ലോക്ഡൗണിന് ശേഷം വർക്ക് ഫ്രം ഹോം ഒരു സ്ഥിരം സംവിധാമാകുമോ?

Work from Home @ Life Matters

ലോകമാകെ അതിവേഗം പടർന്ന് പിടിച്ച കൊവിഡ് മഹാമാരിയെ തുടർന്ന് പ്രചാരത്തിലായ തൊഴിൽ രീതിയാണ് വർക് ഫ്രം ഹോം. വീട്ടിലിരുന്ന് കമ്പ്യൂട്ടർ സഹായത്തോടെ ജോലി ചെയ്യുന്ന ഈ രീതി ഇക്കാലയളവിൽ കുറച്ചൊന്നുമല്ല സഹായിച്ചത്. എന്നാൽ ഇപ്പോൾ പല രാജ്യങ്ങളും കൊവിഡ് ലോക്ഡൗൺ നിയമങ്ങൾ ലഘൂകരിച്ച് തുടങ്ങിയ ഈ സാഹചര്യത്തിലും ഈ തൊഴിൽ രീതി തുടർന്നങ്ങോട്ടും നിലനിൽക്കുമോ എന്നുള്ളതാണ് ചോദ്യമുയരുന്നത്. 

ഗ്ളോബൽ വർക്ക്പ്ളേസ് അനലിറ്റിക്സ് എന്ന ഗവേഷണ സ്ഥാപന പ്രസിഡന്റായ കേറ്റ് ലിസ്റ്റർ ഇതുസംബന്ധിച്ച് ഒരു പഠനം നടത്തുകയും റിപ്പോർട്ട് തയ്യാറാക്കുകയുംം ചെയ്തിരുന്നു. കൊവിഡ്-19 രോഗബാധക്ക് വാക്സിൻ കണ്ടെത്താൻ സാധിക്കാത്ത സ്ഥിതിക്ക് ആളുകൾ നിറഞ്ഞ ഓഫീസ് അന്തരീക്ഷത്തിലേക്ക് നിലവിൽ വീട്ടിലിരുന്ന് ജോലി നോക്കുന്നവർ പോകാൻ ആകുലപ്പെടുകയാണെന്നുള്ളതാണ് വസ്തുത. നിലവിലെ സ്ഥിതി തുടരാനാണ് ഇവരിൽ ഭൂരിഭാഗം പേരും ഇഷ്ടപ്പെടുകയെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.  നേരിട്ട് ഉന്നത മേൽനോട്ടമില്ലാതെ തന്നെ ഗൃഹാന്തരീക്ഷത്തിൽ ജോലിക്കാർ നന്നായി ജോലി ചെയ്യുന്നുണ്ടെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

ഗ്ളോബൽ വ‌ർക്പ്ളേസ് അനലിറ്റിക്സിന്റെ കണക്കനുസരിച്ച് മൂന്ന് കോടി ജനങ്ങൾ വരെ വരുന്ന രണ്ട് കൊല്ലത്തിൽ അമേരിക്കയിൽ ഈ ജോലി സംവിധാനത്തിലേക്ക് മാറുമെന്നാണ് റിപ്പോർട്ടുകൾ. 

ലെനോവോ ഇന്ത്യയുടെ സിഇഒയും എംഡിയുമായ രാഹുൽ അഗർവാൾ ഈ ജോലി സമ്പ്രദായം ലോക്ഡൗൺ കാലത്തിന് മുൻപ് തന്നെ പ്രാവർത്തികമായതാണ് എന്നഭിപ്രായപ്പെടുന്നു. ലോക്ഡൗണിന് ശേഷം ഇതാകും പുതിയ പതിവ്. ടാറ്റ കൺസൾട്ടൻസി സർവ്വീസ് (TCS) എക്സിക്യൂട്ടീവ് ഡയറക്ടറായ എൻ ഗണപതി സുബ്രഹ്മണ്യം 2025ഓടെ 75 ശതമാനം ജീവനക്കാരും ഇത്തരത്തിലാകും ജോലി നോക്കുക എന്ന് അറിയിക്കുന്നു. 25 ശതമാനം ഓഫീസിലും. എന്നാൽ 100 ശതമാനം ഉത്പാദനക്ഷമതയും നിലനിർത്തും.ടെക് മഹേന്ദ്ര എംഡിയും സിഇഒയുമായ സി.പി.ഗുർനാനി 25 ശതമാനം തൊഴിലാളികളും വർക് ഫ്രം ഹോം സംവിധാനത്തിലേക്ക് നീങ്ങുന്ന തരം തൊഴിൽ സംസ്കാരത്തിലേക്ക് മാറുമെന്ന് അറിയിച്ച് കഴിഞ്ഞു.

ഇത്തരത്തിൽ കൂടുതൽ ജനങ്ങളും വീട്ടിലിരുന്നുള്ള ജോലി സംസ്കാരത്തിലേക്ക് മാറുന്നതോടെ പ്രകൃതിയും ആശ്വസിക്കുമെന്നാണ് കണക്ക് കൂട്ടൽ. മുഖ്യ നഗരങ്ങളിൽ മാലിന്യ നിരക്ക് ഇപ്പോൾ കുത്തനെ കുറഞ്ഞതായി കാണാനാകും. പ്രകൃതിക്ക് ദോഷമുണ്ടാകുന്ന വാതകങ്ങളുടെ അളവ് കുറവും ഇത്തരം തൊഴിൽ സംസ്കാരത്തിന്റെ ഗുണമായി കണക്കാക്കുന്നുണ്ടെന്നുള്ളതാണ് മറ്റൊരു വസ്തുത.