Sabarimala Master Plan – Proposals
ശബരിമലയിൽ, പ്രത്യേകിച്ച് സന്നിധാനത്തും പമ്പയിലും, ക്ഷേത്ര ചൈതന്യം പരമപ്രധാനമായി കണ്ടുകൊണ്ട് ശബരിമല ക്ഷേത്രവും തീർത്ഥാടനവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങൾക്കും തീർത്ഥാടനത്തിനും ഭക്തജന ക്ഷേമത്തിനും പരിസ്ഥിതിക്കും സുരക്ഷയ്ക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു വികസന പദ്ധതിയാണ് നടപ്പാക്കേണ്ടത്. വികസനത്തിന്റെ പേരിൽ കാലാകാലങ്ങളായി നടത്തിവന്ന ആശാസ്ത്രീയവും വികലവുമായ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇന്ന് ശബരിമലയിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന പല പ്രശ്നങ്ങൾക്കും കാരണം. അധികരിച്ചുവരുന്ന തീർത്ഥാടകരുടെ സംഖ്യ മുന്നിൽ കണ്ടുകൊണ്ട് വേണ്ട സൌകര്യം ഒരുക്കുന്നതോടൊപ്പം കടുവ സംരക്ഷണ വന മേഖലയിൽപ്പെടുന്ന പൂങ്കാവനത്തിന്റെ പാരിസ്ഥിക സംരക്ഷണവും പരമപ്രധാനം തന്നെയാണ്.

ശബരിമലയിൽ നടപ്പാക്കിയ പ്രധാന അടിസ്ഥാന വികസന പ്രവർത്തനങ്ങൾ:
1960-70:
- 60 ഏക്കർ (സന്നിധാനത്ത് 50 ഏക്കറും പമ്പയിൽ 10 ഏക്കറും) 1962-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടിഡിബി). പാട്ടത്തിനെടുത്തു.
- തീർഥാടകർ കൂടുതലും കേരളത്തിൽ നിന്നുള്ളവരായിരുന്നതിനാൽ 1960-കളുടെ തുടക്കം വരെ പമ്പയിലോ സന്നിധാനത്തോ അടിസ്ഥാന സൗകര്യങ്ങളൊന്നും ആവശ്യമായി വന്നില്ല.
- 1950-ൽ ക്ഷേത്രം കത്തിച്ചതിനെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ തീർഥാടകരുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധനവുണ്ടായി.
- ചെമ്പ് പൂശിയ മേൽക്കൂരയുള്ള ശ്രീകോവിലും, മുകളിൽ സ്വർണ്ണ താഴികക്കുടവും, രണ്ട് മണ്ഡപങ്ങളും, ബലിക്കൽപുരയും, കൊടിമരം തുടങ്ങി സമഗ്രമായി ക്ഷേത്രം പുനരനിർമ്മിച്ചു.
- 60 കളുടെ അവസാനത്തിൽ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ചിത്രീകരിച്ച സ്വാമി അയ്യപ്പനെക്കുറിച്ചുള്ള സിനിമയിലൂടെ ക്ഷേത്രം കൂടുതൽ ജനപ്രീതി നേടി.
- ഈ സിനിമയുടെ നിർമ്മാണ സമയത്താണ് സ്വാമി അയ്യപ്പൻ റോഡ് നിർമ്മിച്ചതും, ഒടുവിൽ നിർമ്മാണ സാമഗ്രികളും മറ്റ് വസ്തുക്കളും കൊണ്ടുപോകുന്നതിനുള്ള വഴിയായി മാറുന്നതും.
- മൂഴിയാർ പവർ പ്രോജക്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് പമ്പ വരെ പൂർണ്ണമായി വാഹന പ്രവേശനം സാധ്യമാകുന്ന തരത്തിൽ റോഡ് നിർമ്മിക്കപ്പെട്ടു.
1970-80:
- ശബരിമല മേഖല ഉൾപ്പെടുത്തി പത്തനംതിട്ട ജില്ല രൂപീകരിച്ചു.
- പമ്പ മുതൽ സന്നിധാനം വരെയുള്ള നടപ്പാതയിൽ വാണിജ്യപരമായ വികസനം നടന്നു.
1980-90:
- 80 കളിലും 90 കളിലും പാട്ടത്തിനെടുത്ത സ്ഥലത്ത് വലിയ തോതിലുള്ള നിർമ്മാണങ്ങൾ നടന്നു.
- 1984 ൽ സന്നിധാനത്തേക്കുള്ള ജലവിതരണ പദ്ധതി കമ്മീഷൻ ചെയ്തു.
- 1985-ൽ പതിനെട്ടാംപടി പഞ്ചലോഹത്തിന്റെ കട്ടിയുള്ള ഫലകങ്ങൾ കൊണ്ട് പൊതിഞ്ഞു.
1990–2000:
- സ്വകാര്യ പങ്കാളിത്തത്തിലൂടെ ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ബിഒടി) അടിസ്ഥാനത്തിൽ 1996ൽ അപ്പം അരവണ കോംപ്ലക്‌സിന്റെ നിർമ്മാണം ആരംഭിച്ചു.
- അയ്യപ്പ ഭക്തരായ ദാതാക്കളുടേതായി ആറ് നിലകളുള്ള രണ്ട് കെട്ടിടങ്ങൾ നിർമ്മിച്ചു.
