ഇന്ന് ശങ്കര ജയന്തി

ഇന്ന് ശ്രീ ശങ്കരാചാര്യരുടെ ജന്മദിനമായ ശങ്കരജയന്തിയാണ്. മഹാരാഷ്ട്രയിലെ പാൽഘറിൽ നിഷ്ടൂരമായി കൊലചെയ്യപ്പെട്ട സന്ന്യാസിമാർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന ദിനം കൂടിയാണ് ഇന്ന്.

ധർമ്മ പ്രചാരകന്മാരായ സന്ന്യാസിമാരുടെ രക്തം വീണ് മുറിവേറ്റ ഭാരതത്തിന്റെ മനസാക്ഷിയെ ഉണർത്താനായി ഇന്ന് സന്ന്യാസി ശ്രേഷ്ഠന്മാരും ഹൈന്ദവ വിശ്വാസികളും ഉപവാസം അനുഷ്ടിക്കും.

കൂടാതെ പതിവിന് വ്യത്യസ്തമായി കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ശങ്കരജയന്തി ദിനമായ ഇന്ന് അഘോഷങ്ങൾ ഒന്നും ഉണ്ടാകില്ല. പകരം നമോരുത്തരും സ്വന്തം വീടുകളിൽ ശ്രീശങ്കരാചാര്യരുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുകയും ആധ്യാത്മിക പ്രചാരണദിനമായി ആചരിക്കുകയും വേണം. 

മഹാകവി ഉള്ളൂർ ശങ്കരാചാര്യരെക്കുറിച്ചു പറഞ്ഞത്:
ശങ്കരാചാര്യരെപ്പോലുള്ള ഒരു സർവതന്ത്രസ്വതന്ത്രന്റെ, പദവാക്യപ്രമാണപാരീണന്റെ, പരമതത്ത്വപ്രവക്താവിന്റെ ജനനിയായിത്തീരുവാനുള്ള യോഗം നമ്മുടെ ജന്മഭൂമിയായ  കേരളത്തിനാണല്ലോ സിദ്ധിച്ചത്; ആ സ്മരണ നമ്മുടെ ഹൃദയത്തെ വികസിപ്പിക്കും ; ശിരസ്സിനെ ഉന്നമിപ്പിക്കും; ശരീരത്തെ കോൾമയിർ കൊള്ളിക്കും; കണ്ണുകളിൽ ആനന്ദബാഷ്പം നിറയ്ക്കും; നമ്മെ അഭിജാതന്മാരും ആത്മവീര്യന്മാരുമാക്കും. ആ മഹാത്മാവിന്റെ കനിഷ്ഠസാഹോദരത്വം ഒന്നുകൊണ്ടുതന്നെ നാം എന്നും എവിടെയും ഏതു പരിതഃസ്ഥിതിയിലും ധന്യന്മാരാണ്.

