സയ്യിദ് അലി ഷാ ഗീലാനിയുടെ രാജിയും കാശ്മീർ തീവ്രവാദത്തിന്റെ ഭാവിയും

ഗീലാനിയുടെ രാജിക്കു പിന്നിൽ ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പാക്ക് ഗൂഢതന്ത്രമാണോ ?

കശ്മീരിലെ വിഘടനവാദത്തിന്റെ പ്രധാന വക്താവും 90കളിൽ അശാന്തിയുടെ താഴ്‌വരയായി മേഖലയെ മാറ്റുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്ത 90കാരനായ സയ്യിദ് അലി ഷാ ഗീലാനി, ഓൾ പാർട്ടി ഹുറിയത് കോൺഫറൻസിൽനിന്ന് രാജിവച്ചു, എന്തുകൊണ്ട്? രാജിവാർത്തകൾ വന്നതിനു പിന്നാലെ ദേശീയ അന്വേഷണ ഏജൻസികളും മറ്റും പെട്ടെന്നുണ്ടായ മനംമാറ്റത്തിന്റെ കാരണങ്ങൾക്കു പുറകേയാണ്. കശ്മീരിനെ പാക്കിസ്ഥാനോടു ചേർക്കണമെന്ന് പരസ്യമായി വാദിക്കുന്നയാളാണ് ഗീലാനി. പ്രായമേറിയിട്ടും തന്റെ ആഗ്രഹം നടക്കാത്തതിലുള്ള മോഹഭംഗമോ നിലവിൽ തുടർന്നുപോരുന്ന ‘തൽസ്ഥിതി’യിൽ മാറ്റം വരുത്താനുള്ള പാക്കിസ്ഥാന്റെ ഗൂഢതന്ത്രത്തിന്റെ ഭാഗമോ ആണ് ഗീലാനിയുടെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗിലാനിയുടെ രാജിക്കത്ത്

ദശകങ്ങളായി കശ്മീരിലെ രാഷ്ട്രീയത്തെ സ്വാധീനിച്ചിരുന്ന വിഘടനവാദിനേതാവിന്റെ പെട്ടെന്നുള്ള പിൻവാങ്ങൽ സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിലും സുരക്ഷാ ഏജൻസികളിലും അമ്പരപ്പിനും വിവിധ അഭിപ്രായരൂപീകരണങ്ങൾക്കും കാരണമായിട്ടുണ്ട്. ഹുറിയത് കോണ്‍ഫറൻസിന്റെ കാര്യങ്ങൾ നിരീക്ഷിക്കുന്ന വിവിധ ഏജൻസികളും വിദഗ്ധരും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. ഗീലാനിയുടെ പിന്മാറ്റത്തിന്റെ കാരണം എന്തുതന്നെയായാലും അതു കശ്മീരിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വലിയൊരു മാറ്റം കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വർഷങ്ങളായി വിഘടനവാദസ്വരം ഉയർത്തുന്ന ഗീലാനിക്ക് അതു യാഥാർഥ്യമാക്കാനാകാത്തതിന്റെ പ്രയാസമുണ്ടെന്നാണ് രാജി അറിയിച്ചുകൊണ്ടു പുറത്തുവിട്ട കത്തിൽ വ്യക്തമാകുന്നതെന്ന് കേന്ദ്രസർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യം പാക്കിസ്ഥാന്റെ അറിവില്ലാതെയായിരിക്കുമെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നും അഭിപ്രായമുയരുന്നുണ്ട്.