- ജലവിതരണം വർദ്ധിപ്പിച്ചു.
2000-2010:
- പമ്പയിൽ 66 കെവി സബ്‌സ്റ്റേഷൻ ആദ്യം 1996 ൽ വിഭാവനം ചെയ്യുകയും, അത് ഒടുവിൽ 2006-ൽ സ്ഥാപിച്ച് പ്രവർത്തനക്ഷമമാക്കുകയും ചെയ്തു.
- 2001 നവംബറിൽ ചെറിയാനവട്ടത്ത് മലിനജല സംസ്കരണ പ്ലാന്റും, ഇൻസിനറേറ്ററും സ്ഥാപിച്ചു.
- 2001ൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ 12 ഓക്‌സിജൻ പാർലറുകൾ, ചെന്നൈ ആസ്ഥാനമായുള്ള അപ്പോളോ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലുകളുടെ സഹായത്തോടെ കാർഡിയാക് കെയർ സൌകര്യങ്ങളും, നീലിമലയിൽ കാർഡിയോളജി യൂണിറ്റും സ്ഥാപിച്ചു.
- സന്നിധാനത്തേക്കുള്ള എല്ലാ തീർത്ഥാടന പാതകളും 2000 വരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ് പരിപാലിക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നത്. എന്നാൽ 2000-ൽ OP നമ്പർ 15586/2000 ൽ ഉണ്ടായ ഹൈക്കോടതി വിധിയെ തുടർന്ന് എരുമേലിയിൽ നിന്ന് പമ്പയിലേക്കും, സത്രം/ഉപ്പുപാറയിൽ നിന്ന് സന്നിധാനത്തേക്കുമുള്ള കാനന പാതകളുടെ പരിപാലനവും നിയന്ത്രണവും വനം വകുപ്പിന്റെ കീഴിലാക്കുകയും ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികൾ (ഇഡിസി) വഴി അത് നടപ്പാക്കുകയും ചെയ്തുപോരുന്നു.
- 2005 ൽ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം സന്നിധാനത്ത് വികസനത്തിനായി 12.675 ഹെക്ടർ വനഭൂമിയും, നിലയ്ക്കലിൽ 110 ഹെക്ടർ വനഭൂമിയും (കടുവ സംരക്ഷണ മേഖലയ്ക്ക് പുറത്ത്) ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകർക്ക് ബേസ് ക്യാമ്പ് സൗകര്യം ഏർപ്പെടുത്തുന്നതിനായും അനുവദിച്ചു.
- 2006 ൽ ഇൻഡ്യൻ യങ് ലോയേർസ് അസ്സോസിയേഷൻ പ്രധാനമായും ശബരിമലയിൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചുകൊണ്ട് സുപ്രീം കോടതിയിൽ കൊടുത്ത കേസും അതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളും ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു പ്രധാന വിഷയമാണ്.
2010-20:
- ശബരിമലയുടെ വികസനത്തിനായി 2015 ൽ “സ്വദേശി ദർശൻ” പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ 100 കോടി രൂപ അനുവദിച്ചതിൽ 80 കോടി രൂപ ഇതുവരെ ഉപയോഗിക്കാതെ കിടക്കുകയാണ്. വരുന്ന ഡിസംബർ 31 ന് മുമ്പ് ഇത് ഉപയോഗിച്ചില്ലെങ്കിൽ നഷ്ടപ്പെടുകയും ചെയ്യും. ഇതിൽ ആദ്യ ഗഡുവായി നല്കിയ 20 കോടിയിൽ നിന്നും 14.45 കോടി ഉപയോഗിച്ച് പമ്പ നീലിമല പാതയിൽ കല്ലുകൾ പാകിയതിൽ തന്നെ പല പോരായ്മകളും സംഭവിച്ചിട്ടുണ്ട്. കുടിവെള്ള കയോസ്കുകൾ നിർമ്മിക്കാനും പമ്പയിൽ സ്നാന ഘാട് നിർമ്മിക്കാനും അനുവദിച്ച 4.5 കോടി രൂപയിൽ ഇതുവരെ സ്നാന ഘാട്ടിന്റെ പണി മാത്രമേ പൂർത്തീകരിച്ചിട്ടുള്ളൂ.
- കേന്ദ്ര സഹായത്തിനായി സമർപ്പിച്ച പദ്ധതികൾക്ക് തുക അനുവദിച്ചിട്ടും അത് നടപ്പാക്കുന്നതിൽ ദേവസ്വം ബോർഡും ഉന്നതാധികാര സമിതിയും ഒരു നടപടിയും സ്വീകരിക്കാത്തതുമൂലം ഇപ്പോൾ നടപ്പാക്കാമായിരുന്ന വികസന പ്രവർത്തനങ്ങൾ നിലച്ചുപോയിരിക്കുകയാണ്.