അഹം ബ്രഹ്മാസ്മി, തത്വമസി

കണ്ണു തുറന്നാൽ കാണുന്നതെല്ലാം ദ്വൈതമാണു് (പഞ്ചദ്വൈതസിദ്ധാന്തം). എന്നാൽ കാണുന്നതിന്റെയെല്ലാം യഥാർഥരൂപം മറ്റൊന്നാണെന്നും, അറിവില്ലായ്മ കൊണ്ടു മനുഷ്യർ യഥാർത്ഥമായതിന്റെ മുകളിൽ അയഥാർത്ഥമായതിനെ (മായ) നിരൂപിച്ചു കാണുകയാണെന്നു ശങ്കരാചാര്യൻ വാദിച്ചു. ആചാര്യൻ ഇപ്രകാരം ഒരു ഉദാഹരണവും നൽകി: “കാട്ടിൽ കിടക്കുന്ന ഒരു കയറിനെ പാമ്പാണെന്നു വിചാരിക്കുന്ന മനുഷ്യൻ അത് ഒരു കയറാണെന്നു തിരിച്ചറിയുന്ന നിമിഷം വരെ പാമ്പിന്റെ എല്ലാ സ്വത്വഗുണങ്ങളും ആ കയറിൽ കാണും. അത് കയറാണെന്ന സത്യം മനസ്സിലാക്കുന്നതുവരെ അവന് കയറിനെയും പാമ്പിനെയും വേർതിരിച്ചു കാണുവാൻ കഴിയുകയില്ല. എന്നാൽ അറിവിന്റെ വെളിച്ചത്തിൽ ഇതൊരു പാമ്പേയല്ല, പേടിക്കേണ്ടാത്തതായ കയറാണല്ലോ എന്നു മനുഷ്യൻ തിരിച്ചറിയുന്നു.” പാമ്പാണെന്നു ധരിച്ചതിലുണ്ടായ ഭയം എന്ന അനുഭവം കാലം, ദേശം എന്നിവയ്ക്കുള്ളിൽ ഒതുങ്ങിനിൽക്കുന്ന ഒന്നാണു്. കാലം, ദേശം എന്ന പരിധികൾക്കെല്ലാം അപ്പുറത്തു ശാശ്വതമായ ഒരു സത്യം, അതു പലരൂപഭാവങ്ങളിൽ പ്രകടമാകുകയാണു് (മായ). ഈ യാഥാർഥ്യത്തെ തിരിച്ചറിയുന്ന അറിവാണു ബ്രഹ്മം (പ്രജ്ഞാനം ബ്രഹ്മ). അപ്പോൾ ആരാണു പാമ്പിനെയും കയറിനേയും കാണുന്നതു്? കണ്ണുകളാണു കാണുന്നതു്, എന്നാൽ കണ്ണു തുറന്നുവച്ചാൽ കാണണമെന്നില്ല, കാഴ്ചയെ സ്വീകരിക്കുവാൻ ബുദ്ധി, മനസ്സ് എന്നിവ സന്നദ്ധമായിരിക്കണം. ആത്മാവു് എന്നതു്, മനസ്സിനും ബുദ്ധിക്കും എല്ലാം സാക്ഷിയായുള്ള ചൈത്യനമാണു്. ഈ ആത്മാവു തന്നെയാണു ബ്രഹ്മം (അയം ആത്മാ ബ്രഹ്മ).

