What is Kesavananda Bharati Case?

എന്താണ് കേശവാനന്ദ ഭാരതി കേസ് ?

സമാധിയായ സ്വാമി കേശവാനന്ദ ഭാരതി മൗലികാവകാശ സംരക്ഷണത്തിനായി നടത്തിയ അസാധാരണവും സുപ്രധാനവുമായ കേസിനെക്കുറിച്ച്.

സ്വാമി കേശവാനന്ദ ഭാരതി സമാധിയായെങ്കിലും ഇന്ത്യയില്‍ ഭരണഘടനയും നിയമവ്യവസ്ഥയും നിലനില്‍ക്കുന്നിടത്തോളം കാലം കോടതി മുറികളില്‍ കേശവാനന്ദ ഭാരതി ജീവിച്ച് കൊണ്ടേയിരിക്കും. 

സ്വാമി കേശവനന്ദ ഭാരതിയുടെ നിര്യാണത്തിൽ എല്ലാ മേഖലകളിലുമുള്ള ആളുകൾ അനുശോചനം രേഖപ്പെടുത്തി.  പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് വരെ അധികാരത്തിലിരുന്ന നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു.

ഇന്ത്യയിലെ ഭരണഘടനാ നിയമശാസ്ത്രത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായ ഒരു കേസുമായി ബന്ധപ്പെട്ടാണ് സ്വാമി കേശവനന്ദ ഭാരതിയെ ബഹുഭൂരിപക്ഷം ആളുകളും ഓർമ്മിക്കുന്നത്.

ഒരു ഭൂപ്രശ്നത്തെക്കുറിച്ച് സ്വാമിജി വളരെ അടിസ്ഥാന പരമായ ഒരു കേസാണ് ഫയൽ ചെയ്തിരുന്നത്. പക്ഷേ അതിന് പിന്നീട് കല്പിക്കപ്പെട്ട പ്രാധാന്യത്തെക്കുറിച്ച് കേസ് കൊടുക്കുന്ന സമയം അദ്ദേഹത്തിന്  തന്നെ വലിയ അറിവില്ലായിരുന്നു എന്നു വേണം കരുതാൻ.

കാസർഗോഡിന് സമീപമുള്ള എടനീർ മഠത്തിന്റെ സ്വത്തുക്കൾ ഭൂപരിഷകരണ നിയമ പ്രകാരം കേരള സർക്കാർ ഏറ്റെടുത്തതായിരുന്നു കേസിന്റെ തുടക്കം. മഠാധിപതിയായിരുന്ന സ്വാമി കേശവാനന്ദഭാരതി ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയും ഭൂപരിഷ്കരണ നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടൊപ്പം മതസ്വാതന്ത്ര്യത്തിനും മതസ്ഥാപനങ്ങൾ നടത്തുന്നതിനുമുള്ള അവകാശം, തുല്യതയ്കുള്ള അവകാശം, സമത്വത്തിനുള്ള അവകാശം, സ്വത്തവകാശം തുടങ്ങിയ തന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കണമെന്ന പരാതികളും 1970 മാർച്ച് 21 ന് സമർപ്പിച്ച ഈ റിട്ട്ഹർജിയിൽ (റിട്ട് ഹർ‍‍‍ജി നം. 1970 ൽ 135) കേശവാനന്ദഭാരതി ഉയർത്തിയിരുന്നു. തളിപ്പറമ്പിനടുത്ത തൃച്ചംബരത്ത് ജനിച്ച സ്വാമി കേശവാനന്ദഭാരതിക്ക് സുപ്രീം കോടതിയിൽ കേസ് കൊടുത്ത 1971-ൽ 30 വയസ്സായിരുന്നു പ്രായം.

പക്ഷേ ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരത്തിന്റെ വ്യാപ്തി പോലെ വലിയൊരു പ്രശ്‌നമായി ഈ കേസ് മാറും എന്ന് ആരും പ്രതീക്ഷിച്ചിരിക്കില്ല.

ഈ കേസിൽ കോടതിയുടെ വിധി  ഒരു ജുഡീഷ്യൽ നവീകരണത്തിന് ജന്മം നൽകി. അത് ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരത്തിന് ഒരു പരിധി നിശ്ചയിച്ച ‘അടിസ്ഥാന ഘടന സിദ്ധാന്തം’ എന്നറിയപ്പെടുന്നു.