മാസ്റ്റർ പ്ലാനുകളുടെ ചരിത്രം:
ഹിന്ദു ഐക്യവേദി അദ്ധ്യക്ഷൻ സ്വാമി സത്യാനന്ദ സരസ്വതി, പന്തളം കൊട്ടാരം ന്നിർവ്വാഹക സമിതി അദ്ധ്യക്ഷൻ പി രാമവർമ്മ രാജ, വിശ്വഹിന്ദു പരിഷത്ത് സംഘടനാ സെക്രട്ടറി കുമ്മനം രാജശേഖരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ തന്ത്രിമാർ, ജ്യോതിഷികൾ, സന്യാസിമാർ, പരിസ്ഥിതി ശാസ്ത്രജ്ഞർ, സാമൂഹ്യശാസ്ത്രജ്ഞർ, വിവിധ ഹൈന്ദവ സംഘടനാ നേതാക്കൾ തുടങ്ങി 98 പ്രമുഖർ 1995 നവംബർ 1 ന് പന്തളത്ത് യോഗം ചേർന്ന് തയ്യാറാക്കുകയും, ഡിസംബർ 23 ന് അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിക്ക് സമർപ്പിക്കുകയും ചെയ്ത ശബരിമലയുടെ സമഗ്ര വികസനത്തിനും ചുറ്റുപാടുമുള്ള വനപ്രദേശം സംരക്ഷിക്കുന്നതിനുമായുള്ള ഹരിവരാസനം പദ്ധതി റിപ്പോർട്ടാണ് മാസ്റ്റർ പ്ലാൻ എന്ന ഗണത്തിൽ പെടുത്താവുന്ന ആദ്യത്തെ സംരംഭം.
പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും ശബരിമലയുമായി ബന്ധപ്പെട്ടവരും സുപ്രീം കോടതിയും മറ്റും സമഗ്രമായ ഒരു മാസ്റ്റർ പ്ലാനിന്റെ ആവശ്യകത തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിയോഗിച്ച IL&FS ഇക്കോസ്മാർട്ട് ലിമിറ്റഡ് (Ecosmart) 2005ൽ തയാറാക്കിയ “ശബരിമല മാസ്റ്റർ പ്ലാനിന്റെ രൂപരേഖ” യാണ് രണ്ടാമത്തേത്.
ഇത്തരത്തിൽ തയ്യാറാക്കപ്പെട്ട സമഗ്രമായ വികസന ആശയ രൂപരേഖകൾ ഇന്നും വേണ്ട പരിഗണന ലഭിക്കാതെ സർക്കാരിന്റെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. 2005 മാർച്ച് 24-ന് സമർപ്പിക്കുകയും , 2005 മെയ് 9ന് സർക്കാർ അംഗീകരിക്കുകയും ചെയ്ത ഇക്കോസ്മാര്ട്ട് രൂപരേഖ അതിന്റെ ഒന്നാം ഘട്ടത്തിന്റെ ചില നടപടികൾ സ്വീകരിച്ചതൊഴിച്ചാൽ ഇന്നും ചർച്ചകളിൽ ഒതുങ്ങി നിൽക്കുന്നു എന്നു മാത്രമല്ല, കാലവിളംബം കൊണ്ട് കാലഹരണപ്പെട്ടുപോകുകയും ചെയ്തിട്ടുണ്ട്. കേരള നിയമസഭയിൽ പല വർഷങ്ങളിലെ ബജറ്റുകളിൽ മാസ്റ്റർ പ്ലാൻ നടപ്പാക്കാനായി പ്രഖ്യാപിച്ച ചെറിയ തുകകൾ പോലും വേണ്ടവണ്ണം ഉപയോഗപ്പെടുത്തിയിട്ടില്ല. ഇക്കോസ്മാർട് മാസ്റ്റർ പ്ലാനിന്റെ ഒന്നാം ഘട്ട നടപടികളുടെ ഭാഗമായി ആരംഭിച്ച പദ്ധതികൾ പാതിവഴി എത്തിനില്ക്കുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്.
ദശാബ്ദങ്ങൾ പഴക്കമുള്ള ഈ രൂപരേഖകൾ കാലനുസൃതമായ മാറ്റങ്ങൾക്ക് വിധേയമാക്കി വേണം ഇനിയും നടപ്പാക്കാൻ. വർദ്ധിച്ചുവരുന്ന ഭക്തജനത്തിരക്ക്, വർദ്ധിച്ചുവരുന്ന സുരക്ഷാഭീഷണി, കോവിഡ് പോലെയുള്ള അതിതീവ്ര സാംക്രമിക രോഗങ്ങളുടെ ആവിർഭാവം, കോവിഡ് ബാധിച്ചവർ നേരിടുന്ന കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ, ജീവിത സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങൾ, സാങ്കേതിക വിദ്യകളിൽ ഉണ്ടായിട്ടുള്ള പുരോഗതി തുടങ്ങിയവ കണക്കാക്കി നൂതനമായ ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ചുരുങ്ങിയത് വരാൻപോകുന്ന അൻപത് വർഷങ്ങളെങ്കിലും മുന്നിൽ കണ്ടുകൊണ്ട് വേണം ശബരിമല വികസനത്തിനുള്ള രൂപരേഖകൾ തയ്യാറാക്കാനും നടപ്പാക്കാനും. പക്ഷെ കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഇതൊന്നും പരിഗണിക്കാതെയാണ് പല പദ്ധതികളും നടപ്പാക്കാൻ ശ്രമിക്കുന്നത്.