ശങ്കരാചാര്യരുടെ കാലഘട്ടത്തിൽ ഹിന്ദു ദൈവ വിശ്വാസങ്ങൾക്കു ബുദ്ധമതക്കാരുടെയും ജൈനമതക്കാരുടേയും പ്രചാരത്താൽ കോട്ടം തട്ടിയിരുന്നു. ഹൈന്ദവ ദൈവ വിശ്വാസങ്ങൾ പരസ്പരം കലഹിക്കുന്ന വിശ്വാസങ്ങളും മഠങ്ങളുമായി വിഭജിക്കപ്പെട്ടിരുന്നു. മീമാംസ, സാംഖ്യ തത്ത്വശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഒരു പക്ഷമാകട്ടെ നിരീശ്വരവാദികളുമായിരുന്നു.
ഭാരതത്തിലുടനീളം നടത്തിയ യാത്രകളിൽ ശങ്കരൻ പല തർക്കങ്ങളും സംവാദങ്ങളും നടത്തുകയും വേദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വേദങ്ങൾക്കും ഉപനിഷത്തുകൾക്കും വ്യാഖ്യാനങ്ങൾ എഴുതുന്നതിനു പുറമേ തന്റെ ഭാരതയാത്രയിലുടനീളം ശങ്കരൻ, സാംഖ്യ, പൂർവ്വമീമാംസകരോടും, ബുദ്ധഭിക്ഷുക്കളോടും തർക്കത്തിൽ ഏർപ്പെടുകയും, തർക്കത്തിൽ തോല്പിച്ചു അവരെ തന്റെ ശിഷ്യരാക്കുകയും ചെയ്തിരുന്നു. ശങ്കരൻ പരസ്പരം ചേരാതെ വേർതിരിഞ്ഞു നിന്നിരുന്ന ദൈവവിശ്വാസങ്ങളെ ക്രോഡീകരിച്ചു ഷണ്മതാരാധന നടപ്പിലാക്കി. വേദങ്ങളെ വ്യാഖാനിച്ചുകൊണ്ടു അദ്ദേഹം എഴുതിയ കൃതികൾ വേദോപനിഷത്തുകൾക്കു നഷ്ടപ്പെട്ട പ്രൌഢി വീണ്ടെടുക്കുന്നവയായിരുന്നു.
കേവലം മുപ്പത്തി രണ്ടു കൊല്ലത്തെ ജീവിതത്തിനിടയ്ക്കു ശങ്കരൻ വേദങ്ങളെ അവയുടെ ശുദ്ധരൂപത്തിൽ അവതരിപ്പിക്കുകയും പഠിപ്പിക്കുകയും ഭാരതത്തിന്റെ നാലു കോണുകളിലായി മഠങ്ങൾ സ്ഥാപിക്കുകയും ചെയ്തു. സ്മാർത്ത സമ്പ്രദായത്തിലെ ദൈവാരാധനയും, ദശനാമി സമ്പ്രദായത്തിലെ സന്ന്യാസമഠങ്ങളും ഷണ്മതാരാധനയും ശങ്കരൻ ചിട്ടപ്പെടുത്തിയവയാണു്.
ശങ്കരാചാര്യർ, മധ്വാചാര്യർ, രാമാനുജാചാര്യർ‍ എന്നിവരിലൂടെയാണു ഹൈന്ദവ ശാസ്ത്രത്തിന്റെ നവോത്ഥാനമുണ്ടായതു്. വേദ പ്രമാണത്തെ അംഗീകരിക്കുന്ന തത്ത്വശാസ്ത്ര വിഭാഗങ്ങളായ ന്യായ, സാംഖ്യ, വൈശേഷിക,യോഗ, പൂർവ്വമീമാംസാ മുതലായ ദർശനങ്ങളുടെ അപൂർണതയെ വിമർശിച്ചുകൊണ്ടും വേദാന്തദർശനങ്ങളെ വ്യാഖ്യാനിച്ചുമാണു് ഈ മൂവരും എഴുതിയതും ചിന്തിച്ചിരുന്നതും.

മനീഷാപഞ്ചകത്തിന്റെ ആദ്യ ശ്ലോകവും അതിന്റെ സാരവും…

ജാഗ്രത് സ്വപ്ന സുഷുപ്തിഷു സ്ഫുടതരാ യാ സംവിദുജ്ജൃംഭതേ
യാ ബ്രഹ്മാദിപിപീലികാന്തതനുഷു പ്രോതാ ജഗത്‌സാക്ഷിണീ
സൈവാഹം ന ച ദൃശ്യവസ്ത്വിതി ദൃഢപ്രജ്ഞാപി യസ്യാസ്തി ചേത്
ചണ്ഡാലോഽസ്തു സ തു ദ്വിജോഽസ്തു ഗുരുരിത്യേഷാ മനീഷാ മമ

ഉണർന്നിരിക്കുമ്പോഴും സ്വപ്നത്തിലും ഉറക്കത്തിലും മറ്റെന്തിനേക്കാളും വ്യക്തമായി സദാ പ്രകടമായിക്കൊണ്ടിരിക്കുന്നതും ജഗത്തിനെ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ട് ബ്രഹ്മാവു മുതൽ ഉറുമ്പുവരെയുള്ള ശരീരങ്ങളിൽ കോർത്തിണക്കപ്പെട്ടിരിക്കുന്നതുമായ ബോധം തന്നെയാണ് ഞാൻ. ഉണ്ടാവുകയും മറഞ്ഞു പോവുകയും ചെയ്യുന്ന ജഢവസ്തുക്കളൊന്നും ഞാനല്ല. ഇപ്രകാരമുള്ള ഉറച്ച ജ്ഞാനം ഒരാൾക്കുണ്ടെങ്കിൽ, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്.