ഭരണഘടന പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ വെട്ടിക്കുറയ്ക്കാൻ പാർലമെന്റിന് കഴിയില്ലെന്ന് സുപ്രീം കോടതി നേരത്തെ ഗോലക് നാഥും പഞ്ചാബ് സ്റ്റേറ്റും തമ്മിലുള്ള ഒരു കേസിൽ വിധിപ്രസ്താവിച്ചിരുന്നു.

സ്വാമി കേശവനന്ദ ഭാരതി നൽകിയ കേസിന്റെ വിധി പ്രസ്താവിച്ച 13 അംഗ ഭരണഘടനാ ബെഞ്ചിന്റെ രൂപികരണ സമയം തന്നെ വിരുദ്ധ ചേരികൾ തമ്മിൽ ഉണ്ടായ ഭിന്നിപ്പുകൾ ബെഞ്ചിന്റെ ഘടനയിൽ പ്രതിഫലിച്ചതായും ആരോപണമുണ്ട്.

ഒരു വശത്ത്, ചീഫ് ജസ്റ്റിസ് എസ് എം സിക്രി ഉൾപ്പെടെയുള്ള ഗോലക് നാഥ് കേസ് കേട്ടവരും പാർലമെന്റിന്റെ ഭരണഘടനാ ഭേദഗതി ചെയ്യാനുള്ള അധികാരത്തെക്കുറിച്ച് മുൻപ് തീരുമാനമെടുത്തവരുമായ ജഡ്ജിമാർ ഉണ്ടായിരുന്നു. അതേ സമയം അന്നത്തെ ഇന്ദിരാഗാന്ധി സർക്കാർ വിധി തങ്ങൾക്ക് അനുകൂലമാക്കുന്നതിനു വേണ്ടി ഈ ബെഞ്ചിൽ അവർക്ക് പ്രിയപെട്ടവരായ ജഡ്ജിമാരെ കടുതൽ ഉൾപ്പെടുത്തി എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

ഭരണഘടനയിൽ മാറ്റം വരുത്താൻ പാർലമെന്റിന് പരിധിയില്ലാത്ത അധികാരം നൽകിയ ഇന്ദിരാഗാന്ധി സർക്കാർ അവതരിപ്പിച്ച നിരവധി ഭരണഘടനാ ഭേദഗതികളെ ചോദ്യം ചെയ്ത മുതിർന്ന അഭിഭാഷകൻ നാനി പാൽഖിവാല ആയിരുന്നു സ്വാമിജിക്കു വേണ്ടി കോടതിയിൽ ഹാജരായത്.

കേസിൽ സ്വാമിജിക്ക് വിജയിക്കാൻ സാധിച്ചില്ലെങ്കിലും സുപ്രീം കോടതിയുടെ ചരിത്രപരമായ ആ വിധിയിലൂടെ കേസ് വളരെ പ്രശസ്തമായി. 68 ദിവസങ്ങൾ നീണ്ടു നിന്ന വാദങ്ങൾക്ക് ശേഷം പ്രസ്താവിച്ച വിധിയുടെ ഉള്ളടക്കം ഇതായിരുന്നു:

പൊതു ആവശ്യങ്ങൾക്കുവേണ്ടി ഭരണഘടനയുടെ ഭാഗം നാലിൽ പറയുന്ന നിർദ്ദേശക തത്ത്വങ്ങളുടെ നടപ്പാക്കലിനായും രാഷ്ട്രത്തിന് സ്വത്തവകാശം എന്ന മൗലികാവകാശത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് കോടതി വിധിച്ചു. അതേസമയം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളായ, ജനാധിപത്യം, ഫെഡറൽ സ്വഭാവം തുടങ്ങിയവയിൽ മാറ്റം വരുത്താനുള്ള അധികാരം പാർലമെന്റിന് ഇല്ലെന്നും കണ്ടെത്തി. 

കേസിന്റെ പ്രാധാന്യം എന്താണെന്ന് നോക്കാം:
മുഖ്യമായും കോടതിയുടെ പരിഗണനയ്ക്കു പാത്രീഭവിച്ച കാതലായ വിഷയം ഭരണഘടന ഭേദഗതി ചെയ്യുന്നതിനു അനിയന്ത്രിതവും അപരിമേയവുമായ അധികാരം പാർലമെന്റിൽ സ്വയമേവ നിക്ഷിപ്തമാണോ എന്നതായിരുന്നു. പാർലമെന്റ് ഭരണഘടനയുടെ തന്നെ ഒരു സൃഷ്ടിയായതിനാൽ ഭരണഘടനയുടെ മൗലികമായ ഘടനയെ മാറ്റിമറിയ്ക്കുന്നതിന് അതിന് സ്വാഭാവികമായ പരിമിതിയും വിലക്കും പരോക്ഷമായി നിലനിൽക്കുന്നു എന്ന വാദം ഈ കേസിൽ ഉയർത്തപ്പെട്ടു. ജനങ്ങൾ എന്നതിനു തുല്യമാക്കാവുന്ന ഒന്നല്ല പാർലമെന്റെന്നും ജനങ്ങളുടെ അഭീഷ്ടത്തെ പദാനുപദത്തിൽ പാർലമെന്റ് പ്രതിനിധാനം ചെയ്യുന്നില്ല എന്ന വാദവും ഉയർത്തപ്പെട്ടു.