2007-ൽ ആരംഭിച്ച മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോയിട്ടില്ല എന്നും ശബരിമല മാസ്റ്റർ പ്ലാനിന് മേൽനോട്ടം വഹിക്കുന്ന ഉന്നതാധികാര സമിതിയുടെ പ്രവർത്തനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ 2022 ജൂലൈ 4 ന് നിയമസഭയെ അറിയിച്ചതുതന്നെ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള പ്രവർത്തനം എത്ര കാര്യക്ഷമമായാണ് നടക്കുന്നത് എന്നതിന്റെ സൂചനയാണ്. ഈ ഒരു പശ്ചാത്തലത്തിൽ ശബരിമല വികസനത്തെ സംബന്ധിച്ച് സമൂഹത്തിൽ ഒരു ചർച്ച തുടങ്ങിവെയ്ക്കുകയും, എത്രയും വേഗം യുക്തമായ ഒരു പദ്ധതി നടപ്പാക്കുകയും ചെയ്യുന്നതിനുവേണ്ടി ചില ആശയങ്ങൾ പങ്കുവെക്കാനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.
സന്നിധാനം:
കലിയുഗ വരദനായ സ്വാമി അയ്യപ്പന്റെ സൌകര്യപ്രദമായ ദർശനം സാധ്യമാകുന്ന തീർഥാടകരുടെ പരമാവധി സംഖ്യയാണ് ശബരിമല സന്നിധാനത്ത് ആവശ്യമായ സൗകര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള അടിസ്ഥാനം. ഒരു ദിവസം ആകെ 15 മണിക്കൂർ ക്ഷേത്രം തുറന്നിരിക്കും എന്നും ശ്രീകോവിലിന് മുന്നിൽ മൂന്ന് വരികളിലായി കുറഞ്ഞത് 1.5 സെക്കൻഡ് നേരത്തേക്ക് ദർശനം നടത്താൻ കഴിയും എന്നും കണക്കാക്കിയാൽ ആകെ ഏകദേശം ഒരു ലക്ഷം ഭക്തർക്കാണ് ഒരു ദിവസം ദർശനം നടത്താൻ സാധിക്കുക. ഇതിന്റെ അടിസ്ഥാനത്തിൽ ചില നിർദ്ദേശങ്ങൾ ചർച്ച ചെയ്യാം.
- ശബരിമല ക്ഷേത്രത്തിന് ചുറ്റുമുള്ള നിർമ്മാണങ്ങൾ പൊളിച്ചുമാറ്റി കിഴക്ക് ഭാഗത്ത് 250 മീറ്ററും മറ്റ് വശങ്ങളിൽ കുറഞ്ഞത് 100 മീറ്ററെങ്കിലും ചുറ്റിനും തുറസ്സായ സ്ഥലമായി മാറ്റണം. കൂടുതൽ വനഭൂമി അനുവദിച്ചു കിട്ടുന്ന മുറയ്ക്ക് ഈ ദൂര പരിധി വർദ്ധിപ്പിക്കണം.
- പതിനെട്ടാം പടിയ്ക്ക് മുകളിൽ ദീർഘമായ ക്യൂവും അനാവശ്യമായ കാത്തു നിൽപ്പും ഒഴിവാക്കണം.
- പതിനെട്ടാം പടി കയറിവരുന്ന ഭക്തർക്ക് വീണ്ടും കാത്തു നിൽക്കാതെ നേരിട്ട് ദർശനത്തിനുള്ള സൌകര്യം ഏർപ്പാടാക്കുകയും അവിടെ നടത്തേണ്ട വഴിപാടുകൾ സമർപ്പിച്ച് ഉടൻ തന്നെ താഴേയ്ക്ക് ഇറങ്ങാനായുള്ള സംവിധാനം ഒരുക്കുകയും വേണം.
- 100 മീറ്റർ പരിധിയിൽ പതിനെട്ടാം പടിയ്ക്ക് താഴെ ക്ഷേത്രത്തിന് ചുറ്റുമായി ഒരു മണിക്കൂർ മാത്രം ക്യു നിൽക്കേണ്ടിവരുന്ന തരത്തിൽ ക്യു കോംപ്ലക്സും ടോക്കൺ സമ്പ്രദായവും ഒരുക്കണം.
- ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിൽ കാണിക്കുന്ന ടോക്കൺ നമ്പർ ഉള്ളവരെ മാത്രം ക്യൂവിൽ പ്രവേശിപ്പിക്കുകയും മറ്റുള്ളവർക്ക് 100 മീറ്ററിനും 200 മീറ്ററിനും ഇടയിൽ വിശ്രമിക്കാനും വിരിവെക്കാനുമായി സ്ഥലം ഒരുക്കുകയും വേണം.
- 100 മീറ്ററിനും 200 മീറ്ററിനും ഇടയിൽ ശുദ്ധമായ കുടിവെള്ളവും അത്യാവശ്യ വൈദ്യസഹായം നാൽകാനുള്ള കയോസ്ക്കുകളും സ്ഥാപിക്കണം.
- 200 മീറ്ററിനും 250 മീറ്ററിനും ഇടയിൽ ക്ഷേത്രത്തിന് അഭിമുഖമായല്ലതെ പ്രസാദ വിതരണത്തിനുള്ള സ്റ്റാളുകളും അന്നദാന കേന്ദ്രങ്ങളും ലഘു ഭക്ഷണ ശാലകളും അത്യാവശ്യ സാമഗ്രികൾ വിൽക്കുന്ന കടകളും ക്ലിനിക്കുകളും ഓരോ വിഭാഗത്തിൽപ്പെട്ടവ പ്രത്യേകം പ്രത്യേകം ചത്വരമാതൃകയിൽ സ്ഥാപിക്കണം.