വിഘടനവാദി നേതാക്കളായ യാസിൻ മാലിക്, സയ്യിദ് അലി ഷാ ഗിലാനി, മിർവെയ്സ് ഉമർ ഫറൂഖ്

നിലവിൽ കശ്മീരിലെ രാഷ്ട്രീയ കാലാവസ്ഥയിൽ യാതൊന്നും സംഭവിക്കുന്നില്ല. 370ാം അനുച്ഛേദം കേന്ദ്രസർക്കാർ പിൻവലിച്ചതിനുപിന്നാലെയുണ്ടായ പ്രതിഷേധങ്ങളെ ഇപ്പോൾ നിയന്ത്രണവിധേയമാക്കി. പിന്നാലെ കോവിഡ് അനുബന്ധ നിയന്ത്രണങ്ങൾക്കൂടി വന്നതോടെ കാര്യമായ പ്രവർത്തനങ്ങളൊന്നും കശ്മീരിൽ നടക്കാത്തതും പാക്ക് പിന്തുണയുള്ള പല ഭീകരപ്രസ്ഥാനങ്ങൾക്കും തിരിച്ചടിയാണ്. ഈ സ്ഥിതിക്ക് മാറ്റം വരുത്തി കശ്മീരിനെ പഴയ അശാന്തിയിലേക്കു കൊണ്ടുപോയി ഭീകരപ്രസ്ഥാനങ്ങൾക്കു തഴച്ചുവളരാനുള്ള സാഹചര്യമൊരുക്കി ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പാക്ക് ഗൂഢാലോചനയുടെ ഭാഗമാണ് ഗീലാനിയുടെ രാജിയെന്നാണ് വിലയിരുത്തൽ.

വിഘടനവാദം ഉപേക്ഷിക്കുമെന്ന് ഗീലാനി രാജിക്കത്തിൽ പറയുന്നില്ല. മാത്രമല്ല, തന്റെ പ്രസ്ഥാനമായ തെഹ്‌രീകെ ഹുറിയത്തിൽനിന്നു വിട്ടുനിൽക്കുമെന്നും സൂചിപ്പിക്കുന്നില്ല. ഹുറിയത് കോൺഫറൻസിലെ പല കക്ഷികൾക്കിടയിലും ആഭ്യന്തര പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതും ഗീലാനിയുടെ പിന്മാറ്റത്തിന് ഒരു കാരണമാണ്. പിന്മാറ്റത്തിന്റെ യഥാർഥ കാരണം പാക്കിസ്ഥാന്റെ ഗൂഢാലോചനയെത്തുടർന്നാണെങ്കിൽ കശ്മീർ രാഷ്ട്രീയത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കും. എന്നാൽ ഗീലാനിക്ക് ഒരുപക്ഷേ, ഇത് തന്റെ ദീർഘമായ ചരിത്രത്തിലെ അവസാന നീക്കമായിരിക്കാം.

ആരാണ് സയ്യിദ് അലി ഷാ ഗീലാനി?

വടക്കൻ കശ്മീരിലെ സോപ്പാറിൽനിന്നുള്ള ഗീലാനി 1972, 77, 87 വർഷങ്ങളിൽ മേഖലയില്‍നിന്നുള്ള എംഎൽഎയായിരുന്നു. പിന്നീട് കശ്മീരിൽ കലാപമുയർന്നപ്പോൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഗീലാനി വിട്ടു. ഭീകരസംഘടനയായ ഹിസ്ബുൽ മുജാഹിദ്ദീൻ ആണ് പ്രധാനമായും ഗീലാനിയെ പിന്തുണച്ചിരുന്നത്. 1992 മാർച്ചിൽ ഹിസ്ബുല്ലിന്റെ എതിരാളികളായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) ഗീലാനിയെ തട്ടിക്കൊണ്ടുപോയപ്പോൾ മണിക്കൂറുകൾക്കുള്ളിൽത്തന്നെ വിട്ടയയ്ക്കേണ്ടിവന്നു. മാത്രമല്ല, പിറ്റേദിവസം അവർക്കു പരസ്യമായി മാപ്പു ചോദിക്കേണ്ടിയും വന്നുവെന്നത് മേഖലയിൽ ഗീലാനിയുടെ സ്വാധീനത്തെയാണ് കാണിക്കുന്നത്.