ഈ കേസിൽ ഭരണഘടനയെക്കുറിച്ച് അഡ്വ. നാനി പാൽഖി വാലാ ഉന്നയിച്ച ചില വാദമുഖങ്ങൾ ഇവയാണ്.

ഭരണഘടനയുടെ അധീശത്വം

ഭാരതത്തിന്റെ പരമാധികാരം

ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും,ജനാധിപത്യവും

റിപ്പബ്ളിക് എന്ന നിലയിലുള്ള ഭരണകൂടം

ഭരണഘടനയുടെ പാർട്ട് മൂന്നിൽ പ്രസ്താവിക്കുന്ന മൗലിക അവകാശങ്ങൾ

മതേതരമായ കാഴ്ചപ്പാട്

സർവ്വ സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ

കേന്ദ്രീകരണവും വികേന്ദ്രീകരണവും ഒത്തുചേർന്ന ഭരണ സമ്പ്രദായം

ജുഡീഷ്യറിയും, എക്സിക്യൂട്ടിവും, നിയമനിർമ്മാണ സഭയും തമ്മിലുള്ള സമതുലിതാവസ്ഥ

ഭരണഘടനയുടെ അടിസ്ഥാന, സവിശേഷ മൂല്യങ്ങളെ നിരാകരിക്കാതെയുള്ള ഭേദഗതികൾ.

കേരളാ സർക്കാരിനു വേണ്ടി ഹാജരായത് പ്രമുഖ അഭിഭാഷകനും ഭരണഘടനാ വിദഗ്ദ്ധനുമായ അഡ്വ. എച്ച്. എം. സീർവായ് ആയിരുന്നു. അദ്ദേഹമുന്നയിച്ച പ്രധാനവാദമുഖങ്ങളിൽ ചിലത് താഴെപ്പറയുന്നവയാണ്:

ജനപ്രതിനിധികൾ അധികാരം ദുർവിനിയോഗം ചെയ്യുമെന്ന മുൻവിധി ന്യായീകരിയ്ക്കത്തക്കതല്ല.

ജുഡീഷ്യറിയും, എക്സിക്യൂട്ടിവും, നിയമനിർമ്മാണ സഭയും യോജിച്ചുള്ളതാ‌ണ് സർക്കാരിന്റെ പ്രവർത്തനം

ഭരണഘടനയുടെ ആമുഖവും ഭേദഗതി ചെയ്യപ്പെടാം

മൗലികാവകാശങ്ങൾ സ്വാഭാവികമായി മനുഷ്യാവകാശമോ, ജന്മസിദ്ധമോ അല്ല, മറിച്ച് സാമൂഹ്യ അവകാശങ്ങൾ മാത്രമാണ്. അവ കാലാകാലങ്ങളിൽ മാറ്റപ്പെടാം

ജുഡീഷ്യറി ഒരു ഭേദഗതിയെ ഭരണഘടനാവിരുദ്ധമെന്നു പ്രഖ്യാപിച്ചാൽ അതുമൂലമുണ്ടായ സന്കീർണ്ണതയെ പാർലമെന്റിനു നിയമനിർമ്മാണം കൊണ്ട് മറികടക്കാം .

ആർട്ടിക്കിൾ 368 ഭേദഗതിയെക്കുറിച്ച് പരാമർശിയ്ക്കുന്നതിനാൽ ഏതു വകുപ്പുകളും മൗലികാവകാശങ്ങൾ ഉൾപ്പെടെ ഭേദഗതിയ്ക്കു വിധേയമാക്കാവുന്നതാണ്.

ഇത്തരത്തിൽ ജനാധിപത്യമൂല്യങ്ങളെ സംരക്ഷിക്കുന്ന ഒരു വിധിയിലൂടെ  സ്വതന്ത്ര ഭാരതത്തിലെ സുപ്രധാനമായ ഒരു ഭരണഘടനാ കേസ് ആണ് കേശവാനന്ദഭാരതി Vs സ്റ്റേറ്റ് ഓഫ് കേരള.