- പല വഴികളിൽക്കൂടി എത്തുന്ന അയ്യപ്പന്മാർക്ക് 250 മീറ്ററിന് പുറത്ത് ചുറ്റിനും സഞ്ചാരയോഗ്യമായ വഴിയും തിരക്ക് വർദ്ധിക്കുമ്പോൾ അകത്തേക്ക് പ്രവേശിക്കാനാകാതെ വരുമ്പോൾ ഉപയോഗിക്കാനായുള്ള കാത്തിരുപ്പ് കേന്ദ്രങ്ങളും, ദർശനത്തിനുള്ള ടോക്കൺ നല്കുന്നതിനുള്ള സംവിധാനങ്ങളും, ദർശന വേളയിൽ ആവശ്യമില്ലാത്ത വസ്തുവകകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ക്ലോക്ക് റൂമുകൾ, അതിന് പുറത്തായി താമസ സൌകര്യങ്ങൾ, കിടത്തി ചികിത്സിക്കാനുള്ള ആശുപത്രികൾ, സംഭരണ ശാലകൾ, ശൌചലയങ്ങൾ, തുടങ്ങിയ മറ്റ് സംവിധാനങ്ങൾ ഒരുക്കണം.
- ഭഗവാന് സമർപ്പിക്കാനും ക്ഷേത്രത്തിൽ ഉപയോഗിക്കാനുമുള്ള ദ്രവ്യങ്ങൾക്ക് പുറമെ ഇരുമുടിക്കെട്ടിൽ കരുതുന്ന മറ്റ് വസ്തുക്കൾ തിരുമുറ്റത്ത് ഒരുക്കിയ പാത്രങ്ങളിൽ നിക്ഷേപിക്കുന്ന ഇപ്പോഴുള്ള സംവിധാനം പതിനെട്ടാം പടിയ്ക്ക് താഴേയ്ക്ക് മാറ്റി സ്ഥാപിക്കണം.
- രാത്രിയിൽ താമസിച്ച് അടുത്ത ദിവസം പൂജകൾ നടത്തുവാനായി മുൻകൂർ ബുക്കിംഗ് നടത്തി ഇരുമുടിയുമായി കയറുന്നവർക്ക് മാത്രമായിരിക്കണം സന്നിധാനത്ത് രാത്രിയിൽ താമസ സൗകര്യം അനുവദിക്കേണ്ടത്. അതിനുവേണ്ടി മുറികളും ഡോർമീറ്ററി സൌകര്യങ്ങളും ന്യായമായ നിരക്കിൽ നല്കണം.
- ശുദ്ധമായ കുടിവെള്ളം നല്കുന്നതിനും മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുമുള്ള നൂതന പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കണം.
- ഭഗവാന് സമർപ്പിക്കുന്നതിനും പ്രസാദ നിർമ്മാണത്തിനുമായി ഉപയോഗിക്കുന്ന എല്ലാവിധ ദ്രവ്യങ്ങളുടെയും വസ്തുക്കളുടെയും ശാസ്ത്ര വിധിപ്രകാരമുള്ള പരിശുദ്ധി ഉറപ്പുവരുത്തണം.
- നിയമപാലന സംവിധാനത്തിനല്ലാതെ അയ്യപ്പന്മാർക്ക് സേവനങ്ങൾ നല്കാൻ നിയോഗിച്ചിരിക്കുന്ന പൊലീസുകാർക്ക് പകരം യുവാക്കളായ ഭക്തജനങ്ങളെ വേണ്ട പരിശീലനം നല്കി നിയോഗിക്കണം.
- ശബരിമലയുടെ മൊത്തത്തിലുള്ള സുരക്ഷാ ചുമതല കേന്ദ്ര സേനയ്ക്ക് നല്കണം.
- അയ്യപ്പന്മാരെ ചൂഷണം ചെയ്യുന്ന കച്ചവടക്കാരില് നിന്നും രക്ഷിക്കാൻ ശബരിമലയിൽ വിൽക്കപ്പെടുന്ന സാധനങ്ങളുടെ വിലവിവരപ്പട്ടിക പലയിടങ്ങളിലായി പ്രദർശിപ്പിക്കണം.
- ഹോട്ടലുകൾ നിർത്തലാക്കി പകരം സൌജന്യമായി ഭക്ഷണം നാൽകാൻ തയ്യാറുള്ള അയ്യപ്പ ഭക്ത സംഘടനകളെ അന്നദാനം നടത്താൻ അനുവദിക്കണം.
- തന്ത്രിക്കും മേൽശാന്തിക്കും മറ്റ് ശാന്തിമാർക്കും അനുയോജ്യമായ താമസ സൌകര്യം ഒരുക്കണം. ശബരിമലയിൽ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന പൊലീസുകാർക്കും സർക്കാർ ജീവനക്കാർക്കും സൌജന്യ താമസവും, ഭക്ഷണവും, ചികിത്സയും, സ്പെഷ്യൽ അലവൻസും നല്കണം. ദീർഘനാൾ താമസിക്കേണ്ടിവരുന്ന ഔദ്യോഗിക ചുമതലയുള്ളവർക്ക് എല്ലാ സൌകര്യങ്ങളോടും കൂടിയ സൌജന്യ താമസ സൌകര്യവും, താത്കാലികമായി എത്തുന്നവർക്ക് ഡോർമീറ്ററി സൌകര്യവും നല്കണം.