1993ൽ ഓൾ പാർട്ടി ഹുറിയത് കോൺഫറൻസ് രൂപീകരിച്ചപ്പോൾ അതിന്റെ സ്ഥാപക അംഗങ്ങളിലൊരാളുമായി ഗീലാനി. ഗനി ലോണ്‍, ഗനി ഭട്ട്, മിർവെയ്സ് ഉമർ ഫാറൂഖ് തുടങ്ങിയവർ ചേർന്നാണ് ഹുറിയത് കോൺഫറൻസ് സ്ഥാപിച്ചത്.

മിക്ക വിഘടനവാദികളും ജമ്മു കശ്മീരിലെ ജനത്തിന് സ്വയം നിര്‍ണയത്തിനുള്ള അവസരം കൊടുക്കണമെന്ന പരസ്യ നിലപാട് ആവർത്തിക്കുമ്പോഴും ഐക്യരാഷ്ട്ര സംഘടനയുടെ മേൽനോട്ടത്തിൽ കശ്മീരിനെ പാക്കിസ്ഥാനുമായി കൂട്ടിച്ചേർക്കണമെന്ന നിലപാടാണ് ഗീലാനി സ്ഥിരം ആവശ്യപ്പെട്ടിരുന്നത്. ‘ഹം പാക്കിസ്ഥാനി ഹേ, പാക്കിസ്ഥാൻ ഹമാര ഹേ’ എന്ന പാക്ക് അനുകൂല മുദ്രാവാക്യം പല മേഖലകളിലും വിളിക്കപ്പെടുന്നതിനു പിന്നിൽ ഗീലാനിയുടെ പരിശ്രമമാണെന്ന് വ്യക്തമാണ്.

2003ലും ഹുറിയത് കോൺഫറൻസുമായി ഗീലാനി അകന്നിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പിൽ ചിലരെ ഹുറിയത് കോൺഫറൻസിലെ ചില സംഘടനകൾ പിന്താങ്ങിയിരുന്നുവെന്നു ചൂണ്ടിക്കാട്ടിയാണിത്. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാണ് ഹുറിയത് കോൺഫറൻസിന്റെ നിലപാട്. ഒരു വർഷത്തിനുശേഷം ഇപ്പോൾ നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനയിൽനിന്നും ഗീലാനി പിൻവാങ്ങിയിരുന്നു. ഇതിനുപിന്നാലെ തെഹ്‌രീകെ ഹുറിയത് എന്ന സംഘടന അദ്ദേഹം രൂപീകരിക്കുകയായിരുന്നു.

രണ്ടു ഡസനിലധികം സംഘടനകള്‍ അംഗങ്ങളായ ഹുറിയത് കോൺഫറൻസിൽ പകുതിയിൽ അധികം പേരും ഗീലാനിയുടെ പക്ഷത്താണ്. ബാക്കിയുള്ളവർ മിർവെയ്സ് മോൾവി ഉമർ ഫാറൂഖിന്റെ പക്ഷത്തും. മറ്റു ഹുറിയത് നേതാക്കളെക്കാളും വ്യക്തമായും പരസ്യമായും പാക്ക് അനുകൂല നിലപാട് സ്വീകരിച്ചിരുന്നയാളാണ് ഗീലാനി. നേരത്തെ, കശ്മീർ വിഷയം പരിഹരിക്കാൻ മുൻ പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫിന്റെ നാലു പോയിന്റ് ഫോർമുല ഗീലാനി തള്ളിക്കളഞ്ഞിരുന്നു. പല ആവശ്യങ്ങളിലും മുഷറഫ് ഒത്തുതീർപ്പിലെത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

