രൂപ്പ് അധിഷ്ഠിത ചാറ്റ് റൂമുകളിൽ ആളുകൾക്ക് വിവിധ വിഷയങ്ങൾ ചർച്ചചെയ്യാം എന്നതുകൊണ്ടാണ് അത് കൂടുതൽ ജനപ്രിയ മാകുന്നത്.

ചില വൻകിട ടെക് കമ്പനികളേയും ആശയവിനിമയ ആപ്ലിക്കേഷനുകളായ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് പോലെയുള്ള പരസ്പര ആശയ വിനിമയത്തിനുള്ള ആപ്പുകളെയും മറ്റും കുറിച്ച് വർദ്ധിച്ചുവരുന്ന ഉത്കണ്ഠയ്ക്ക് കാരണമായ സംഭവങ്ങളുടെ ഒരു പരമ്പര കഴിഞ്ഞയാഴ്ച സിഗ്നലിന്റെയും ടെലിഗ്രാമിന്റെയും ജനപ്രീതി വർദ്ധിപ്പിച്ചു.  ഫേസ്ബുക്കും ട്വിറ്ററും ഉൾപ്പെടെയുള്ള ടെക് കമ്പനികൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വലതുപക്ഷ അക്കൗണ്ടുകൾ ക്യാപ്പിറ്റോളിൽ നടന്ന സംഭവങ്ങൾക്ക് ശേഷം നീക്കംചെയ്തു. ആമസോൺ, ആപ്പിൾ, ഗൂഗിൾ എന്നിവയും ട്രംപിന്റെ ആരാധകർക്കിടയിൽ ജനപ്രിയമായ ഒരു സോഷ്യൽ നെറ്റ്‌വർക്കായ പാർലറിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. വലതു പക്ഷ അനുകൂലികൾ ഇതിന് പകരം ആശയവിനിമയം നടത്താൻ കഴിയുന്ന പുതിയ അപ്ലിക്കേഷനുകൾ തേടുന്ന സ്ഥിതിയും സംജാതമായിരുന്നു.

അതേ സമയം തന്നെ വാട്ട്‌സ്ആപ്പിനെ സംബന്ധിച്ച് സ്വകാര്യതാ ആശങ്കകൾ ഉയരുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച ഉപയോക്താക്കളെ അവരുടെ പോപ്പ്-അപ്പ് അറിയിപ്പിൽ അവരുടെ ചില ഡാറ്റ അതിന്റെ മാതൃ കമ്പനിയായ ഫേസ്ബുക്കുമായി പങ്കിടുന്നുവെന്ന് അറിയിച്ചതും ആശങ്കയുണ്ടാക്കി. ഫെയ്‌സ്ബുക്കിന് വാട്‌സ്ആപ്പ് സന്ദേശങ്ങൾ വായിക്കാമെന്നുള്ള തെറ്റായ സന്ദേശങ്ങൾ വൈറൽ ആയതും ഈ ഉത്കണ്ഠയുടെ ഒരു തരംഗത്തിന് കാരണമായി.

ഇതിന്റെയൊക്കെ ഫലമായി ധാരാളം ഉപയോക്താക്കൾ നടത്തിയ കൂട്ട പലായനം ദീർഘകാലം നീണ്ടുനിൽക്കുന്നെങ്കിൽ, അത് ഫേസ്ബുക്കിന്റെയും മറ്റ് വൻകിട കമ്പനികളുടെയും ശക്തി ദുർബലപ്പെടുത്തും എന്നുള്ളതിൽ യാതൊരു സംശയവുമില്ല. കഴിഞ്ഞ ചൊവ്വാഴ്ച ടെലിഗ്രാം  പുറത്തുവിട്ട വിവരം അനുസരിച്ച് മൂന്ന് ദിവസം കൊണ്ട് 2.5 കോടി ഉപയോക്താക്കൾ പുതുതായി ടെലിഗ്രാം ഡൗൺലോഡ് ചെയ്തന്നും ഇതോടു കൂടി ടെലിഗ്രാം ഉപയോഗിക്കുന്നവരുടെ സംഖ്യ 50 കോടി എത്തിയെന്നും മനസിലാക്കുന്നു.

ഉപയോക്താക്കളുടെ സ്വകാര്യതാ ക്രമീകരണങ്ങളിൽ മാറ്റം വന്നിട്ടില്ലെന്നും എന്ത് ഡാറ്റയാണ് പങ്കിടുന്നത് എന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും വാട്‌സ്ആപ്പിന്റെ വക്താവ് കാൾ വൂഗ് ഒരു പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

ടെലിഗ്രാമിന്റെയും സിഗ്നലിന്റെയും അഭൂതപൂർണ്ണമായ വളർച്ച എൻ‌ക്രിപ്ഷനെക്കുറിച്ചുള്ള സംവാദത്തെ ആളിക്കത്തിക്കുന്നതുവഴി ഇത് ഉപയോക്താക്കളുടെ ഡിജിറ്റൽ ആശയവിനിമയങ്ങളുടെ സ്വകാര്യത പരിരക്ഷിക്കാൻ സഹായകമാകും എന്ന് പ്രതീക്ഷിക്കാം. പക്ഷേ എൻക്രിപ്ഷൻ വഴി സംഭാഷണങ്ങളും സന്ദേശങ്ങളും പുറത്തെടുക്കാൻ സാധിക്കാത്ത വിധത്തിൽ മൂടിവെക്കപ്പെടുമെന്നതിനാൽ കുറ്റകൃത്യ അന്വേഷണങ്ങളിൽ അന്വേഷണ ഏജൻസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്ന വസ്തുതയും കണക്കിലെടുക്കേണ്ടതുണ്ട്. ഈ രണ്ടു വിഷയങ്ങൾക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു സമീകൃത സമീപനമായിരിക്കും കൂടുതൽ ഉചിതം എന്നാണ് എന്റെ അഭിപ്രായം.
എസ്.ജെ.ആർ. കുമാർ
15.01.2021