- മകരജ്യോതി ദർശിക്കുന്നതിനായി സന്നിധാനത്ത് ഉണ്ടാകുന്ന വലിയ തിരക്ക് ഒഴിവാക്കാനായി വലിയാനവട്ടം, ഉപ്പുപാറ, ഹിൽടോപ്പ്, പാഞ്ചാലിമേട് എന്നിവടങ്ങളിൽ മകരജ്യോതി ദർശനത്തിനായി കൂടുതൽ സൌകര്യങ്ങൾ ഒരുക്കണം.
പമ്പ മുതൽ സന്നിധാനം വരെ:
പമ്പ ഗണപതി ക്ഷേത്രം മുതൽ മരക്കൂട്ടം വരെയുള്ള ദൂരം പരമ്പരാഗത പാത വഴി 1.8 കിലോമീറ്ററും സ്വാമി അയ്യപ്പൻ റോഡ് വഴി 2.3 കിലോമീറ്ററും ആണ്. മരക്കൂട്ടത്ത് നിന്നും സന്നിധാനത്തേക്ക് ശരംകുത്തി വഴി 1.1 കിലോമീറ്ററും ചന്ദ്രാനന്ദൻ റോഡ് വഴി 1.3 കിലോമീറ്ററും ദൂരവുമാണുള്ളത്. ഈ വഴികളെല്ലാം അയ്യപ്പന്മാർക്ക് വേണ്ട ഒരു സൌകര്യവും ഇല്ലാതെയാണ് ഇന്നും നിലകൊള്ളുന്നത്. പരമ്പരാഗത പാതയിൽ കേന്ദ്ര സർക്കാർ നല്കിയ പണം ഉപയോഗിച്ച് കല്ലുവിരിച്ചത് പല സ്ഥലത്തും ഇളകിപ്പോയത് മൂലം അതുവഴിയുള്ള സഞ്ചാരം കൂടുതൽ ദുരിതപൂർണ്ണമാക്കിയിരിക്കുകയാണ്. പിടിച്ചുകയാറാനും ഇറങ്ങാനും സ്ഥാപിച്ച കൈവരികൾ ഉയരക്കുറവുകാരണം ഉപയോഗിയാശൂന്യമായി അവശേഷിക്കുന്നു. ഇടയ്ക്കിടെ വിശ്രമിക്കാനായി സ്ഥാപിച്ചിരുന്ന ഇരിപ്പിടങ്ങൾ ഇന്ന് നിലവിലില്ല. മല കയറുന്ന അയ്യപ്പന്മാർക്ക് അടിയന്തിര വൈദ്യ സഹായം നൽകാനുള്ള സംവിധാനം കാര്യക്ഷമമായി പ്രവരത്തിക്കുന്നില്ല. ഈ വർഷം ഇതുവരെ അടിയന്തിര വൈദ്യ സഹായം ലഭിക്കാതെ 8 അയ്യപ്പന്മാരാണ് ഇവിടെ മരണമടഞ്ഞത്. പമ്പയ്ക്കും സന്നിധാനത്തിനും ഇടയിൽ അലക്ഷ്യമായി പായുന്ന ട്രാക്ടറുകൾ അതുവഴി സഞ്ചരിക്കുന്ന അയ്യപ്പന്മാർക്ക് ബുദ്ധിമുട്ടും അപകടങ്ങളും ഉണ്ടാക്കുന്നുണ്ട്. സാധനങ്ങൾ കൊണ്ടുപോകുന്നതിന് പകരം സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി റോപ് വേ നിർമ്മിക്കാനുള്ള നടപടികൾ എങ്ങുമെത്താതെ നിൽക്കുന്നു. ഈ പോരായ്മകളെല്ലാം പരിഹരിച്ച് മല കയറുമ്പോഴും ഇറങ്ങുമ്പോഴും ഭക്തജനങ്ങൾക്ക് അപകടങ്ങൾ ഒന്നും സംഭവിക്കാത്ത തരത്തിൽ കൂടുതൽ സൌകര്യങ്ങളോടെ ശാസ്ത്രീയമായി ഈ പാത പുന:ക്രമീകരിക്കണം.