പിന്മാറ്റം ബാധിക്കുക ഹുറിയത് കോൺഫറൻസിനെയും

ഗീലാനിയുടെ രാജി ഹുറിയത് കോൺഫറൻസിലെ ഗീലാനി പക്ഷത്തെ മാത്രമല്ല, മിർവെയ്സ് ഉമർ ഫാറുഖ് പക്ഷത്തെയും കാര്യമായി ബാധിക്കും. കൂടാതെ, കശ്മീരിലെ ഭീകര പ്രവർത്തനങ്ങളെയും. ‘അസന്മാർഗികതയും അച്ചടക്കമില്ലായ്മയും സഹകരണമില്ലായ്മയുമാണ്’ പാക്ക് ആസ്ഥാനമായ കശ്മീർ വിഘടനവാദികളുടേതെന്ന് ഗീലാനി കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. 370ാം അനുച്ഛേദം പിൻവലിച്ചതിനെതിരെ ശക്തമായ പ്രതിഷേധം നടത്താൻ പോലും നിലവിലെ ഹുറിയത് നേതാക്കൾക്കു കഴിയുന്നില്ലെന്ന കുറ്റപ്പെടുത്തലും അദ്ദേഹം നടത്തി. അതേസമയം, പാക്ക് അധിനിവേശ കശ്മീരിലെ സയ്യിദ് അബ്ദുല്ല ഗിലാനിയായിരിക്കും ഇനിമുതൽ പാക്കിസ്ഥാനിലും വിദേശത്തും തന്നെ  പ്രതിനിധീകരിക്കുകയെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നുണ്ട്.

നിലവിലെ ഹുറിയത് നേതാക്കളുടെ വാക്കുകളിലെ പൊള്ളത്തരം മനസ്സിലാക്കിയതാകാം ഗീലാനിയുടെ പിൻവാങ്ങലിനു കാരണമെന്ന് കേന്ദസർക്കാരിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കശ്മീരിനെ വിഘടിപ്പിക്കാമെന്നു വാഗ്ദാനം ചെയ്ത് അഴിമതിയും മറ്റും സ്വന്തം ലാഭത്തിനു നടത്തുന്ന നേതാക്കളെ ഗീലാനി തിരിച്ചറിഞ്ഞിരിക്കാം. മാത്രമല്ല, പാക്കിസ്ഥാൻ തങ്ങളുടെ അജൻഡ നടപ്പാക്കാൻ ഗീലാനിയെ ഉപയോഗിക്കുകയാണെന്ന തിരിച്ചറിവും അദ്ദേഹത്തിനു വന്നിരിക്കാമെന്നും ഈ ഉദ്യോഗസ്ഥൻ പറയുന്നു. സമാനമായി നിരവധിപ്പേർ ഇനിയും രാജിവച്ചേക്കാമെന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു.

‘പ്രായാധിക്യവും ഹുറിയത്തിലെ അഷ്റഫ് സെഹ്റായ് ഉൾപ്പെടെയുള്ള മറ്റുനേതാക്കളുമായുള്ള അഭിപ്രായവ്യത്യാസവും ആയിരിക്കാം ഗീലാനിയെക്കൊണ്ട് ഇത്തരമൊരു നീക്കത്തിലെത്തിച്ചത്. എൻഐഎ ഗീലാനിയുടെ മക്കളെക്കുറിച്ച് അന്വേഷിക്കുകയുമാണ്’ – ജമ്മു കശ്മീർ മുൻ ഡിജിപി എസ്.പി. വൈദ് പറയുന്നു. ഐഎസ്ഐയുമായി ഗീലാനി തെറ്റിയെന്നും കേൾക്കുന്നു. ഓഗസ്റ്റ് 5ലെ കേന്ദ്ര നടപടിക്കുശേഷം കശ്മീരിൽ കടുത്ത സംഘർഷം ഉയർത്തണമെന്ന ഐഎസ്ഐയുടെ ആവശ്യം വന്നെങ്കിലും യാതൊന്നും സംഭവിച്ചില്ല. അതിനാൽ കുറച്ചുകൂടി ചെറുപ്പവും ഊർജസ്വലതയുമുള്ള, തങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കിത്തരുന്നയാൾ വേണമെന്നായിരിക്കാം ഐഎസ്ഐയുടെ ആവശ്യം. യഥാർഥ കാരണം ഗീലാനിക്കുമാത്രമേ അറിയാവൂയെന്നും വൈദ് കൂട്ടിച്ചേർത്തു.

Source: Various Publications, Media Reports and Research