പമ്പ:
ഏതാനും വർഷങ്ങൾ മുമ്പ് വരെ പമ്പയിൽ ചക്കുപാലം പാർക്കിങ് ഗ്രൗണ്ടിലും ഹിൽടോപ്പിലെ മൂന്നു തട്ടുകളായുള്ള പാർക്കിങ്ങിലും ത്രിവേണിയിലും സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു എങ്കിലും ഇപ്പോൾ ഈ സ്ഥലങ്ങളിലൊന്നും ചെറിയ വാഹനങ്ങൾ പോലും പാർക്ക് ചെയ്യാൻ അനുവദിക്കുന്നില്ല. പമ്പയിൽ ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിച്ചാൽ നിലയ്ക്കൽ – പമ്പ പാതയിലെ രണ്ടു തവണ നടത്തുന്ന യാത്ര ഒഴിവാക്കി ഈ പാതയിലെ തിരക്ക് ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും. ചക്കുപാലത്ത് 1600 ഉം ത്രിവേണിയിൽ 1500 ഉം ഹിൽടോപ്പിൽ 1700 ഉം കാറുകളോ മറ്റ് ചെറിയ വാഹനങ്ങളോ പാർക്ക് ചെയ്യാൻ സാധിക്കും. പൊതുവാഹനങ്ങളിൽ എത്തുന്നവർക്ക് അവരുടെ സാധനങ്ങൾ സന്നിധാനത്തേക്ക് കൊണ്ടുപോകുന്നതിന് പകരം പമ്പയിൽ തന്നെ സുരക്ഷിതമായി സൂക്ഷിക്കാൻ ക്ലോക് റൂം ആരംഭിക്കണം. പമ്പാനദിയെ മലിനമാക്കുന്ന ഭക്ഷണ ശാലകളും ശൌചയലയങ്ങളും പൊളിച്ചുമാറ്റണം. പകരം സംവിധാനം അനുയോജ്യമായ മാലിന്യ സംസ്കരണ പ്ലാന്റ് ഉൾപ്പടെ ഹിൽട്ടോപ്പിൽ സ്ഥാപിക്കണം. പമ്പാനദിയിൽ വസ്ത്രം ഉപേക്ഷിക്കുക തുടങ്ങിയ അനാചാരങ്ങൾ കർശനമായി തടയണം. പ്രളയ സാധ്യത മുൻനിർത്തി പമ്പയിൽ നിന്ന് ഗണപതി ക്ഷേത്രമുറ്റത്തേക്ക് 100 അടി പൊക്കവും 36 അടി വീതിയുമുള്ള പാലം നിർമ്മിക്കണം.
നിലയ്ക്കൽ:
അധികരിച്ചുവരുന്ന ഭക്തജന പ്രവാഹവും പമ്പയിലെ സ്ഥല പരിമിതിയും കണക്കാക്കി നിലയ്ക്കൽ എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള ഒരു ബേസ് ക്യാമ്പയായി വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൌകര്യം, ദീർഘദൂര യാത്ര കഴിഞ്ഞെത്തുന്ന ഭക്ത ജനങ്ങൾക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും അത്യാവശ്യ ചികിത്സ ലഭ്യമാക്കാനും, ഇന്റർനെറ്റ് തുടങ്ങിയ ആശയവിനിമയ സംവിധാനങ്ങളും സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി ചിലപ്പോൾ കാത്തിരിക്കുന്നതിനും വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള സൌകര്യവും മറ്റും ലഭ്യമാകുന്ന ഒരു സമ്പൂർണ്ണ ബേസ് ക്യാമ്പ് ആയി നിലയ്ക്കൽ മാറേണ്ടതുണ്ട്.
സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം സന്നിധാനത്ത് വികസനത്തിനായി ലഭിച്ച 12.675 ഹെക്ടർ വനഭൂമിയോടൊപ്പം, നിലയ്ക്കലിൽ ലഭിച്ച 110 ഹെക്ടർ വനഭൂമി ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകർക്ക് ബേസ് ക്യാമ്പ് സൗകര്യം ഏർപ്പെടുത്തുന്നതിനായി ഉദ്ദേശിച്ചായിരുന്നു. എന്നാൽ ഈ സ്ഥലങ്ങളിൽ നിർദ്ദേശാനുസരണാമായുള്ള അടിസ്ഥാന വികസന പ്രവർത്തനങ്ങൾ ഇന്നും പൂർത്തീകരിച്ചിട്ടില്ല.
വിശ്രമിക്കാൻ വൃത്തിയുളള സൌകര്യം പരിമിതമാണ്. പല ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ട ഭൂമിയുടെ പരിമിതി കണക്കിലെടുത്ത് തമാസത്തിനായി ബഹുനില കെട്ടിടങ്ങൾ പണിയണം.
കുടിവെള്ള സംവിധാനം തീർത്തൂം അപര്യാപ്തമാണ്. കുടിവെള്ളം ഇപ്പോൾ ടാങ്കറുകളിലൽ എത്തിക്കുന്ന താത്കാലിക ഏർപ്പാടിന് പകരം സ്ഥിരം സംവിധാനം ഒരുക്കണം. അതിന് പല മാർഗ്ഗങ്ങളുണ്ട്. (1) കുന്നാർ ഡാമിന്റെ അപ്പുറം ചെന്താമര കൊക്കയിൽ ചെക്ക് ഡാം കെട്ടി വെള്ളം ഗ്രാവിറ്റി ഫ്ലോയിൽ നിലക്കലിൽ എത്തിക്കണം (2) കക്കാട്ടാറിൽ നിന്ന് പമ്പു ചെയത് നിലക്കലിൽ എത്തിക്കണം. ഈ രണ്ട് മാർഗ്ഗങ്ങളിൽക്കൂടി ഏകദേശം 4 ദശലക്ഷം ഘനയടി ജലം ലഭിക്കും.
വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലങ്ങളിൽ മഴവെള്ളം കെട്ടി നിൽക്കുന്നതുമൂലം പലപ്പോഴും വാഹനങ്ങൾ ചെളിയിൽ കൂടുങ്ങിപ്പോകാറുണ്ട്. ഈ വർഷവും അതുതന്നെയാണ് സ്ഥിതി. മഴവെള്ളം കെട്ടി നിൽക്കാതെ ഒഴുകിപ്പോകുന്നതിന്നായി കാനകൾ നിർമ്മിക്കണം. മകരവിളക്ക് ദിനം പോലെ കൂടുതൽ തിരക്കുണ്ടാകുന്ന സമയങ്ങളിൽ വലിയ വാഹനങ്ങൾ ളാഹയിൽ പാർക്ക് ചെയ്യണം.
ഗതാഗതം:
പമ്പയിലേക്കുള്ള പ്രധാന പാതയായ മണ്ണാരക്കുളഞ്ഞി – പമ്പ റോഡ് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ നാലുവരിപ്പാതയാക്കുകയും, സ്ഥല പരിമിതിയുള്ള മറ്റ് റോഡുകൾ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് വീതികൂട്ടി സുഗമവും അപകടരഹിതവുമായ ഗതാഗതത്തിന് അനുയോജ്യമാക്കണം.
ശബരിമല യാത്രയ്ക്ക് ഭക്തജനങ്ങളിൽ നിന്നും അമിതമായ തുക ഈടാക്കുന്ന കെ. എസ്. ആർ. ടി. സി. യുടെ തെറ്റായ നടപടി പിൻവലിക്കണം. അപകടകരമായ രീതിയിൽ തീർഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്ന രീതി അവസാനിപ്പിക്കാൻ നിലയ്ക്കലിൽ നിന്നും പമ്പയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് കൂടുതൽ ബസുകൾ ഏർപ്പാടാക്കുകയും അമിതമായി യാത്രാക്കൂലി ഈടാക്കുന്ന നടപടി നിർത്തലാക്കുകയും വേണം.
ശബരിമല ക്ഷേത്രം സന്ദർശിക്കുന്ന തീർത്ഥാടകരുടെ എണ്ണം കേരളത്തിലെ ജനസംഖ്യയേക്കാൾ കൂടുതലാണ്. ശബരിമലയിലെ തീർത്ഥാടക ജനസംഖ്യയുടെ സാന്ദ്രത ലോകത്തിലെ സമാനമായ ആരാധനാലയങ്ങളിൽ എത്തുന്ന സന്ദർശകരേക്കാൾ വളരെ വലുതുമായണ്. ഇതിൽ ബഹുഭൂരിപക്ഷവും കേരളത്തിന് പുറത്തുനിന്നും വരുന്നവരാണ്. ഇവരിൽക്കൂടി കേരള സർക്കാരിന് ലഭിക്കുന്ന നികുതി വരുമാനവും വ്യാപാരികൾക്ക് ലഭിക്കുന്ന വരുമാനവും കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സിന്റെ ഒരു പ്രധാന ഭാഗം തന്നെയാണ്. ഇത് കണക്കിലെടുത്ത് അയ്യപ്പന്മാർക്ക് സഞ്ചരിക്കാൻ നല്ല റോഡുകളും വിശ്രമകേന്ദ്രങ്ങളും ബുദ്ധിമുട്ടില്ലാതെയും സുരക്ഷിതമായും ദർശനം നടത്തുന്നതിനും മറ്റ് അനുബന്ധ സൌകര്യങ്ങളും നൽകേണ്ടത് കേരളത്തിന്റെ കർത്തവ്യമാണ്. മാത്രവുമല്ല, ജാതിമത ഭേദമില്ലാതെ കോടാനുകോടി അയ്യപ്പ ഭക്തന്മാർ ദർശനത്തിനായെത്തുന്ന ഒരു പുണ്യ ക്ഷേത്രമായ ശബരിമല ലോക മാനവികതയുടെ ഒരു പ്രതീകം കൂടിയാണ്. ഇത്തരത്തിൽ ലോക പ്രശസ്തമായ ശബരിമല ക്ഷേത്രത്തിന്റെ യശസ്സും ചൈതന്യവും നാൾക്കുനാൾ അഭിവൃദ്ധിപ്പെടാനും പുണ്യ ദർശനത്തിനായയെത്തുന്ന കോടാനുകോടി ഭക്തജനങ്ങളുടെ മനസ്സിനോ ശരീരത്തിനോ ബുദ്ധിമുട്ട് അനുഭവപ്പെടാതെ ശബരിമലയിലേക്കുള്ള അവരുടെ തീരത്ഥയാത്ര അനുഭവയോഗ്യമാക്കാനും ബൃഹത്തായ ഒരു കർമ്മ പദ്ധതി അസൂത്രണം ചെയ്തു നടപ്പാക്കാൻ ഇനിയും വൈകിക്കൂടാ. തുടക്കത്തിൽ പറഞ്ഞ ഒരു കാര്യം വീണ്ടും പറയുന്നു – ശബരിമല വികസനത്തെ സംബന്ധിച്ച് സമൂഹത്തിൽ ഒരു ചർച്ച തുടങ്ങിവെയ്ക്കുകയും, എത്രയും വേഗം യുക്തമായ ഒരു പദ്ധതി നടപ്പാക്കുകയും ചെയ്യുന്നതിനുവേണ്ടി ചില ആശയങ്ങൾ പങ്കുവെക്കാനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.